പുത്തൻ കാവ്യാനുഭവവുമായി തുഞ്ചൻപറമ്പിൽ 'കാവ്യായനം മലയാളം'

തിരൂർ : വാമൊഴി പാരമ്പര്യത്തിലെ നാടൻപാട്ടുകളിൽനിന്നാരംഭിച്ച് ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ എന്നീ പ്രാചീന കവിത്രയം അസ്ഥിവാരമിട്ട് ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരിലൂടെ വളർന്നുവന്ന മലയാളകവിതയുടെ നാൾവഴി ചൊല്ലി അവതരിപ്പിച്ച ‘കാവ്യായനം മലയാളം’ എന്ന പരിപാടി പുത്തൻ അനുഭവമായി.

ലിഖിതസാഹിത്യത്തിൽ ലഭ്യമായതിൽവെച്ച് ഏറ്റവും പ്രാചീനകൃതിയായ രാമചരിതത്തിലെ വരികൾ ഉൾപ്പെടെ വടക്കൻപാട്ടും കഥകളിപ്പദങ്ങളും വഞ്ചിപ്പാട്ടും തുള്ളൽക്കവിതകളും ഇടയ്ക്കയുടെയും പുല്ലാങ്കുഴലിന്റെയും പശ്ചാത്തലസംഗീതത്തോടെ ചൊല്ലിയാണ് മലയാളം അധ്യാപകകൂട്ടായ്‌മയായ തിരൂർ മലയാളം കാവ്യായനം അവതരിപ്പിച്ചത്. സാമൂഹികജീവിതത്തിൽവന്ന മാറ്റങ്ങൾക്കനുസരിച്ച് കവിതയിൽവന്ന മാറ്റങ്ങളും ഉദാഹരണസഹിതം എടുത്തുകാണിക്കുന്നതായി പരിപാടി. അക്ഷരശ്ലോകസദസ്സും കവിസമ്മേളനങ്ങളും നടക്കാറുള്ള തുഞ്ചൻപറമ്പിൽ കവിതയുടെ ജന്മവൃത്താന്തം ചൊല്ലി അവതരിപ്പിച്ച കാവ്യായനം പ്രേക്ഷകരുടെ ശ്രദ്ധയും നേടി. ചന്ദ്രൻ മരുതേരി, കെ.പി. ഹഫ്സത്ത്, രശ്‌മി, വിഷ്ണുപ്രിയ, കദീജ തൃക്കാവ് എന്നിവർ കവിതകൾചൊല്ലി. ടി.ടി. വാസുദേവനാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കി അവതരിപ്പിച്ചത്.