ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിൽ മുദ്രയണിയാൻ ഭക്തജനത്തിരക്ക്

തിരൂർ : ശബരിമല ഇടത്താവളമായ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിൽ ആയിരത്തോളം ഭക്തർ മുദ്രയണിഞ്ഞു. പുലർച്ചെ അഞ്ചുമുതൽ തുടങ്ങിയ മുദ്രയണിയൽ രാവിലെ 11 വരെ നീണ്ടു. കോതയത്ത് വിജയൻ സ്വാമി, ബാലകൃഷ്ണൻ സ്വാമി, കുഞ്ഞൻ സ്വാമി, വാസുദേവൻ സ്വാമി എന്നിവരാണ് മുദ്രയണിയിച്ചത്. മറ്റു ദേശങ്ങളിൽനിന്നുള്ള ഗുരുസ്വാമിമാരും മുദ്രയണിയിച്ചു.
പുറത്തേക്കെഴുന്നള്ളിപ്പ്, മണൽ തൊഴിലാളികളുടെ ചുറ്റുവിളക്ക്, പാരഡൈസ് ക്ലബ്ബിന്റെ ഭക്തിഗാനമേള എന്നിവയുണ്ടായി. ഭക്തർക്ക് പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. മണ്ഡലക്കാലത്ത് ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ദർശനം നടത്താൻ എത്താറുള്ളത്.
മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും മറ്റു ജില്ലകളിൽനിന്നും ഭക്തർ ഇവിടെയെത്തി ദർശനം നടത്തിയാണ് ശബരിമലയിലേക്ക് പോകുന്നത്. ഇത്തവണ ക്ഷേത്രത്തിൽ കെട്ടുനിറയ്ക്കും വിരിവെക്കാനും പ്രത്യേകം സൗകര്യം ഒരുക്കി.
മണ്ഡലകാലത്തോടനുബന്ധിച്ച് ക്ഷേത്രനട രാവിലെ അഞ്ചിന് തുറക്കും. ഡിസംബർ ആറിന് ചമ്രവട്ടം അയ്യപ്പക്ഷേത്രപരിസരത്ത് അയ്യപ്പൻവിളക്ക് നടക്കും. വട്ടംകുളം വി.വി. ചന്ദ്രൻ സ്വാമിയും സംഘവുമാണ് വിളക്കുപാർട്ടി.
തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നിരവധി ഭക്തരെത്തി. അയ്യപ്പന് നീരാജനം, മുട്ടറുക്കൽ, നെയ്വിളക്ക് എന്നിവ നടത്തി. കോടീരിമന നീലകണ്ഠൻ നമ്പൂതിരി കാർമികത്വം വഹിച്ചു. മുട്ടറുക്കലിന് കോടീരിമന യദുദേവ് നമ്പൂതിരി കാർമികത്വം വഹിച്ചു. 29-ന് അഖണ്ഡനാമയജ്ഞം നടത്തും.
തൃപ്രങ്ങോട്: മഹാശിവക്ഷേത്രത്തിൽ അഖണ്ഡ ശിവനാമജപം രാവിലെ ആറിന് ആരംഭിച്ച് വൈകീട്ട് ദീപാരാധനയോടെ സമാപിച്ചു. പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും ഉണ്ടായി. 20-ന് 1008 നാളികേരം ഉപയോഗിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.