'ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ പരസ്യമായ അപമാനം എന്നത്‌ നോക്കിനില്‍ക്കാനാവില്ല'- സി.എസ്. ചന്ദ്രിക

സി.എസ് ചന്ദ്രിക
സി.എസ് ചന്ദ്രിക

സിവിക് ചന്ദ്രനില്‍നിന്നു ലൈംഗികാതിക്രമം നേരിട്ട സാഹിത്യകാരിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ എഴുത്തുകാരി സി.എസ്. ചന്ദ്രിക പ്രതികരിക്കുന്നു.

സിവിക് ചന്ദ്രന്‍ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയിട്ടുണ്ട്. പരാതി കൊടുത്ത സാഹിത്യകാരിയല്ലാതെ വെറെയും പെണ്‍കുട്ടികള്‍ അതിക്രമത്തിന് ഇരയായിട്ടുണ്ട്. അവരില്‍ ഒരു പെണ്‍കുട്ടിയോട് ഞാന്‍ നേരിട്ട് സംസാരിച്ചതും വിവരങ്ങള്‍ അറിഞ്ഞതുമാണ്. കേരളത്തിലെ സാംസ്‌കാരികമുഖങ്ങളിലൊന്നായ, കവിയായ, പ്രായമായ ഒരാളാണ്. അനുവാദം കൂടാതെ ശരീരത്തില്‍ കടന്നുപിടിക്കുന്നത് അനുവദിച്ചുകൊടുക്കാന്‍ സാധിക്കില്ല. ലൈംഗികാസക്തിയോടെ മുറുക്കിപ്പിടിക്കുന്നതും ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതും ബലാത്സംഗ കുറ്റകൃത്യത്തില്‍ പെടുന്നതാണ്.  പ്രായമോ സമൂഹത്തിലുള്ള സ്ഥാനമോ അത്തരം സന്ദര്‍ഭങ്ങളില്‍ ഒരിളവും അര്‍ഹിക്കുന്നില്ല. 

സ്ത്രീകളെ ട്രോമയിലേക്ക് തള്ളിവിടുന്ന ഈ അതിക്രമങ്ങളെ തുറന്നുകാട്ടേണ്ടതും നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുമാണ്. മാതൃഭൂമി ഡോട്‌ കോമില്‍ പെണ്‍കുട്ടിയുടെ വിശദമായ വെളിപ്പെടുത്തലുകള്‍ വായിച്ചപ്പോള്‍ തോന്നിയത് എന്തുകൊണ്ടാണ് സിവിക് ചന്ദ്രന്‍ ഇത്ര ദിവസമായിട്ടും അറസ്റ്റ് ചെയ്യപ്പെടാത്തത് എന്നാണ്. എത്രയും വേഗം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണം.

ഇതൊരു വര്‍ക്‌സ്‌പേസ് ഹരാസ്‌മെന്റ് അല്ല. പാഠഭേദത്തിനകത്തെ ഐ.സി.സിയല്ല അന്വേഷണം നടത്തേണ്ടത്. നേരിട്ട് പോലീസില്‍ പരാതി നല്‍കാന്‍ സഹായിക്കുകയായിരുന്നു വേണ്ടത്. പാഠഭേദം നിരുത്തരവാദിത്തം കാണിച്ചു. സിവിക്കിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇതൊരു ക്രമിനില്‍ കുറ്റമാണ്. 

സാഹിത്യലോകത്ത് ഇടം വാഗ്ദാനം ചെയ്ത് ട്രാപ് ചെയ്യുന്നത് ക്ഷമിക്കാവുന്ന കുറ്റമല്ല. ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ പരസ്യമായി ചീത്തവിളിക്കുകയും അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് നോക്കിനില്‍ക്കാനാവില്ല. കുറ്റാരോപിതര്‍ സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും ഉയര്‍ന്നുതന്നെ നില്‍ക്കുകയും അതിജീവിത പ്രിവിലേജുകള്‍ ഒന്നുമില്ലാത്തവളുമാണെന്നതാണ് ഈ കേസിലെ വസ്തുത. കേസെടുത്താലും എളുപ്പത്തില്‍ ജാമ്യം നേടി കുറ്റാരോപിതന്‍ സുരക്ഷിതമാവും. ട്രോമ അനുഭവിക്കുന്നത് എക്കാലവും ആക്രമിക്കപ്പെടുന്ന സ്ത്രീകളാണ്. ഇത്രയും വലിയ ലൈംഗികാതിക്രമങ്ങള്‍ ചെയ്യുന്നവര്‍ മാപ്പ് പറഞ്ഞ് എളുപ്പത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും പ്രതിരോധിക്കേണ്ടതാണ്. അതിജീവിതകളെ കൂടുതല്‍ പ്രതിസന്ധിയിലേക്കും നിസ്സഹായതയിലേക്കുമാണ് അത് തള്ളിവിടുക. 

Content Highlights: C.S Chandrika. Civic Chandran, Sexual Harassment, Dalit Feminist Movement