മസ്കുലാർ ഡിസ്ട്രോഫിയെ തോൽപ്പിച്ച അക്ഷരങ്ങൾ; വായനയെ മരുന്നാക്കി ഷാജി

#ലേഖ നാരായണൻ
ഷാജി
ഷാജി

തലോറ: വീടിന്റെ നാലു ചുമരുകൾക്കപ്പുറത്തൊരു നീലാകാശവും അതിന് താഴെ വലിയൊരു ലോകവുമുണ്ടെന്നുള്ള തിരിച്ചറിവ് നൽകിയത് അതിരുകളില്ലാത്ത വായനയാണെന്ന് പറയും തളിപ്പറമ്പ് തലോറയിലെ ഷാജി. പുസ്തകങ്ങൾ നൽകിയ കരുത്തിൽ ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും തകർത്ത് മുന്നോട്ട് കുതിച്ച സമാനതകളില്ലാത്ത കഥയാണ് ഷാജിയുടേത്.

മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് പത്താം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന് വീട്ടിനകത്ത് ഒതുങ്ങിപ്പോയ അന്നത്തെ പതിനാറുകാരനിൽനിന്ന് എഴുത്തുകാരനിലേക്കും പ്രസാധകനിലേക്കും സഞ്ചാരിയിലേക്കുമുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. അവിടെ മരുന്നായത് മുടങ്ങാതെയുള്ള വായനയും അതിലൂടെ ആർജിച്ചെടുത്ത ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമായിരുന്നു.

കൈയിൽ വന്ന വിറയൽ, 17 വർഷത്തെ ഇരുണ്ട ജീവിതം

10-ാം ക്ലാസ് വരെ സാധാരണരീതിയിലായിരുന്നു ഷാജിയുടെ ജീവിതം. പെട്ടെന്നൊരു ദിവസം കൈയിൽ വന്ന വിറയൽ ജീവിതത്തെത്തന്നെ ഇരുൾ നിറഞ്ഞ മുറിയിലേക്ക് തള്ളിയിട്ടു. കൈയിൽ തുടങ്ങിയ വിറയൽ കാലിലേക്കും വൈകാതെ അരയ്ക്ക് കീഴ്പോട്ടും തളർത്തിയതോടെ പഠനം ഉപേക്ഷിച്ച് വീട്ടിനുള്ളിലൊതുങ്ങേണ്ടി വന്നു. ജീവിതത്തിൽ ഇരുട്ട് കേറിത്തുടങ്ങിയപ്പോഴാണ് വല്ലപ്പോഴുമുണ്ടായിരുന്ന വായനയെ കൂട്ടിനായി തിരികെ വിളിക്കുന്നത്. ഇതോടെ ചെറിയ വെളിച്ചം തന്റെ ജീവിതത്തിലേക്ക് വരുന്നത് ഷാജി തിരിച്ചറിഞ്ഞു. വായന പതിവായി. അത് പതിയെ മനസ്സിൽ തോന്നുന്ന ആശയങ്ങളെ കുത്തിക്കുറിക്കാനും ധൈര്യം പകർന്നു.

വണ്ടിക്ക് മുകളിൽ ചക്രക്കസേരയുമായി യാത്ര

വായനയിലൂടെ പുറംലോകത്തെ പരിചയപ്പെട്ടതോടെ ലോകം കാണണമെന്നായി. അത് അവസാനിച്ചത് ഫ്ലൈ എന്ന കൂട്ടായ്മയിലാണ്. 2009-ൽ ഈ കൂട്ടായ്മയുടെ ഭാഗമായതോടെയാണ് നാലു ചുമരുകൾക്കുള്ളിലെ 17 വർഷത്തെ ജീവിതത്തിന് അറുതിയാകുന്നത്. വണ്ടിക്ക് മുകളിൽ വീൽചെയർ കെട്ടിവച്ച് പോകുമ്പോൾ ആദ്യമൊക്കെ നാട്ടുകാർക്ക് അദ്ഭുതമായിരുന്നു. തലോറയിലെ കുന്നുകളിലേക്ക് തുടങ്ങിയ യാത്ര ഇന്ത്യയൊട്ടുക്ക് നീണ്ടു. തളർന്നുപോയ ശരീരത്തിനും മനസ്സിനും വായനയും എഴുത്തും മരുന്നുകളായപ്പോഴാണ് ലോകത്തോടുതന്നെ സ്നേഹം തോന്നിയതും പുസ്തക രചനയിലേക്കെത്തുന്നതും. ചെറുതായി എഴുതിത്തുടങ്ങി ഇന്ന് സ്വന്തമായി ഒരു പ്രസാധക സംരംഭം വരെയുണ്ട് ഷാജിക്ക്. ഇതൾ ബുക്സ് എന്നപേരിൽ പുസ്തകപ്രസാധന സംരംഭത്തിന്റെതായി ഷാജിയുടെത് ഉൾപ്പെടെ നിരവധി എഴുത്തുകാരുടെ പുസ്തകങ്ങൾ ഇതിനോടകം വായനക്കാരിലെത്തി.

