മൂലേപ്പാടത്ത് കാട്ടാന തെങ്ങുകൾ നശിപ്പിച്ചു

നിലമ്പൂർ : മതിലും വൈദ്യുതിവേലിയും കെട്ടി സംരക്ഷിച്ചിട്ടും കാട്ടാനയിൽനിന്ന് കാർഷികവിളകൾ രക്ഷിക്കാൻ കഴിയുന്നില്ല. ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടത്തുള്ള കൃഷിഭൂമിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളൽ 38 തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. എല്ലാം നല്ല വിളവുനൽകുന്നതും തോട്ടത്തിലെ മികച്ചതുമായ തെങ്ങുകളാണെന്ന് ഉടമ പറഞ്ഞു.

എടവണ്ണ കുണ്ടുതോട് സ്വദേശി കണ്ടാണം പറമ്പിൽ മുരളീധരന്റെ, ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടത്തുള്ള തെങ്ങും റബ്ബറും മറ്റുവിളകളുമുള്ള തോട്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നാശംവിതച്ചത്. തോട്ടത്തിന്റെ മൂന്നുഭാഗത്തും കോൺക്രീറ്റ് മതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്.

ഒരുഭാഗത്ത് വൈദ്യുതവേലിയുമുണ്ട്. തോട്ടത്തിലൂടെ ഒഴുകുന്ന തോടിനു സമീപം മതിലില്ലാത്ത ഭാഗത്തെ സൗരവേലിക്ക് മുകളിലേക്ക് സമീപത്തെ മരംതള്ളിയിട്ട് വേലി തകർത്താണ് മോഴയാന തോട്ടത്തിൽ കയറിയതെന്ന് ഉടമ പറഞ്ഞു. മികച്ച കായ്കൾ തരുന്ന തെങ്ങുകളായതിനാൽ ഓരോ തെങ്ങും നശിപ്പിക്കുമ്പോൾ വലിയ നഷ്ടമാണ് കർഷകനുണ്ടാകുന്നത്. കഴിഞ്ഞദിവസം ഈ പ്രദേശത്തുനിന്ന് കാട്ടാനകളെ തുരത്തിയെന്ന വനം വന്യജീവി വകുപ്പ് ജീവനക്കാരുടെ വാക്കുകേട്ടാണ് രാത്രിയിൽ വന്നുനോക്കാതിരുന്നതെന്ന് തോട്ടത്തിന്റെ നോട്ടക്കാരൻ പറഞ്ഞു. രണ്ടുമാസം മുൻപ് ഈ ആനയാണ് രണ്ടുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. മുൻപ് അരയാട് റബ്ബർ തോട്ടത്തിൽവെച്ച് ഒരു അതിഥിത്തൊഴിലാളിയെ ആക്രമിച്ച് കൊന്നതും ഈ ആനയാണെന്ന് നാട്ടുകാർ പറഞ്ഞു.