മെഡിക്കൽ കോളേജിലെ കെട്ടിടനിർമാണത്തിന് തടസ്സമായിരുന്ന മണ്ണ് നീക്കിത്തുടങ്ങി

23 കോടിയുടെ പദ്ധതി
തീവ്രപരിചരണവിഭാഗം ഉടൻ സജ്ജമാകും
മഞ്ചേരി : മെഡിക്കൽ കോളേജിലെ പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് (തീവ്രപരിചരണവിഭാഗം) നിർമാണം പൂർത്തിയാക്കുന്നതിന് തടസ്സമായിരുന്ന മണ്ണ് ഒടുവിൽ നീക്കിത്തുടങ്ങി.
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുള്ള ഏകദേശം 4000 ക്യുബിക് മീറ്റർ മണ്ണാണ് കഴിഞ്ഞദിവസം നീക്കംചെയ്യാൻ തുടങ്ങിയത്. ഇത്രയും മണ്ണ് എവിടേക്ക് നീക്കുമെന്ന കാര്യത്തിൽ നിലനിന്ന അനിശ്ചിതത്വം കാരണം കഴിഞ്ഞ ആറുമാസത്തോളമായി കെട്ടിടത്തിന്റെ നിർമാണപ്രവൃത്തികൾ മുടങ്ങിക്കിടക്കുകയായിരുന്നു.
ഒടുവിൽ വിഷയത്തിൽ ആവശ്യമായ തീരുമാനമെടുക്കാൻ മഞ്ചേരി ഭൂപരിഷ്കരണവിഭാഗം സ്പെഷ്യൽ തഹസിൽദാർ എം. മുകുന്ദനെ നോഡൽ ഓഫീസറായി നിയമിച്ചു. തുടർന്നുനടന്ന യോഗത്തിൽ മണ്ണ് നിബസനകൾക്ക് വിധേയമായി പുല്ലഞ്ചേരിയിലെ പുറമ്പോക്ക് ഭൂമിയിലേക്ക് നീക്കാൻ തീരുമാനിക്കുകയായിരുന്നു.
പുറമ്പോക്ക് ഭൂമിയിൽ സംഭരിക്കുന്ന മണ്ണ് മറ്റു പ്രവൃത്തികൾക്ക് അനുമതിയോടെ ഉപയോഗപ്പെടുത്താനാകും. കെട്ടിടനിർമാണം അവസാനഘട്ടത്തിലേക്ക് കടന്നിരുന്നെങ്കിലും സമീപത്തുള്ള മണ്ണ് നീക്കംചെയ്യാൻ റവന്യൂ, ജിയോളജി വകുപ്പുകൾ അനുമതി നൽകാതിരുന്നതാണ് പ്രശ്നമായത്. മണ്ണ് കെട്ടിക്കിടന്നതുമൂലം കെട്ടിടത്തിന്റെ മുറ്റം, പാർക്കിങ് സൗകര്യം, കക്കൂസ് ടാങ്ക് എന്നിവയുടെ നിർമാണം തടസ്സപ്പെട്ടിരുന്നു. ഒരേസമയം പത്ത് ടോറസ് ലോറികൾ ഉപയോഗിച്ചാണ് മണ്ണ് മാറ്റുന്നത്. ഈ പ്രവൃത്തി പൂർത്തിയാകുന്നതോടെ ആശുപത്രിയുടെ അത്യാഹിതവിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റാൻ സാധിക്കും.
23 കോടിയുടെ പദ്ധതി
ദേശീയ ആരോഗ്യദൗത്യത്തിനു കീഴിൽ പി.എം. ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ മുഖേനയാണ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗം നിർമിക്കുന്നത്. ആശുപത്രിയോട് ചേർന്നുള്ള പഴയ പി.ഡബ്ല്യു.ഡി. വിശ്രമകേന്ദ്രം പൊളിച്ചുനീക്കി, 64 സെന്റ് ഭൂമിയിലാണ് കെട്ടിടം ഉയർന്നത്. 23 കോടി രൂപ ചെലവിൽ 45,000 ചതുരശ്രയടി വിസ്തീർണത്തിൽ നാലുനില കെട്ടിടമാണ് പണിതത്. മൈനർ-മേജർ ഓപ്പറേഷൻ തിയറ്ററുകൾ, ഐ.സി.യു., ഹൈ ഡിപെൻഡൻസി ബെഡുകൾ, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, ലബോറട്ടറി തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ഇവിടെ സജ്ജീകരിക്കും.
നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളവരെ ചികിത്സിക്കാൻ സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗം പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യേണ്ടിവരാറുണ്ട്. പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് പൂർണ സജ്ജമാകുന്നതോടെ അടിയന്തര ചികിത്സവേണ്ട ഗുരുതരരോഗിക്ക് വലിയ ആശ്വാസമാകും.