ചക്രക്കസേരയിലെ തന്റെ ഇന്ത്യൻ യാത്രയെ ആസ്പദമാക്കിയ യാത്രാവിവരണം ‘അനുഭവങ്ങൾ ദേശാടനം: ഒരു വീൽചെയർ സഞ്ചാരിയുടെ യാത്രാനുഭവങ്ങൾ’ എന്നപേരിൽ പ്രസിദ്ധീകരിച്ചു. ‘നിലാവിന്റെ സംഗീതം’ എന്നപേരിൽ ഗായിക ശ്രേയാ ഘോഷാലിനെപ്പറ്റി പുസ്തകം രചിച്ചു. കാറ്റ് കേൾക്കാത്തതും തിരമാലകൾ മായ്ച്ചതും, ജിപ്സി എന്നീ കവിതാ സമാഹരങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. എം.എൻ.കാരശ്ശേരി, എം.കെ.ഹരികുമാർ, തിരക്കഥാകൃത്ത് ജോൺപോൾ, ഇന്ദുമേനോൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വി.ആർ.സുധീഷ്, ടി.പി.ശാസ്തമംഗലം, കുരീപ്പുഴ ശ്രീകുമാർ, ഹരിദാസ് കരിവെള്ളൂർ, പി.കെ.ഗോപി, സച്ചിദാനന്ദൻ, ഗായിക വൈക്കം വിജയലക്ഷ്മി തുടങ്ങിയവരുമായി അഭിമുഖങ്ങൾ നടത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. തരംതിരിവുകളില്ലാത്ത വായനയാണ്. എങ്കിലും തത്ത്വചിന്തയും സാമൂഹികവിമർശനങ്ങളുമാണ് കൂടുതൽ താത്പര്യം. ടി.ഡി.രാമകൃഷ്ണന്റെയും വി.ജെ.ജയിംസിന്റെയും എഴുത്തുകൾ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്ലൈ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖമാസികയായ ചിറകിന്റെ എഡിറ്ററായത് പുതിയ വഴിത്തിരിവായി. ഇതൾ എന്ന പേരിൽ ഷാജി എഡിറ്ററായ ഡിജിറ്റൽ മാഗസിനും പുറത്തിറക്കുന്നു. കംപ്യൂട്ടർ ഉപയോഗിക്കാനും മലയാളം ഡി.ടി.പി. ചെയ്യാനും ലേഔട്ട് ചെയ്യാനുമെല്ലാം സ്വയം പഠിച്ചെടുത്തു. വീട്ടിലെ കൊച്ചു ലൈബ്രറിയിൽ ആയിരത്തിലധികം പുസ്തകങ്ങൾ ഇന്നുണ്ട്. അക്ഷരങ്ങൾക്കിടയിലാണ് ഷാജിയുടെ ലോകം. തന്റെ ഉൾക്കാഴ്ചകളെ വരും തലമുറയ്ക്ക് സമർപ്പിക്കുകയാണ് ഈ മനുഷ്യൻ.

Content Highlights: Shaji from Talora, Taliparamba, overcame a 17-year indoor confinement caused by severe muscular dystrophy through intensive reading. He transitioned into a successful writer, traveler, self-taught layout designer, and publisher by launching 'Ithal Books'.