ഓർമ്മപ്പെരുന്നാളും ഉപവി നീതി വർഷ ഉദ്ഘാടനവും

നിലമ്പൂർ : ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ ഓർമ്മപ്പെരുന്നാളും ഉപവി നീതി വർഷ ഉദ്ഘാടനവും എരുമമുണ്ട സെയ്ൻറ്‌ മേരീസ് പള്ളിയിൽ നടന്നു. ബത്തേരി ഭദ്രാസന മലങ്കര കാത്തലിക് അസോസിയേഷൻ (എം.സി.എ.), എടക്കര മേഖലാ എം.സി.എ., എരുമമുണ്ട സെയ്ൻറ്‌ മേരീസ് മലങ്കര പള്ളി എന്നിവ ചേർന്നാണ് പരിപാടി നടത്തുന്നത്.

രാവിലെ ഒൻപതിന് എടക്കര മേഖലാ പ്രസിഡന്റ് ബ്ലസ്സൻ മേക്കാട്ട് പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും ധൂപപ്രാർത്ഥനയ്ക്കും ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.

അനുസ്മരണ സമ്മേളനം ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. മലങ്കര സഭയുടെ സൂര്യതേജസും സർവമതവിശ്വാസികളെയും ഒരുപോലെ സ്നേഹിച്ച ആചാര്യനുമായിരുന്നു മാർ ഗ്രിഗോറിയോസെന്ന് അദ്ദേഹം അനുസ്മരിച്ചു.

നിലയ്ക്കൽ വിഷയം ഉൾപ്പെടെയുള്ള പ്രശ്നബാധിത പ്രദേശങ്ങളിൽ സമാധാനത്തിന്റെ ദൂതനായി ഓടിയെത്താനും ചാലക്കമ്പോളം കത്തിയെരിഞ്ഞ ഘട്ടത്തിൽ തിരുവനന്തപുരത്ത് എല്ലാ മതനേതാക്കളെയും അണിനിരത്തി ചരിത്രപ്രധാനമായ ശാന്തിയാത്ര നയിക്കാനും അദ്ദേഹത്തിന് സാധിച്ചൂവെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

എം.സി.എ. രൂപതാ വൈസ് പ്രസിഡന്റ് ഷിബി മനയ്ക്കത്തോട്ടം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

രൂപതാ വൈദികോപദേഷ്ടാവ് ഫാ. ജെയിംസ് മലേപറമ്പിൽ ഉപവി നീതി വർഷ പ്രവർത്തന വിശദീകരണം നടത്തി. എപ്പിസ്കോപ്പൽ വികാരിയും പ്രോട്ടോ വികാരിയുമായ ഫാ. തോമസ് കല്ലൂർ ചടങ്ങിൽ സന്ദേശം നൽകി. ബത്തേരി രൂപതാതലമാർ ഈവാനിയോസ് ഉപന്യാസരചനാ മത്സര വിജയികൾക്ക് സമ്മാനം നൽകി. മുൻകാല എം.സി.എ. ഭാരവാഹികളായ സി.പി. തോമസ്, വി.പി. മത്തായി, ഫിലിപ്പ് നൈനാൻ, തോമസ് ജോർജ് എന്നിവരെ ആദരിച്ചു.