സാഹിത്യനഗരം പദവിയിലൂടെ അംഗീകരിക്കപ്പെട്ടത് കോഴിക്കോടിന്റെ ജനത- മേയര്‍

പോർച്ചുഗലിലെ ബ്രാഗായിൽ നടന്ന യുനെസ്കോ സർഗാത്മക സമ്മേളനത്തിൽ സാഹിത്യനഗരമായ കോഴിക്കോടിനെ പ്രതിനിധാനംചെയ്ത് തിരിച്ചെത്തിയ മേയർ ബീനാ ഫിലിപ്പിനെ ടൗൺഹാളിൽ പൗരാവലി നൽകിയ സ്വീകരണച്ചടങ്ങിലേക്ക് ആനയിക്കുന്നു. കെ. പാപ്പൂട്ടി. യു.കെ. കുമാരൻ. സുഭാഷ് ചന്ദ്രൻ. പി.കെ. ഗോപി. എ. പ്രദീപ് കുമാർ. ആർട്ടിസ്റ്റ് മദനൻ, കെ.യു. ബിനി. എം. ഫിറോസ് ഖാൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ്
പോർച്ചുഗലിലെ ബ്രാഗായിൽ നടന്ന യുനെസ്കോ സർഗാത്മക സമ്മേളനത്തിൽ സാഹിത്യനഗരമായ കോഴിക്കോടിനെ പ്രതിനിധാനംചെയ്ത് തിരിച്ചെത്തിയ മേയർ ബീനാ ഫിലിപ്പിനെ ടൗൺഹാളിൽ പൗരാവലി നൽകിയ സ്വീകരണച്ചടങ്ങിലേക്ക് ആനയിക്കുന്നു. കെ. പാപ്പൂട്ടി. യു.കെ. കുമാരൻ. സുഭാഷ് ചന്ദ്രൻ. പി.കെ. ഗോപി. എ. പ്രദീപ് കുമാർ. ആർട്ടിസ്റ്റ് മദനൻ, കെ.യു. ബിനി. എം. ഫിറോസ് ഖാൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ്

കോഴിക്കോട്: സംഗീതവും മഴയും ഒപ്പം ബാന്‍ഡ് മേളവും ശ്രുതി ചേര്‍ത്ത സായാഹ്നത്തില്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പിന് കോഴിക്കോട് പൗരാവലിയുടെ ഹൃദയംനിറഞ്ഞ സ്വീകരണം. പോര്‍ച്ചുഗലിലെ ബ്രാഗായില്‍ നടന്ന യുനെസ്‌കോ സര്‍ഗാത്മക സമ്മേളനത്തില്‍ സാഹിത്യനഗരമായ കോഴിക്കോടിന്റെ മുഖമായി മാറിയ മേയറും കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു. ബിനിയും ഞായറാഴ്ചയാണ് നഗരത്തില്‍ തിരിച്ചെത്തിയത്.

''കോഴിക്കോടിന്റെ ജനതയാണ് സാഹിത്യനഗരം പദവിയിലൂടെ അംഗീകരിക്കപ്പെട്ടത്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ കോഴിക്കോട് ജനിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് ആഗ്രഹം. ഏറെ അഭിമാനവും അതിലേറെ സന്തോഷവുമുണ്ട്'' -മേയര്‍ പറഞ്ഞു.

സംഘാടകസമിതി ചെയര്‍പേഴ്സണ്‍ ഡോ. ഖദീജാ മുംതാസ് അധ്യക്ഷയായി. വാക്കുകള്‍ അപ്രസക്തമാകുന്ന വേദിയാണെന്നും കോഴിക്കോടിന്റെ സാംസ്‌കാരികോന്നതിയുടെ അടയാളമാണ് സാഹിത്യനഗരപദവിയെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

ഉത്തരമേഖലാ ഐ.ജി. കെ. സേതുരാമന്‍, യു.കെ. കുമാരന്‍, പി.കെ. ഗോപി, കെ.പി. രാമനുണ്ണി, പുരുഷന്‍ കടലുണ്ടി, ആര്‍ട്ടിസ്റ്റ് മദനന്‍, വിത്സണ്‍ സാമുവല്‍, യു. ഹേമന്ത് കുമാര്‍, പ്രൊഫ. കെ. ശ്രീധരന്‍, എ. പ്രദീപ് കുമാര്‍, ഫിറോസ് ഖാന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, ഒ. രാജഗോപാല്‍, പ്രൊഫ. കെ. പാപ്പൂട്ടി, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, കെ.സി. ശോഭിത, എ.കെ. അബ്ദുള്‍ ഹക്കീം, തേജ് മെര്‍വിന്‍, ദീദി ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്‌കാരവും സമാധാനവുമാണ് സര്‍ഗാത്മകത

സംസ്‌കാരം, സമാധാനം, സമത്വം, സഹകരണം എന്നീ മൂല്യങ്ങള്‍ക്കാണ് യുനെസ്‌കോ ഊന്നല്‍ നല്‍കുന്നത്. സര്‍ഗാത്മകതയും അതുതന്നെയാണ്. കോഴിക്കോട് ആ പാതയിലാണെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള 200 രാജ്യങ്ങളിലെ പ്രതിനിധികളാണ് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്ക് സമ്മേളനത്തിനെത്തിയത്.

