ശുചിത്വാരോഗ്യ കാംപെയ്ൻ തുടങ്ങി

എടവണ്ണ : ജില്ലാ ആരോഗ്യവകുപ്പിന്റെ ക്ലീൻഷോട്ട് പദ്ധതിയുടെ ഭാഗമായി എടവണ്ണ ബ്ലോക്കിൽ തീവ്രയജ്ഞ പ്രതിരോധ കാംപെയ്ൻ തുടങ്ങി. ഭക്ഷ്യജന്യരോഗങ്ങളും മറ്റു പകർച്ചവ്യാധികളും തടയുന്നതിനും ഭക്ഷണശാലകളിൽ ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിനുമാണ് കാംപെയ്ൻ. ശുചിത്വമുള്ള ഭക്ഷണശാലകൾ, രോഗമുക്തമായ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശം എന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ആയിശ നിർവഹിച്ചു. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സഫീറ സലാം അധ്യക്ഷയായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.എൻ. അനൂപ്, ഹെൽത്ത് സൂപ്പർവൈസർ ഹാരിസ് പറച്ചിക്കോടൻ, ജിഷ പടിയൻ, ആബിദ് ഹുസൈൻ, കെ. സബിത, ധന്യ, ആർ.എം.ഒ. ഡോ. അമീൻ, ഹെൽത്ത് ഇൻസ്പെക്ടർ ജാൻസി ജോൺ, പി.ആർ.ഒ. അബ്ദുൽ അസീസ്, ജെ.എച്ച്.ഐ. സജി എന്നിവർ പ്രസംഗിച്ചു.
ഭക്ഷണശാലകളിൽ പ്രത്യേക പരിശോധനകളും ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തലും തുടരുന്നതായി അധികൃതർ പറഞ്ഞു. ആവശ്യമായ തിരുത്തൽ നിർദേശങ്ങൾ നൽകിവരുന്നു. ഉടമകൾക്കും ജീവനക്കാർക്കും ബോധവത്കരണം നൽകൽ, പൊതുജനങ്ങളിൽ സുരക്ഷിത ഭക്ഷണശീലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഊർജിതമാക്കി.
അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് അധ്യക്ഷരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധന തുടരുമെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ എം. സുരേഷ്, ഹെൽത്ത് സൂപ്പർവൈസർ ഹാരിസ് പറച്ചിക്കോടൻ എന്നിവർ പറഞ്ഞു. നാലുദിവസമായി തുടരുന്ന പരിശോധനയിൽ മൂന്നു സ്ഥാപനങ്ങൾ പൂട്ടുന്നതിന് നിർദേശം നൽകി. 22 സ്ഥാപനങ്ങൾക്ക് നിയമപരമായ മുന്നറിയിപ്പ് നോട്ടീസ് നൽകി. അഞ്ചു സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.