ദേശീയപാതയിലെ നടപ്പാലം: സ്ഥലം ഏറ്റെടുക്കാൻ നടപടി തുടങ്ങി

മദിരശ്ശേരിയിലും കൂരടയിലും നടപ്പാലം അനുവദിക്കും
മലപ്പുറം : ദേശീയപാത 66-ൽ മദിരശ്ശേരിയിലും കൂരടയിലും നടപ്പാലം അനുവദിക്കുമെന്ന് ദേശീയപാത അധികൃതർ ഉറപ്പുനൽകി. ദേശീയപാത വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. വിളിച്ചുചേർത്ത യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. അയിങ്കലം, കൊടിമരം, വെന്നിയൂർ എന്നിവിടങ്ങളിലെ സാധ്യത ആരായുമെന്നും എൻ.എച്ച്.എ.ഐ. അധികൃതർ യോഗത്തെ അറിയിച്ചു.
നേരത്തേ നടപ്പാലം അനുവദിച്ച കക്കാട് തങ്ങൾപടി, കോഴിച്ചെന, കഞ്ഞിപ്പുര, പാണ്ടികശാല, ചേട്ടൻമൂടാൽ, ഈശ്വരമംഗലം, തെയ്യങ്ങാട്, ഉറൂബ് നഗർ, പുതുപൊന്നാനി എന്നിവിടങ്ങളിൽ നടപ്പാലത്തിന്റെ നിർമാണപ്രവൃത്തി വേഗം തുടങ്ങണമെന്നും എം.പി. ആവശ്യപ്പെട്ടു. സ്ഥലം ഏറ്റെടുക്കാൻ അനുമതി തേടുന്ന നടപടികൾ തുടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടത്താണിയിലെ മേൽപ്പാലം അടുത്ത ദിവസംതന്നെ സഞ്ചാരയോഗ്യമാകും. ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന മിക്കയിടങ്ങളിലും എം.പി. സന്ദർശിച്ച് വിലയിരുത്തലുകൾ നടത്തി.
കക്കാടിനടുത്ത് പനമ്പുഴ പാലം പ്രദേശത്ത് പാലത്തിനും റോഡിനും വീതി കുറവായതിനെ തുടർന്നുള്ള ഗതാഗതതടസ്സത്തിന് പരിഹാരം കാണുക, കക്കാട് അങ്ങാടിയിൽ കാത്തിരിപ്പുകേന്ദ്രം നിർമിക്കുക, എടരിക്കോട് മമ്മാലിപ്പടി ജങ്ഷനിൽ ഗതാഗതതടസ്സത്തിന് പരിഹാരം കാണുക, എടരിക്കോടിനടുത്ത് ക്ലാരി തോട് പ്രദേശത്ത് സർവീസ് റോഡിന് നീളം കൂട്ടി സഞ്ചാരതടസ്സം പരിഹരിക്കുക, വെട്ടിച്ചിറ ടോൾ ചുങ്കം പരിസരത്ത് കാൽനടയാത്രക്കാർക്ക് നടപ്പാത നിർമിക്കുക, കുറ്റിപ്പുറത്ത് റെയിൽവേ പാലത്തിലെയും പരിസരത്തെയും ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങളും യോഗം എൻ.എച്ച്.എ.ഐ. അധികൃതർക്ക് സമർപ്പിച്ചു.
വെളിയങ്കോട്, പെരുമ്പടപ്പ് പ്രദേശങ്ങളിലെ ആവശ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കക്കാട് അങ്ങാടിയിൽ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുമെന്ന് എൻ.എച്ച്.എ.ഐ. അധികൃതർ ഉറപ്പുനൽകി.
പുത്തനത്താണിക്കും വെട്ടിച്ചിറ ചുങ്കത്തിനുമിടയിൽ സർവീസ് റോഡ് കണക്ഷൻ ഇല്ലാത്തതിനെ തുടർന്ന് രണ്ടിടങ്ങളെയും ബന്ധിപ്പിക്കുന്ന റോഡിനായി ഉന്നയിച്ച ആവശ്യത്തിന് എൻ.എച്ച്.എ.ഐ.യുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ തുടക്കംകുറിച്ച നിർമ്മാണപ്രവൃത്തികൾ ഉദ്യോഗസ്ഥർക്കൊപ്പം എം.പി. സന്ദർശിച്ചു.