എഴുത്തുകാരിയുടെ 'ഒസ്യത്ത്' യാഥാര്‍ഥ്യമായി; പി. വത്സലയുടെ 3000 പുസ്തകങ്ങള്‍ വായനശാലകള്‍ക്ക് കൈമാറി

പി. വത്സല | ഫോട്ടോ: മാതൃഭൂമി
പി. വത്സല | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: എഴുത്തച്ഛന്‍ പുരസ്‌കാരജേതാവും കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റുമായിരുന്ന പി. വത്സലയുടെ ഒസ്യത്തുപ്രകാരം എഴുത്തുകാരിയുടെ പുസ്തകശേഖരത്തില്‍ നിന്നും 3000 പുസ്തകങ്ങള്‍ മൂന്ന് വായനശാലകൾക്ക് കൈമാറി.

എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനടുത്തെ എ.ആര്‍. ക്യാമ്പ് റോഡിലെ പി. വത്സലയുടെ വീടായ 'അരുണ്‍നിവാസി'ല്‍വെച്ച് ഭര്‍ത്താവ് എം. അപ്പുക്കുട്ടി മാസ്റ്ററും മക്കളായ അരുണ്‍ മാറോളി, ഡോ. എം.എ. മിനി എന്നിവരും ചേര്‍ന്ന്, കക്കോടി ഗ്രാമീണ വായനശാല, കാളാണ്ടിത്താഴം ദര്‍ശനം വായനശാല, പാറോപ്പടി സി.സി. മെമ്മോറിയല്‍ വായനശാല എന്നിവയിലേക്കാണ് പുസ്തകങ്ങള്‍ കൈമാറിയത്.

''ഒന്നോര്‍ക്കുക,
നിങ്ങള്‍, എഴുത്തുകാര്‍ മരിക്കുംമുന്‍പ്,
പ്രിയസന്തതികളായ പുസ്തകങ്ങളെ,
ഏതെങ്കിലും അനാഥാലയങ്ങളാകും
വായനശാലകളിലേക്ക് ദാനംചെയ്‌തേക്കുക.
അല്ലെങ്കില്‍, നിങ്ങളുടെ ഓമനകള്‍
മരിക്കുംമുന്‍പ്, അവര്‍ അനാഥരാകും
പടിയടച്ചു പുറത്താക്കപ്പെടും...''

സാഹിത്യകാരി പി. വത്സലയുടെ വീടായ 'അരുണ്‍നിവാസി'ല്‍വെച്ച് പുസ്തകങ്ങള്‍ ഭര്‍ത്താവ് എം. അപ്പുക്കുട്ടി മാസ്റ്റര്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് കൈമാറുന്നു.

പി. വത്സലയുടെ അപ്രകാശിത കവിതയിലെ വരികളാണിത്. 'ഒസ്യത്ത്' എന്നപേരില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പേ എഴുതിയ വരികള്‍. അതില്‍ പറഞ്ഞ കാര്യം യാഥാര്‍ഥ്യമാക്കാന്‍ കുടുംബം ഒരുമിച്ച് നില്‍ക്കുകയായിരുന്നു. 

കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി സെക്രട്ടറി ടി.കെ. സുനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി പി. ജസീലുദ്ദീന്‍, കമ്മിറ്റി അംഗം പി. ദീപേഷ് കുമാര്‍, പാറോപ്പടി സി.സി. സ്മാരക ലൈബ്രറി സെക്രട്ടറി എം.ടി. ശിവരാജന്‍, കമ്മിറ്റി അംഗം കെ.സി. വിനീത് കുമാര്‍, കക്കോടി ഗ്രാമീണ വാനശാലയിലെ ഇ. വാസുദേവന്‍, എം. സുധാകരന്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ പുതുക്കുടിയും സംബന്ധിച്ചു.

Content Highlights: Writer P. Valsala's family donated her books to libraries in Kozhikode