ആറുവരിപ്പാത ചുങ്കം അടിപ്പാതയിൽ സർവീസ് റോഡ് നിർമാണം തുടങ്ങി

തിരുനാവായ : ദേശീയപാത ആറുവരിപ്പാതയിലെ ചുങ്കം അടിപ്പാതയിൽ പുതിയ സർവീസ് റോഡ് നിർമാണം തുടങ്ങി.

മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ അടിപ്പാതയിലെ കല്ലും മണ്ണും നീക്കൽ കഴിഞ്ഞു. സർവീസ് റോഡിന്റെ ഒരുവശം മെറ്റൽ നിരത്തി നിരപ്പാക്കുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. കുട്ടികളത്താണിയിൽനിന്നും

വെട്ടിച്ചിറയിൽനിന്നും വരുന്ന വാഹനങ്ങൾക്ക് ചുങ്കം അങ്ങാടി വഴി തിരിഞ്ഞുപോകാതെ നേരിട്ട് പോകാൻ ഇതോടെ സൗകര്യമാകും.

വളാഞ്ചേരി, കാടാമ്പുഴ ഭാഗത്തുനിന്ന്‌ വരുന്ന സ്വകാര്യ ബസുകൾ ഇപ്പോൾ ദേശീയപാത വഴിയാണ് സർവീസ് നടത്തുന്നത്. സർവീസ് റോഡ് വരുന്നതോടെ

ചുങ്കത്തെ രണ്ട് യു ടേൺ തിരിഞ്ഞുപോകുന്നത് ഒഴിവാകും. ബസ് ജീവനക്കാരുടെ പരാതികൾക്കും പരിഹാരമാകും. കൂടാതെ

ചുങ്കം, ചെലൂർ പള്ളിപ്പാറ തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്ക് പുതിയ റോഡ്

സൗകര്യമാകും. ആറുവരിപ്പാത വികസനത്തിന്റെ ഭാഗമായി അടിപ്പാതയും അനുബന്ധ റോഡുകളും പൂർത്തിയാകുന്നതോടെ വാഹനയാത്രയും കൂടുതൽ സുഗമമാകും.

ഒരു മാസത്തിനകം സർവീസ് റോഡ് തുറന്നുകൊടുക്കാനാകുന്ന വിധത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. അടിപ്പാത വഴി സർവീസ് റോഡ് ഇല്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സർവീസ് റോഡ് വേണമെന്ന ആവശ്യമുന്നയിച്ച് ദേശീയപാത അതോറിറ്റിയുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നു. അതോറിറ്റി ആവശ്യം അംഗീകരിക്കുകയായിരുന്നു. സർവീസ് റോഡ് തുറന്നുകൊടുക്കുന്നതോടെ നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രശ്‌നത്തിനു പരിഹാരമാകും.