കിടപ്പ് രോഗികള്‍ക്ക് പുസ്തകം വീട്ടിലെത്തിച്ച് നല്‍കും; ഹോം ലൈബ്രറിയുമായി സലീന്ദ്രന്‍ പാറച്ചാലില്‍

നന്മണ്ട(കോഴിക്കോട്): ഇ-വായനയുടെ കാലത്തും പുസ്തകങ്ങള്‍ ശേഖരിച്ച് ലൈബ്രറിയൊരുക്കുകയാണ് ബാങ്ക് ജീവനക്കാരന്‍. നാഷണല്‍ സ്‌കൂളിനുസമീപത്തെ സലീന്ദ്രന്‍ പാറച്ചാലിലാ(43)ണ് അക്ഷരസ്‌നേഹികള്‍ക്കായി പിതാവിന്റെസ്മരണയില്‍ വീട്ടില്‍ ഹോംലൈബ്രറിയൊരുക്കി വായനക്കാരെ കാത്തിരിക്കുന്നത്. വീട്ടിലെ മുറിയാണ് പുസ്തകങ്ങള്‍ സൂക്ഷിക്കാനായി തിരഞ്ഞെടുത്തത്.
ഗ്രന്ഥകര്‍ത്താക്കളില്‍നിന്ന് ശേഖരിക്കുന്ന പുസ്തകങ്ങള്‍കൂടാതെ സംഭാവനകളായി ലഭിക്കുന്ന പുസ്തകങ്ങളുമുണ്ട്. കഴിഞ്ഞവര്‍ഷംമുതല്‍ ഭാഷാശ്രീയുടെ സഹകരണത്തോടെയാണ് പുസ്തകങ്ങള്‍ ശേഖരിച്ചുവരുന്നത്. രണ്ടായിരത്തിലേറെ പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത് ഓരോപുസ്തകത്തിന്റെ വിവരവും രജിസ്റ്ററില്‍ കൃത്യമായി എഴുതിവെക്കുന്നു. ഈ ഗ്രന്ഥാലയത്തില്‍നിന്ന് പുസ്തകമെടുക്കുന്നവരില്‍നിന്ന് ഫീസീടാക്കുന്നില്ല.
നോവലുകളും ചെറുകഥകളും ഒട്ടേറേയാണ്, അറിവുപകര്‍ന്നുതരുന്ന എണ്ണമറ്റ ലേഖനസമാഹാരങ്ങള്‍, പഠനസഹായികള്‍, മഹാന്മാരുടെ ജീവചരിത്രങ്ങള്‍ എന്നിവയെല്ലാം ശേഖരത്തിലുള്‍പ്പെടുന്നു. ജവാഹര്‍ലാല്‍ നെഹ്‌റു, മഹാത്മാഗാന്ധി, കേ. കേളപ്പന്‍, ഡോ. എ.പി.ജെ. അബ്ദുള്‍കലാം, കെ.ആര്‍. നാരായണന്‍, കെ.പി. കേശവമേനോന്‍ എന്നീ മഹദ്വ്യക്തികളുടെ ജീവചരിത്രങ്ങളും പുസ്തകങ്ങളും അന്വേഷിച്ചെത്തുന്നവരുണ്ടെന്ന് സലീന്ദ്രന്‍ പറഞ്ഞു.
കിടപ്പിലായി, വീടിന്റെ അകത്തളത്തില്‍ കഴിയുന്ന രോഗികള്‍ക്ക് തന്റെ സ്‌കൂട്ടറിലാണ് പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്. ഇത് രോഗികള്‍ക്ക് സാന്ത്വനസ്പര്‍ശമായി മാറുന്നതായി ഇദ്ദേഹം പറയുന്നു. എം.ടി., തകഴി, മാധവിക്കുട്ടി, ടി. പത്മനാഭന്‍, ഉറൂബ്, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, ബെന്യാമിന്‍ എന്നിവരുടെ കൃതികളും ഹോം ലൈബ്രറിയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.
നാഷണല്‍ സ്‌കൂളിലെയും അമ്പലപ്പൊയില്‍ സ്‌കൂളിലെയും കുട്ടികള്‍ മധ്യവേനലവധിക്ക് തന്റെ ലൈബ്രറിയിലെത്തി പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നതായി സലീന്ദ്രന്‍ പറഞ്ഞു. വായനയിലേക്ക് കൈപിടിച്ചുയര്‍ത്തിയതിനുപിന്നില്‍ പ്രദേശത്തെ സാഹിത്യകാരനായ രാഘവന്‍ പുന്നശ്ശേരിയാണെന്ന് സലീന്ദ്രന്‍ പറഞ്ഞു, നന്മണ്ട സഹകരണബാങ്കിലെ ജീവനക്കാരനാണ് സലീന്ദ്രന്‍.
Content Highlights: Saleendran's home library