ഇ.എസ്.എ. കരട് വിജ്ഞാപനം; മലയോര സംരക്ഷണസമിതിയുടെ ഹർത്താൽ പൂർണം

നിലമ്പൂർ ടൗണിൽ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായി

നിലമ്പൂർ : പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ മലയോരജനതയെ കുടിയിറക്കുന്നുവെന്നാരോപിച്ച് മലയോര വികസനസമിതി പ്രഖ്യാപിച്ച മലയോര ഹർത്താൽ പൂർണം.

നിലമ്പൂർ നഗരസഭയിലും ചാലിയാർ, ചുങ്കത്തറ, പോത്തുകല്ല്, എടക്കര, മൂത്തേടം, വഴിക്കടവ്, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലുമാണ് ഹർത്താൽ നടന്നത്. നിലമ്പൂർ, എടക്കര, ചുങ്കത്തറ, വഴിക്കടവ്, പോത്തുകല്ല്, മൂത്തേടം, കരുളായി, പൂക്കോട്ടുംപാടം, അകമ്പാടം എന്നീ ടൗണുകളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളെയും വിദ്യാഭാസസ്ഥാപനങ്ങളെയും ഹർത്താൽ ബാധിച്ചു.

പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ, ബാങ്കുകൾ, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവ ഹർത്താലുമായി സഹകരിച്ചു.

പോസ്റ്റ് ഓഫീസുകൾ, കൃഷിഭവനുകൾ എന്നിവ അടഞ്ഞുകിടന്നു. സ്‌കൂൾ ബസുകൾ നിരത്തിലിറങ്ങിയില്ല. കുട്ടികൾ വരാത്തതിനാൽ സ്‌കൂളുകളിൽ പഠനം നടന്നില്ല. ചുങ്കത്തറ മാർത്തോമ്മ കോളേജ്, പാലേമാട് ശ്രീവിവേകാനന്ദ കോളേജ്, മൂത്തേടം ഫാത്തിമ കോളേജ് എന്നിവിടങ്ങളിലും പഠനം മുടങ്ങി. ദീർഘദൂര യാത്രയ്ക്കുള്ള കെ.എസ്.ആർ.ടി.സി. കടത്തിവിട്ടു.

ആശുപത്രി, പാൽ, പത്രം എന്നീ അവശ്യസർവീസിനെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതരസംസ്ഥാനത്തുനിന്നെത്തിയ അയ്യപ്പഭക്തർക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടായില്ല. സ്വകാര്യ ബസുകളും ഓട്ടോ ഉൾപ്പെടെ ടാക്‌സി വാഹനങ്ങളും സർവീസ് മുടക്കി. അതേസമയം ടൗണുകളിലെത്തിയ സ്വകാര്യ വാഹനങ്ങളും ടാക്‌സി വാഹനങ്ങളും തടഞ്ഞ് ഹർത്താലുമായി സഹകരിക്കാൻ സമരക്കാർ ആവശ്യപ്പെടുകയുംചെയ്തു.

നിലമ്പൂരിൽ കടകൾ അടപ്പിച്ചു

നിലമ്പൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ തുറന്നുപ്രവർത്തിച്ച ബാങ്കുകളും സ്വകാര്യ ബാറുകളും ഹോട്ടൽ, പലവ്യഞ്ജന സ്റ്റോർ, പച്ചക്കറിക്കട തുടങ്ങിയ സ്ഥാപനങ്ങളും സമരക്കാർ അടപ്പിച്ചു. പോലീസ് സ്ഥലത്തെത്തി സംഘർഷസാധ്യത ഇല്ലാതാക്കി. ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളെയും സമരക്കാർ തിരിച്ചയച്ചു.

രാവിലെ നിലമ്പൂർ ടൗണിൽ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് സമരാനുകൂലികളും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. നേതാക്കളും പോലീസും ഇടപെട്ട് പ്രശ്‌നം ശാന്തമാക്കി. എടക്കരയിലും ചുങ്കത്തറയിലും വഴിക്കടവിലും പോത്തുകല്ലിലും സമരക്കാർ വിവിധ സ്ഥാപനങ്ങൾ അടപ്പിച്ചു.

എടക്കരയിൽ സർവീസ് നടത്താൻ ശ്രമിച്ച രണ്ട് സ്വകാര്യബസുകൾ ജനങ്ങൾ തടഞ്ഞു.

പൂക്കോട്ടുംപാടത്ത് പൊതുജനങ്ങൾ ഹർത്താലുമായി സഹകരിച്ചു. തുറന്നുപ്രവർത്തിച്ച ബാങ്കും പഞ്ചായത്ത് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും സമരക്കാർ അടപ്പിച്ചു. കരുളായിയിലും ബാങ്ക് അടപ്പിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് അഞ്ചുവരെയായിരുന്നു ഹർത്താൽ.

വൈകുന്നേരത്തോടെ കടകൾ തുറന്നു. വിവിധ സംഘടനകൾ ഹർത്താലിന് പിന്തുന്ന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഹർത്താലിന്റെ ഭാഗമായി നിലമ്പൂർ ടൗണിൽ നടന്ന പ്രകടനത്തിന് കെ. മോഹനൻ, കെ. റഹീം, വി. ശ്രീധരൻ, ദീപക്, ഇ. അരുൺദാസ്, പി.വി. ഇസ്‌മായീൽ തുടങ്ങിയവർ നേതൃത്വംനൽകി.