നിലമ്പൂരിൽനിന്ന് ബെംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി. ബസ്

ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു
ബന്ദിപുർ വനപാതയിൽ ബസിന് രാത്രിയാത്രാനിരോധനമില്ല
നിലമ്പൂർ : നിലമ്പൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് ബെംഗളൂരുവിലേക്ക് പുതിയ സൂപ്പർ ഡീലക്സ് സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചു. നിലമ്പൂർ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു.
നിലമ്പൂരിനെ ഒരു അന്തഃസംസ്ഥാന യാത്രാ ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ് ആരംഭിച്ചതെന്നും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവീസുകൾ ക്രമീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എം.എൽ.എ. പറഞ്ഞു. കർണാടകയിലെ ബന്ദിപുർ വനപാതയിലൂടെ രാത്രിയാത്രാ നിരോധനമില്ലാതെ ഈ ബസിനു കടന്നുപോകാൻ അനുവാദമുണ്ട്.
പുതിയ സമയക്രമം
നിലമ്പൂരിൽനിന്ന് രാവിലെ 10-ന് പുറപ്പെട്ട് വഴിക്കടവ്, ഗൂഡല്ലൂർ, മൈസൂരു വഴി വൈകീട്ട് അഞ്ചിന് ബെംഗളൂരുവിൽ എത്തും.
തിരിച്ച് രാത്രി 10-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പുലർച്ചെ അഞ്ചിന് നിലമ്പൂരിൽ എത്തിച്ചേരും. നിലവിൽ രാവിലെ 11-ന് നിലമ്പൂരിൽനിന്ന് പുറപ്പെട്ടിരുന്ന ബെംഗളൂരു ബസ് ഇനിമുതൽ ഉച്ചയ്ക്ക് ഒന്നിനായിരിക്കും പുറപ്പെടുക.
ചടങ്ങിൽ നിലമ്പൂർ ഡിപ്പോ എ.ടി.ഒ. എമേഴ്സൺ അധ്യക്ഷതവഹിച്ചു. കെ.ടി. കുഞ്ഞാൻ, പാലോളി മെഹബൂബ്, അഡ്വ. ഷെറി ജോർജ്, എം.കെ. ബാലകൃഷ്ണൻ, മുംതാസ് ബാബു, ഇ.ടി. ഗംഗാധരൻ, ബിജു നൈനാൻ, വിൻസന്റ് എ. ഗോൺസാഗ, സൂപ്രണ്ട് ആദം സാലി, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ഷാജി എന്നിവർ പങ്കെടുത്തു.