'അമ്മ എത്രമാത്രം സഹിച്ചു എന്ന് ഞങ്ങൾക്കേ അറിയൂ' - രാഹുൽ ഗാന്ധി

ന്യൂഡൽഹി: അമ്മ എത്രമാത്രം സഹിച്ചു എന്ന് എനിക്കും പ്രിയങ്കയ്ക്കുംമാത്രമേ അറിയൂ. അച്ഛന്റെ (പപ്പ) വേർപാടിനുശേഷം എത്രമാത്രം ബുദ്ധിമുട്ടേറിയതായിരുന്നു അമ്മയുടെ ജീവിതമെന്നും ഞങ്ങൾക്കേ അറിയൂ. സോണിയാഗാന്ധിയുടെ ഓർമ്മപ്പുസ്തകം അടുത്തുതന്നെ പ്രസിദ്ധീകരിക്കപ്പെടാനിരിക്കേ അമ്മയുടെ ജീവിതത്തെയും സഹനത്തെയും കുറിച്ച് പറയുകയാണ് മകൻ രാഹുൽഗാന്ധി.
''അമ്മേ, അമ്മയെയും അച്ഛനെയും അവസാനമായി ഞാൻ ഒരുമിച്ച് കണ്ടിട്ട് 35-ലേറെ വർഷങ്ങളായി. അച്ഛൻ വിടപറഞ്ഞ ആ ദിനത്തിനുശേഷം ജീവിതം മുന്നോട്ടുവെച്ച എല്ലാ പ്രതിസന്ധികളെയും അപാരമായ ധൈര്യത്തോടെയും അന്തസ്സോടെയും അമ്മ നേരിടുന്നത് ഞാൻ കാണുകയാണ്''-എക്സിലെ കുറിപ്പിൽ രാഹുൽഗാന്ധി പറഞ്ഞു.
''അമ്മയുടെ ജീവിതത്തെക്കുറിച്ചുള്ള ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന ഓർമ്മപ്പുസ്തകം അമ്മയെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങൾ വായിക്കാൻ പോകുകയാണ് എന്നതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. അമ്മയെപ്പോലെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിക്ക് മനോഹരമായ ജീവിതകഥ ലോകത്തോട് പറയുന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും. അച്ഛൻ പുഞ്ചിരിക്കുന്നതും അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യ സോണിയയെ അഭിമാനത്തോടെ ഉറ്റുനോക്കുന്നതും എനിക്ക് കാണാം' -മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മവാർഷികദിനത്തിൽ രാഹുൽഗാന്ധി കുറിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഇറ്റലിയിലെ തന്റെ ബാല്യകാലം, ഇന്ത്യയിലേക്കുതന്നെ എത്തിച്ച രാജീവ് ഗാന്ധിയുമായുള്ള പ്രണയം, ജീവിതത്തിൽ സംഭവിച്ച വലിയ നഷ്ടങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള സോണിയയുടെ ഓർമ്മകൾ പുസ്തകത്തിലുണ്ട്. ഓർമ്മപ്പുസ്തകം നവംബർ 10-ന് പുറത്തിറങ്ങും എന്നാണ് പ്രസാധകർ അറിയിച്ചിരിക്കുന്നത്. രാജീവ് ഗാന്ധിയുടെ 82-ാം ജന്മവാർഷിക ദിനത്തിൽ വീർഭൂമിയിലെ രാജീവ് ഗാന്ധിയുടെ സ്മാരകത്തിലെത്തി ഖാർഗെ, രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരടക്കമുള്ള നേതാക്കൾ ആദരാഞ്ജലിയർപ്പിച്ചു.