ഒന്നരവർഷത്തെ കാത്തിരിപ്പിനൊടുവിൽ ടാറിങ് നാളെ തുടങ്ങും

കൊമ്പൻകല്ല്-കോട്ടോത്തുപടി-പേഴുംതറ റോഡ്

മൂന്നു ദിവസം ഗതാഗതത്തിന് നിരോധനം

എടപ്പറ്റ : നവീകരണം പാതിവഴിയിൽ നിലച്ചതോടെ ഒന്നരവർത്തോളമായി കല്ലും പൊടിയും മൂടിക്കിടന്നിരുന്ന കൊമ്പൻകല്ല്-കോട്ടോത്തുപടി-പേഴുംതറ റോഡിന്റെ ടാറിങ് വ്യാഴാഴ്ച തുടങ്ങും. എടപ്പറ്റ പഞ്ചായത്തിലെ 14, 16 വാർഡുകളിൽ ഉൾപ്പെട്ട ഈ റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിനുവേണ്ടിയാണ് പാടേ പൊളിച്ചുനീക്കിയത്.

ഓവുപാലത്തിന്റെയും അഴുക്കുചാലിന്റെയുമെല്ലാം പണി പൂർത്തിയായെങ്കിലും ഒന്നരവർഷത്തോളമായി പണി മുടങ്ങിക്കിടക്കുയായിരുന്നു.

ജൽജീവൻ പദ്ധതിയുടെ പൈപ്പിടൽ, ടാറിന്റെ ക്ഷാമം എന്നിവ കാരണമാണ് പണി മുടങ്ങിയത്. റോഡിലാകെ മെറ്റലും പൊടിയും പരന്നതിനാൽ യാത്രക്കാരും നാട്ടുകാരുമെല്ലാം ദുരിത്തിലായിരുന്നു.

വാഹനങ്ങൾ പോകുമ്പോൾ പൊടി അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങുന്ന അവസ്ഥയായിരുന്നു. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി നാട്ടുകാർ പരാതി പറഞ്ഞിരുന്നു.

പ്രശ്‌നപരിഹാരത്തിനായി പഞ്ചായത്ത് പ്രസിഡന്റ് ചാലിൽ മുഹമ്മദ് ബാബുവിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുകയും റോഡിൽ വെള്ളമൊഴിച്ച് പൊടിശല്യം പരിഹരിക്കാനും നവംബറോടെ റോഡിന്റെ പണി പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പണി തുടങ്ങുന്നത്.

ബി.എം. ആൻഡ് ബി.സി. ടാറിങ്ങാണ് നടത്തുക. ഇതിനു മുന്നോടിയുള്ള എമെൽഷൻ അടിക്കുന്ന പ്രവൃത്തി വ്യാഴാഴ്ച രാവിലെ തുടങ്ങും.

പണി നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് റോഡ് പൂർണമായി അടച്ചിട്ട് ഗതാഗതം നിരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഒന്നരവർഷത്തോളമായി റോഡിന്റെ പണി മുടങ്ങിക്കിടക്കുന്നതിനെക്കുറിച്ചും പൊടിശല്യം കാരണം യാത്രക്കാരും നാട്ടുകാരും അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു.