ചെമ്മാട് റോഡിൽ 95 കുഴികൾ

തിരൂരങ്ങാടി : ഒന്നും രണ്ടുമല്ല; കൃത്യമായി പറഞ്ഞാൽ 95 കുഴികൾ...!! തിരക്കേറിയ റോഡിലാണ് കെ.എസ്.ഇ.ബി. അധികൃതർ പൊതുമരാമത്തു റോഡ് വെട്ടിപ്പൊളിച്ച് വലിയ അപകടഭീഷണിയുയർത്തി കുഴികളെടുത്തിരിക്കുന്നത്.
ചെമ്മാട്-പരപ്പനങ്ങാടി റോഡിലും ചെമ്മാട്-മൂന്നിയൂർ പാറക്കടവ് റോഡിലുമാണ് അധികൃതരുടെ അനാസ്ഥയിൽ അഞ്ചുമാസത്തിലേറെയായി അപകടക്കുഴികൾ മൂടാതെ ഇട്ടിരിക്കുന്നത്. ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിക്കാൻ റോഡിൽ കുഴിയെടുത്ത കെ.എസ്.ഇ.ബി. അധികൃതർ കുഴിമൂടാതെ മുങ്ങിയതോടെയാണ് ചെമ്മാട് റോഡിൽ വലിയ അപകടക്കെണികളുണ്ടായിരിക്കുന്നത്.
പരപ്പനങ്ങാടി-ചെമ്മാട് റോഡിൽ ചെമ്മാട്-കോഴിക്കോട് റോഡ് ജങ്ഷൻവരെയും ചെമ്മാട് മുതൽ മൂന്നിയൂർ പാറക്കടവ് വരെയുമാണ് റോഡിന്റെ ഒരുവശത്തായി സാമാന്യം വലിയ കുഴികളെടുത്തിരിക്കുന്നത്.
പാറക്കടവിലെ പുതിയ വ്യാപാരസമുച്ചയത്തിലേക്ക് വൈദ്യുതി സ്ഥാപിക്കുന്നതിന് ഭൂഗർഭ വൈദ്യുതിലൈൻ വലിക്കുന്നതിനായാണ് പരപ്പനങ്ങാടി മുതൽ പാറക്കടവുവരെ റോഡിൽ കുഴികളെടുത്തിരുന്നത്. അൻപതുമീറ്റർ അകലത്തിൽ ഇടവിട്ട് ഇത്തരത്തിൽ കിലോമീറ്ററുകൾ ദൂരംവരെ കുഴികളെടുത്തിട്ടുണ്ട്.
ചിലയിടങ്ങളിൽ നീളത്തിലും ചിലയിടങ്ങളിൽ ചതുരാകൃതിയിലും റോഡ് വെട്ടിപ്പൊളിച്ചാണ് കുഴികളെടുത്തത്. ഇരുചക്രവാഹനങ്ങളടക്കമുള്ളവ നിരവധി തവണ കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രികാലങ്ങളിലും മഴപെയ്ത് വെള്ളം നിറയുമ്പോഴും കുഴികൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ വലിയ അപകടഭീഷണിയാണ് ഇവിടെ റോഡിലുള്ളത്.
അപകടങ്ങൾ പതിവായതോടെ ചിലയിടങ്ങളിൽ നാട്ടുകാർ ഇടപെട്ട് മണ്ണും കല്ലും നിറച്ച് താത്കാലിക പരിഹാരങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. പരിഹാരമാവശ്യപ്പെട്ട് വ്യക്തികളും സംഘടനകളും പലതവണ അധികൃതരെ സമീപിച്ചിരുന്നെങ്കിലും അവഗണിച്ചതായി ആരോപണങ്ങളുണ്ട്. തലപ്പാറ കെ.എസ്.ഇ.ബി.ക്ക് കീഴിലാണ് വൈദ്യുതിലൈൻ വലിക്കുന്ന ജോലികൾ നടന്നിരിക്കുന്നത്.
കണക്ഷൻ ലഭിക്കുന്നതിനായുള്ള പ്രത്യേക ഫീസിനൊപ്പം റോഡ് നന്നാക്കി പൂർവസ്ഥിതിയിലാക്കുന്നതിനുള്ള പണവും ഈടാക്കിയാണ് ഇത്തരത്തിൽ പ്രത്യേക വൈദ്യുതി കണക്ഷൻ നൽകാറുള്ളത്.
വ്യാപാരസമുച്ചയം കഴിഞ്ഞ ജൂണിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും അഞ്ചുമാസം കഴിഞ്ഞിട്ടും റോഡിലെ കുഴികൾ വലിയ അപകടഭീഷണിയുയർത്തി അതേപടിയുണ്ട്.
ഇന്റർനെറ്റ് കേബിളുകൾ സ്ഥാപിക്കുന്നതിനും തിരൂരങ്ങാടി നഗരസഭയിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായും റോഡ് വെട്ടിപ്പൊളിച്ചതും ഇതോടൊന്നിച്ച് ചെമ്മാട് റോഡിലുണ്ട്. കുഴികൾ മൂടി റോഡിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി.യും പൊതുമരാമത്തുവകുപ്പും നടപടികളെടുക്കുന്നില്ലെന്ന വ്യാപക പരാതികളുയർന്നിട്ടുണ്ട്.