മദ്യപിച്ച് ബോധമില്ലാതെ കിടന്നിടത്തുനിന്ന്, ജീവിതത്തിലേക്ക് തിരികെയെത്തി; 'വായനയാണ് ലഹരി'

വിനു വേലാശ്വരം
വിനു വേലാശ്വരം

കാഞ്ഞങ്ങാട്: 'ജീവിതത്തിന്റെ മഹത്വങ്ങള്‍ ഉപേക്ഷിച്ച് സ്വയം നശിക്കാന്‍ അയാളെ പ്രേരിപ്പിച്ചത് മനസ്സാക്ഷിയായ ആന്തരീക നീതിന്യായ വ്യവസ്ഥയാകുമോ?' 'പാവങ്ങള്‍' എന്ന പുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും ജീവിതത്തിലെ തീക്ഷ്ണമായ ഏടുകളും ആവര്‍ത്തിച്ച് വായിച്ച് കുറേദിവസം ആസ്പത്രിക്കിടക്കയിലും വീട്ടിലെ അകത്തളത്തിലും അയാള്‍ കഴിച്ചുകൂട്ടി. 

ഓരോ ദിവസവും ഓരോ പുസ്തകം. മദ്യപിച്ച് ബോധമില്ലാതെ കിടന്നിടത്തുനിന്ന്, മരിക്കാന്‍ തീരുമാനിച്ചിടത്തുനിന്ന്, അയാളില്‍ പതുക്കെ പുതു പ്രതീക്ഷകളുടെ നാമ്പിട്ടു. കുറേയറെ വായിച്ചപ്പോള്‍, അനുഭവിച്ചതും അറിഞ്ഞതും കണ്ടതുമെല്ലാം കുറിച്ചിട്ടു. അതൊരു കാവ്യസമാഹാരമായി. കാല്‍നൂറ്റാണ്ടോളം മദ്യലഹരിയില്‍ കഴിഞ്ഞ കാഞ്ഞങ്ങാട് വേലാശ്വരത്തെ വിനുവിന്റെ ജീവിതകഥയാണിത്.

'പുസ്തകങ്ങള്‍ക്കിടയിലേക്കു പോകൂ. മദ്യത്തിനോ മയക്കുമരുന്നിനോ നല്‍കാനാകാത്ത ലഹരി ആ പുസ്തകങ്ങള്‍ തരും'- വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരോട് പുസ്തകത്തിന്റെ പ്രാധാന്യത്തെ തന്റെ ജീവിതാനുഭവംകൂടി ചേര്‍ത്തുപറയുന്ന വിനുവിന്റെ വാക്കുകള്‍ നാട് ശ്രദ്ധിച്ചുതുടങ്ങി. ലഹരിക്കെതിരേയുള്ള ബോധവത്കരണത്തില്‍ പോലീസും എക്സൈസും പൊതുസമൂഹമൊട്ടാകെയും വിനുവിനെ കൂടെ കൂട്ടുന്നു. ഓരോ ബോധവത്കരണത്തിലും ഈ 46-കാരന്‍ പറയുന്നു, മദ്യം കാര്‍ന്നെടുത്ത തന്റെ 25 വര്‍ഷത്തെ.

പത്താംക്ലാസില്‍ തോറ്റപ്പോള്‍ കൂലിപ്പണിയിലേക്കിറങ്ങിയ കാലം. എല്ലുമുറിയെ പണിയെടുത്തിരുന്ന ആ കാലത്ത്, എപ്പോഴാണ് മദ്യത്തിലേക്കു വഴുതിവീണതെന്നറിയില്ല. പൂര്‍ണ മദ്യപാനിയാകാന്‍ അധികകാലം വേണ്ടിവന്നില്ല. നാട്ടിലെ കള്ളുകുടിയന്‍ എന്ന വിളിപ്പേര്. ഓരോ ദിവസവും ബോധമറ്റുകിടന്നത് റോഡരികിലും കടവരാന്തയിലുമൊക്കെ. നാടിനും വീടിനും വേണ്ടാത്തവനായി മാറി. മൂന്നുവര്‍ഷം മുന്‍പ് ഒരുദിവസം മദ്യപിച്ച് വീണുകിടന്നിടത്തു നിന്ന് എഴുന്നേറ്റില്ല. ബോധം പൂര്‍ണമായും നഷ്ടമായിരിക്കുന്നു.

ആരൊക്കെയോ ആസ്പത്രിയിലെത്തിച്ചു. ബോധം വന്നപ്പോള്‍, ഇനിയെന്ത് ജീവിതമെന്ന് പറഞ്ഞ് ഫെയ്സ്ബുക്കില്‍, മരണത്തെക്കുറിച്ചൊരു കുറിപ്പിട്ടു. ഈ പോസ്റ്റ് കാഞ്ഞങ്ങാട് നന്മമരം എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ ഹരി നോര്‍ത്ത് കോട്ടച്ചേരിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു.

നന്മമരം പ്രവര്‍ത്തകര്‍ ആസ്പത്രിയിലെത്തി വിനുവിനെ കണ്ടു. കവയിത്രി സി.പി. ശുഭയും സലാം കേരളയും വിനോദുമുള്‍പ്പെടെയുള്ള നന്മമരം പ്രവര്‍ത്തകര്‍ വിനുവിന് പുസ്തകങ്ങള്‍ നല്‍കി. കൈയില്‍ കിട്ടിയ കുറച്ച് പുസ്തകങ്ങള്‍ വിനു വായിച്ചു. പിന്നീട് കുറേയെറെ പുസ്തകങ്ങള്‍ കൈയിലെത്തി. ഓരോ ദിവസവും ഓരോ പ്രതീക്ഷ ജനിച്ചു. വിനു ജീവിതത്തിലേക്ക് തിരിച്ചെത്തി. ഒടുവില്‍ കവിതയെഴുതിത്തുടങ്ങി.

40 എണ്ണമായപ്പോള്‍ 'വെയില്‍രൂപങ്ങള്‍' എന്ന പേരില്‍ പുസ്തകമാക്കി. ഈ പുസ്തകവുമായി നഗരത്തിലും ഗ്രാമങ്ങളിലുമെല്ലാമെത്തി വിനു, വായനയുടെ ലോകത്തേക്ക് ആളുകളെ കൈപിടിച്ചെത്തിക്കുന്നു.

Content Highlights: From Alcoholism to Author: Vinu`s Inspiring Story