‘ശങ്ക’തീർക്കാനാവില്ല കുറ്റിപ്പുറത്ത്; കംഫർട്ട് സ്റ്റേഷൻ പൂട്ടിയിട്ട് നാലുമാസം

ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കംഫർട്ട് സ്റ്റേഷൻ അടച്ചിട്ട് നാലുമാസം
കുറ്റിപ്പുറം : റെയിൽവേസ്റ്റേഷനുള്ളതിനാൽ കൂടുതൽ ആളുകളെത്തുന്ന ബസ്സ്റ്റാൻഡുള്ള സ്ഥലമാണ് കുറ്റിപ്പുറം. എന്നാൽ, സ്റ്റാൻഡിലെത്തിയാൽ ‘ശങ്ക’തോന്നിയാൽ പെട്ടു.
കാര്യം സാധിക്കാൻ ഹോട്ടലുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ബസ്സ്റ്റാ ൻഡിനോട് ചേർന്ന് കംഫർട്ട് സ്റ്റേഷനുണ്ടെങ്കിലും നാലുമാസത്തോളമായി അടഞ്ഞുകിടക്കുകയാണ്.
പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കംഫർട്ട് സ്റ്റേഷനാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. യാത്രക്കാർ പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞദിവസം ബസ്സ്റ്റാൻഡിലെത്തിയ യാത്രക്കാരിക്ക് വയറിന് അസ്വസ്ഥത അനുഭവപ്പെട്ട് കംഫർട്ട് സ്റ്റേഷൻ അന്വേഷിച്ച് നാട്ടുകാരെ സമീപിച്ചെങ്കിലും അവരെ ഹോട്ടലിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. ഈ സംഭവത്തോടെ കംഫർട്ട് സ്റ്റേഷൻ തുറക്കാൻ നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കി.
പഞ്ചായത്തിന്റെ കീഴിലുള്ള വ്യാപാരസമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിനെയാണ് കംഫർട്ട് സ്റ്റേഷൻ പൂട്ടിക്കിടക്കുന്ന ഘട്ടത്തിൽ ആളുകൾ ആശ്രയിച്ചിരുന്നത്.
എന്നാൽ, പഴക്കംചെന്ന വ്യാപാരസമുച്ചയം പൊളിച്ചുമാറ്റിയതോടെ ആ ആശ്രയവും ഇല്ലാതായി.
യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് താത്കാലികമായെങ്കിലും കംഫർട്ട് സ്റ്റേഷൻ തുറക്കണമെന്ന് പലതവണ പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞതവണ ലേലത്തിൽ എടുത്തവർ ഒഴിഞ്ഞുപോയതോടെയാണ് നാലുമാസമായി കംഫർട്ട് സ്റ്റേഷൻ പൂട്ടിക്കിടക്കുന്നത്.
കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തത് വനിതാ യാത്രക്കാരെയാണ് കൂടുതൽ ബാധിക്കുന്നത്. കുറ്റിപ്പുറം ബസ്സ്റ്റാൻഡിലും റെയിൽവേസ്റ്റേഷനിലുമായി ദിവസവും നിരവധി യാത്രക്കാരാണ് വന്നുപോകുന്നത്.
ബസ്സ്റ്റാൻഡിലെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ശൗചാലയം ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ അടിയന്തരമായി ബദൽ സംവിധാമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.