അന്തകവള്ളികള്‍, സേതുവിന്റെ പുതിയനോവല്‍ പ്രകാശനം വ്യാഴാഴ്ച കൊച്ചിയില്‍

കൊച്ചി: അന്തമില്ലാതെ പരന്നുകിടക്കുന്ന വരണ്ടുണങ്ങിക്കീറിയ ഭൂമിയും നീരൊഴുക്കു മറന്ന തോടുകളും ഭയപ്പെടുത്തുന്ന മുള്‍ച്ചെടികളും അടിത്തട്ടിനും വക്കുകള്‍ക്കും ചോരച്ചുവപ്പുനിറമുള്ള ആഴം തെളിയാത്ത ഒരു കുഴിയും... പരിസ്ഥിതി ശക്തമായ സാന്നിധ്യമാകുന്ന സേതുവിന്റെ പുതിയ നോവല്‍ 'അന്തകവള്ളികള്‍' പരിസ്ഥിതി ദിനമായ 5-ന് പ്രകാശനം ചെയ്യും. മാതൃഭൂമിയാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. സേതുവിന്റെ ജന്മദിനം കൂടിയാണ് അന്ന്.
നോവല്‍ കഥാ വിഭാഗങ്ങളിലായി നാല്പതോളം കൃതികള്‍ രചിച്ച സേതുവിന്റെ ഇരുപത്തഞ്ചാമത്തെ നോവലാണിത്. വ്യാഴാഴ്ച വൈകീട്ട് 5.30-ന് കലൂര്‍ മാതൃഭൂമി ബുക്‌സിലാണ് പ്രകാശന ചടങ്ങ്. സി.ആര്‍. നീലകണ്ഠന്‍, പി.എഫ്. മാത്യൂസ്, ജോര്‍ജ് ജോസഫ് കെ., പി.എം. ഷുക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഒരു പ്രഭാതത്തിലെ പത്രവായനയില്‍ പിറന്ന മനോവിചാരങ്ങളാണ് ഒരു പുസ്തകത്തിലെത്തിയത്. ഏതാനും മാസം മുന്‍പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് നോവലിലേക്കുള്ള വഴി തുറന്നത്.
കെ. വിശ്വനാഥും ശ്രീകാന്ത് കോട്ടയ്ക്കലും ചേര്‍ന്നെഴുതിയ 'മീനാക്ഷിപുരം ഒരു മുന്നറിയിപ്പ്' എന്ന പേരിലുള്ള ലേഖനം ആളൊഴിഞ്ഞ ഒരു ഗ്രാമത്തെ കുറിച്ചായിരുന്നു. വെള്ളം ഇല്ലാതായ ഒരു ഭൂമിയെക്കുറിച്ചായിരുന്നു അത്.
അതു വായിച്ചപ്പോള്‍ പതിറ്റാണ്ടുകള്‍ മുന്‍പ് ഞാന്‍ സൃഷ്ടിച്ച മീനാക്ഷിപ്പാളയം എന്ന കല്പിത ദേശത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു എന്റെ മനസ്സ്. അവിടന്ന് മീനാക്ഷിപുരത്തേക്കും... നിരാശയല്ല, ഭൂമിയുടെ ഉണര്‍ത്തുപാട്ടാണിത്- സേതു പറയുന്നു.
Content Highlights: sethu novel anthakavallikal mathrubhumi books