ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ജില്ലാ ആശുപത്രിയിലെത്തി

തിരൂർ : ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങൾ പഠിക്കാനും വികസനപ്രവർത്തനങ്ങൾ നടത്തുന്നത് ആലോചിക്കാനുമായി ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ.എസ്. ഷിനു, കുറുക്കോളി മൊയ്തീൻ എം.എൽ.എ., മലപ്പുറം ഡി.എം.ഒ. ഡോ. വി. വിനോദ് എന്നിവർ ജില്ലാ ആശുപത്രിയിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമൊരുക്കാൻ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയും കുറുക്കോളി മൊയ്തീൻ എം.എൽ.എ., മറ്റ് ജനപ്രതിനിധികൾ, ആരോഗ്യവകുപ്പുദ്യോഗസ്ഥർ എന്നിവർ നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ.എസ്. ഷിനു ആശുപത്രിയിലെത്തിയത്. സ്പെഷ്യാലിറ്റി ആശുപത്രിയായി പ്രവർത്തിക്കാൻ ഭൗതികസാഹചര്യമൊരുക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. സ്പെഷ്യാലിറ്റി വിഭാഗത്തിൽ ലഭിച്ചിട്ടുള്ളതും ലഭിക്കാനുള്ളതുമായ സൗകര്യം 24 മണിക്കൂറും രോഗികൾക്ക് ലഭ്യമാക്കുമെന്നും വളവന്നൂർ, വെട്ടം സി.എച്ച്.സി.കളുടെ വികസനവും സർക്കാരിന്റെ മുൻപിലുണ്ടെന്ന് എം.എൽ.എ. പറഞ്ഞു. ഓങ്കോളജി കെട്ടിടം പൂർണമായും സജ്ജമാക്കുമെന്നും ജില്ലാ ആശുപത്രി വികസന മാസ്റ്റർ പ്ലാനിൽ പല പദ്ധതികളും ഉൾപ്പെടുത്തുമെന്നും അഡീഷണൽ ഡയറക്ടർ ഡോ. കെ.എസ്. ഷിനു പറഞ്ഞു.

ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ ഡോക്ടറുടെ നിലവിലെ താത്കാലിക തസ്തിക സ്ഥിരപ്പെടുത്തും. ഒരു അസി. ഡോക്ടറെ കൂടി നിയമിക്കും.

നവീകരിച്ച കാഷ്വാലിറ്റി, പേ വാർഡ് എന്നിവ അടുത്ത മാസം തുറക്കും. ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ്, ആശുപത്രിയിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.