പുതുക്കൊള്ളിയിലെ ജലശിവൻ

പാണ്ടിക്കാട് : ശിവന് ഏറെ പ്രിയങ്കരമാണ് ധാര. ഇഷ്ടമൂർത്തിക്ക് ജലധാരയൊരുക്കാൻ പ്രകൃതിയൊരുക്കിയതാവണം പുതുക്കൊള്ളിയിലെ ഈ തീർഥവലയം. സ്വയംഭൂവായ ശിവന്റെ ഇരിപ്പിടം ജലാധിവാസമാക്കി ശ്രീകോവിലിനു ചുറ്റും നിറയെ തീർഥജലമാണ്.
പാണ്ടിക്കാട് ചെമ്പ്രശ്ശേരി അർപ്പിനിക്കുന്നിലെ പുതുക്കൊള്ളി ശിവക്ഷേത്രത്തിന്റെ കാഴ്ചതന്നെ ഭക്തരുടെ ഉള്ളുതണുപ്പിക്കും. മേലെയും താഴെയുമായി രണ്ട് ശിവക്ഷേത്രങ്ങൾ ചേർന്നതാണ് പുതുക്കൊള്ളി. താഴെയാണ് ജലശിവൻ.
കാടും പാടവും തോട്ടങ്ങളും ചേർന്ന മനോഹരമായ പ്രകൃതിക്കുനടുവിൽ നിശ്ശബ്ദസുന്ദരമായ ഒരിടം. വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവിലിൽ സ്വയംഭൂവായ ശിവൻ, മുഖമണ്ഡപത്തിൽ കരിങ്കാളി, തെക്കുപടിഞ്ഞാറേ മൂലയിൽ ഗണപതി, പുറത്ത് അയ്യപ്പൻ എന്നിങ്ങനെയാണ് താഴെ ക്ഷേത്രത്തിലെ ദേവസാന്നിധ്യങ്ങൾ.
ചൈതന്യത്തിന്റെ നീരുറവ
ജലശിവൻ ഇവിടെ സ്വയംഭൂവായതിനുപിന്നിൽ ഒരുകഥയുണ്ട്: വയലിനോടുചേർന്നാണല്ലോ ഈ ക്ഷേത്രം. പണ്ടൊരിക്കൽ ഈ വയലിൽ നിലമുഴുന്നതിനിടെ കലപ്പയുടെ കൊഴു ഒരു കല്ലിൽത്തട്ടുകയും കല്ലിൽനിന്ന് രക്തമുതിരുകയുംചെയ്തു. തുടർന്ന് നടത്തിയ പ്രശ്നവിചാരത്തിൽ ഇവിടെ ശിവചൈതന്യമുള്ളതായി തിരിച്ചറിഞ്ഞു. അതനുസരിച്ച് ക്ഷേത്രം പണിയാരംഭിച്ചപ്പോൾ രക്തംപൊടിഞ്ഞ ശിലയ്ക്കുചുറ്റും നീരുറവ ഉയർന്നുവന്നു. ആ സ്ഥലത്തുതന്നെ പടിഞ്ഞാട്ടുമുഖമായി ശിവന് ശ്രീകോവിൽ നിർമിക്കുകയായിരുന്നു-മരനാട്ടുമന ധർമസ്ഥാപന ട്രസ്റ്റ് ചെയർമാൻ മരനാട്ട് മോഹനൻ നമ്പൂതിരിപ്പാട് ഐതിഹ്യം വിശദീകരിച്ചു.
അല്പം മുകളിലായാണ് മേലേ ശിവക്ഷേത്രം. കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ച ശിവനാണ് മുകളിലുള്ളത്. ഇവിടെയും ഗണപതി ഉപദേവനായുണ്ട്. പഴയ വാസ്തുവിദ്യാശൈലിയുടെ മനോഹാരിതനിറഞ്ഞ നിർമാണശൈലിയാണ് ഈ ക്ഷേത്രത്തിന്റേത്. 15-ഓ 16-ഓ നൂറ്റാണ്ടിൽ പണിതതാവണം ക്ഷേത്രം. പണ്ട് പ്രൗഢമായ നിർമിതികളോടെ തലയുയർത്തിനിന്നിരുന്ന ക്ഷേത്രം പിന്നീട് തകർച്ചനേരിട്ടു. പിന്നീടിത് ഭാഗികമായി പുനരുദ്ധരിച്ചു. താഴെയുള്ള സ്വയംഭൂശിവക്ഷേത്രം മേലേക്ഷേത്രത്തിനും മുൻപ് പണിതതാണ്.
ശിവരാത്രിയാണ് പുതുക്കൊള്ളിയിലെ പ്രധാന ആഘോഷം. ഉമാമഹേശ്വരപൂജ, കൂവളമാല, മൃത്യുഞ്ജയപൂജ, ധാര തുടങ്ങിയവ പ്രധാന വഴിപാടുകൾ.
താന്ത്രികച്ചുമതല മരനാട്ടുമനയ്ക്കാണ്. മേൽശാന്തി രാഹുൽ ഈശ്വർ ദ്വിവേദി.
വഴി ഓർക്കാം
പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ പാണ്ടിക്കാട്ടുനിന്ന് ആറുകിലോമീറ്റർ അകലെ കൊടശ്ശേരി കാക്കാത്തോട് പാലത്തിനുസമീപത്തുനിന്ന് വാണിയമ്പലം ചെമ്പ്രശ്ശേരി റോഡിലേക്കു തിരിഞ്ഞ് ഒന്നരക്കിലോമീറ്റർ.
ദർശനസമയം രാവിലെ ആറുമുതൽ ഒൻപതുവരെ.
ഫോൺ: 9745333171.