ആദ്യം അച്ചടിച്ച പുസ്തകം തിരഞ്ഞു, കിട്ടിയില്ല; മൂവർസംഘം ഡിജിറ്റൈസ് ചെയ്തത് 5000-ത്തോളം പുസ്തകങ്ങള്‍

കൊല്ലം: കേരള രേഖകളടങ്ങിയ പുസ്തകങ്ങളെ ഡിജിറ്റൈസ് ചെയ്ത് ഗ്രന്ഥപ്പുരയില്‍ അടുക്കിവെക്കുന്ന മൂവരുടെ ജോലി 4863 പുസ്തകങ്ങളിലെത്തി. പാലക്കാട് കരിമ്പ സ്വദേശി ഷിജു അലക്‌സ്, കോഴിക്കോട് പാറോപ്പടിക്കാരന്‍ കൈലാസ്നാഥ്, കണ്ണൂര്‍ കൂത്തുപറമ്പിലെ ജിസോ ജോസ് എന്നിവരാണ് 459067 പേജുകള്‍ ഇതുവരെ അപ്‌ലോഡ് ചെയ്തത്. അനുദിനം ഇത് കൂടിക്കൊണ്ടിരിക്കുന്നു.
സ്വന്തം ആവശ്യത്തിനൊരു പുസ്തകം തിരഞ്ഞ് കിട്ടാതായപ്പോഴാണ് ഷിജു അലക്‌സിന് ഇങ്ങനെയൊരു ആശയം തോന്നിയത്. 1799-ല്‍ മുംബൈയില്‍ അച്ചടിച്ച റോബര്‍ട്ട് ബര്‍മന്റെ ഗ്രാമര്‍ ഓഫ് ദി മലബാര്‍ ലാംഗ്വേജ് എന്ന പുസ്തകമാണ് ആദ്യം പ്രസിദ്ധീകരിച്ചത്. മലയാളലിപി ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യം അച്ചടിച്ച പുസ്തകമായിരുന്നു അത്. 1772-ല്‍ റോമില്‍ പുറത്തിറക്കിയ ആദ്യമായി മലയാളം അച്ചടിച്ച സംക്ഷേപ വേദാര്‍ഥം അന്വേഷിച്ചു കിട്ടാതായി.
ബെംഗളൂരുവിലെ ധര്‍മാരാം കോളേജ് ലൈബ്രറിയില്‍ ഈ പുസ്തകമുണ്ടെന്നറിഞ്ഞ് അങ്ങോട്ട് പോയി. അത് അപ്‌ലോഡ് ചെയ്തു. കെ.എം. ഗോവി എഴുതിയ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകത്തില്‍, ആദ്യകാലത്തിറങ്ങിയ പുസ്തകങ്ങളുടെ പട്ടികയുണ്ടായിരുന്നു. അത് അന്വേഷിച്ചു കണ്ടെത്തി സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്തു. അതോടെ ഗവേഷകരും അക്ഷരസ്‌നേഹികളും ശ്രദ്ധിക്കാന്‍ തുടങ്ങി.
200 പേജുള്ള പുസ്തകം സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാന്‍ മൂന്നുദിവസം എടുക്കുമായിരുന്നു. സമയവും പണവും പ്രശ്‌നമായപ്പോള്‍ നിര്‍ത്തുകയാണെന്ന് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടു. ഒരുപാടുപേര്‍ നിര്‍ത്തരുതെന്ന് അഭ്യര്‍ഥിച്ചു. ഓളം നിഘണ്ടുവിന്റെ സൂത്രധാരനായ കൈലാസും മാതൃഭാഷാ സ്‌നേഹിയായ ജിസോയും കൈകോര്‍ത്തു. ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്‍ എന്ന നോണ്‍ പ്രോഫിറ്റ് കമ്പനി തുടങ്ങി. ഗ്രന്ഥപ്പുര എന്ന വെബ്സൈറ്റും. ഗ്രന്ഥപ്പുരയില്‍ ഇപ്പോള്‍ കേരളവുമായി ബന്ധപ്പെട്ട് ഏതുഭാഷയില്‍ വന്ന കൃതികളും അടുക്കിവെച്ചുകൊണ്ടിരിക്കുകയാണിവര്‍. പഴയ പത്രങ്ങള്‍ ആനുകാലികങ്ങള്‍, പാട്ടുപുസ്തകങ്ങള്‍, രാജ്യഭരണ റിപ്പോര്‍ട്ടുകള്‍ എന്നിങ്ങനെ അപൂര്‍വ ഇനങ്ങളും കാണാം.
ഇപ്പോള്‍ ബെംഗളൂരു, തിരുവനന്തപുരം, ചെന്നൈ എന്നിങ്ങനെ മൂന്നിടങ്ങളില്‍ ഇരുന്നുകൊണ്ട് ഏഴുപേരാണ് ഡിജിറ്റൈസേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പകര്‍പ്പവകാശകാലം കഴിഞ്ഞതിനുപുറമേ പകര്‍പ്പവകാശം വേണ്ടെന്നുവെച്ച് പുസ്തകങ്ങള്‍ നല്‍കുന്നവരുടെ കൃതികളും അപ്‌ലോഡ് ചെയ്യുന്നു. ആര്‍ക്കും സൗജന്യമായി വായിക്കാം. ഈ മൂന്ന് യുവ ടെക്കികളുടെ ഭാഷാസ്‌നേഹം കൈമുതലാക്കിയുള്ള സൗജന്യസേവനം ഗവേഷകര്‍ക്കും പുസ്തകപ്രേമികള്‍ക്കും വരുംതലമുറയ്ക്കും അക്ഷരനിധിയാകുകയാണ്.
Content Highlights: Digitize old books in Granthapura