ഡോ.എം. ലീലാവതിയെ സന്ദർശിച്ച് മുഖ്യമന്ത്രി, 'ഭാരതാലോകം' പ്രകാശനം ചെയ്തു

ഡോ.എം. ലീലാവതിയെ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍
ഡോ.എം. ലീലാവതിയെ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍

കളമശ്ശേരി: ഡോ.എം. ലീലാവതിയെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കളമശ്ശേരി കുസാറ്റിന് സമീപമുള്ള വസതിയിലെത്തിയാണ് മുഖ്യമന്ത്രി ലീലാവതിയെ കണ്ടത്. ഇതോടൊപ്പം മഹാഭാരതത്തെ മുൻനിർത്തി ഡോ. എം. ലീലാവതി രചിച്ച ഭാരതാലോകം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം വി.ഡി. സതീശൻ നിർവഹിക്കുകയും ചെയ്തു.

തൊണ്ണൂറ്റിയെട്ടാം വയസ്സിലും മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും കുറിച്ച്, സ്വന്തം കാഴ്ചപ്പാടിൽ ഇത്തരമൊരു രചന നിർവഹിക്കുക എന്നത് അത്യപൂർവ സിദ്ധിയുള്ളവർക്ക് മാത്രം സാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഹാഭാരതത്തിൽ പറഞ്ഞിട്ടുള്ള ഏറ്റവും വലിയ ദുഃഖകരമായ കാര്യം കൈ ഉയർത്തി ഞാൻ കേഴുന്നു, കേൾക്കാൻ ആരുമില്ല എന്ന വേദവ്യാസന്റെ സങ്കടമാണ്. അത് ഇന്നും നിലനിൽക്കുകയാണ്.

ഒരിക്കലും യുദ്ധവുമായി ബന്ധപ്പെടാത്ത സ്ത്രീകളും കുട്ടികളുമാണ് യുദ്ധം മൂലുള്ള നഷ്ടം ഏറെ അനുഭവിക്കേണ്ടിവരുന്നത്. യുദ്ധം എല്ലാവരെയും എല്ലാത്തിനെയും നശിപ്പിക്കുന്നു എന്നത് വലിയ വൈപരീത്യമാണ്. വേദവ്യാസന്റെ സങ്കടത്തെ ചെറിയൊരു രൂപത്തിൽ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും ലീലാവതി പറഞ്ഞു. മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, ഉമാ തോമസ് എം.എൽ.എ., കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, എൻ.ഇ. സുധീർ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.