ഇന്ത്യയില്‍ നിന്ന് എട്ട് നഗരങ്ങളുണ്ടെങ്കിലും പങ്കെടുത്ത ഏക മേയര്‍ കോഴിക്കോട്ടുനിന്ന് മാത്രമായിരുന്നു. അവിടെയുള്ള ഗ്രാമങ്ങളില്‍ പോയി. 20 വയസ്സാകുമ്പോഴേക്കും കുട്ടികള്‍ അവരുടെ വഴി തിരഞ്ഞെടുക്കും.

അങ്ങനെ വ്യത്യസ്തമായ സാമൂഹികരീതിയാണ് അവിടെ. കോഴിക്കോടുമായി സാമ്യമുള്ളത് സംഗീതത്തിന്റെ കാര്യത്തില്‍മാത്രമാണ്. എപ്പോഴും അവര്‍ക്ക് പാട്ടും നൃത്തവുമാണ്. ബ്രാഗായിലെ മേയര്‍ നല്ല ജനപ്രതിനിധിയാണ്.

എല്ലായിടത്തും സ്‌നേഹവും സന്തോഷവും വേണമെന്നുമാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. നഗരങ്ങളില്‍ നിന്നാണ് മാറ്റം വരേണ്ടത്. അതിലൂടെ രാജ്യത്തുതന്നെ മാറ്റമുണ്ടാക്കാനാകുമെന്നാണ് അവര്‍ മുന്നോട്ടുവെക്കുന്ന നയം.

മേയർ ബീനാ ഫിലിപ്പിന് കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ ടൗൺഹാളിൽ നൽകിയ സ്വീകരണത്തിൽ മേയർക്ക് ഉപഹാരം കൈമാറുന്ന മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്. കെ. സേതുരാമൻ, കെ.യു. ബിനി, ഖദീജാ മുംതാസ് തുടങ്ങിയവർ സമീപം.

കോഴിക്കോടിനെപ്പറ്റിയുള്ള അഭിമാനത്തോടെയാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഒരു കാര്യത്തില്‍മാത്രമേ സങ്കടം തോന്നിയുള്ളൂ. അവിടെ അരുവിയുള്‍പ്പെടെ ശുദ്ധമായി കാക്കുന്നു. ഇവിടെ നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം മാറി. വെള്ളംപോലും ഗുണമില്ലാതെയായിപ്പോയി. 2030 ആകുമ്പോഴേക്കും എല്ലാ നഗരങ്ങളും അവരുടെ സംസ്‌കാരം വീണ്ടെടുത്ത് സമൃദ്ധിയിലേക്കു പോകണമെന്ന ആശയമാണ് സമ്മേളനം പങ്കുവെച്ചതെന്നും മേയര്‍ പറഞ്ഞു.

പുസ്തകസമ്മാനം

മേയര്‍ക്ക് സമ്മാനമായി നല്‍കിയതെല്ലാം പുസ്തകങ്ങളായിരുന്നു. സംഘാടകസമിതിയുടെ ഉപഹാരം ചെയര്‍പേഴ്സണ്‍ ഡോ. ഖദീജാ മുംതാസ്, ജനറല്‍ കണ്‍വീനര്‍ എ. പ്രദീപ് കുമാര്‍, ട്രഷറര്‍ കെ.ആര്‍. പ്രമോദ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. മാതൃഭൂമിയുടെ പുസ്തകസമ്മാനം ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് നല്‍കി.

വിവിധ സംഘടനകളും വ്യക്തികളുമെല്ലാം പുസ്തകങ്ങള്‍ സമ്മാനിച്ചു. ഈ പുസ്തകങ്ങള്‍ നഗരത്തിലെ ലൈബ്രറികള്‍ക്കാണ് കൈമാറുക.

കോഴിക്കോടിന്റെ ഹലുവയും കട്ടന്‍ചായയും ടൗണ്‍ഹാളിലെത്തിയവര്‍ക്ക് മധുരമായി. ഇദ്രിസ് മാമ്പിയും സലീം ഐവയും നയിച്ച കാലിക്കറ്റ് ഖരാനയുടെ ഗസലും ചടങ്ങിനെ സര്‍ഗാത്മകമാക്കി.

Content Highlights: The city of literature was recognized by the people says mayor of Kozhikode