ജടായുവിന്റെ ചിറകരിഞ്ഞ രാവണന്‍, ഹംസവും ദമയന്തിയും; രവിവര്‍മ ചിത്രങ്ങളെ ഇനി എഐ ചലിപ്പിക്കും | വീഡിയോ

തൃശ്ശൂര്‍: കാലങ്ങളായി നിശ്ചലരായിരുന്നു അവര്‍. ഒടുവില്‍ പുതുസാങ്കേതികവിദ്യ അവര്‍ക്ക് ചലനത്തുടിപ്പേകി. തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയും ക്രിയേറ്റീവ് ഡിസൈനറുമായ യുഹാബ് ഇസ്മയില്‍ ഒരുക്കിയ രവിവര്‍മ ചിത്രങ്ങളുടെ എ.ഐ. വേര്‍ഷനുകളാണ് ശ്രദ്ധേയമാകുന്നത്.
തലയുയര്‍ത്തി ഹംസത്തിന്റെ കൊക്കില്‍ തൊടുന്ന ദമയന്തി, ജടായുവിന്റെ ചിറകരിഞ്ഞുവീഴ്ത്തി കൈയിലേറ്റുന്ന രാവണന്‍ താഴെ കുനിഞ്ഞിരുന്ന് പൊട്ടിക്കരയുന്ന സീത, വീണമീട്ടുന്ന സരസ്വതീദേവി, കൈയിലുള്ള ഓറഞ്ച് ഉയര്‍ത്തിക്കാണിക്കുന്ന മഹാരാഷ്ട്രക്കാരി തുടങ്ങി 19 രവിവര്‍മ ചിത്രങ്ങള്‍ക്കാണ് എ.ഐ. സഹായത്താല്‍ ചലനമേകിയത്.
ശ്രീവത്സന്‍ ജെ. മേനോന്‍ ആലപിച്ച 'ഇവള്‍ താന്‍ ഇവള്‍ താന്‍ എന്‍ മനതാരില്‍ മരുവായ് മധുവായ്' എന്ന ഗാനപശ്ചാത്തലത്തില്‍ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ച ഈ റീലിന് വ്യാപകസ്വീകാര്യതയാണ് കിട്ടിയത്. രണ്ടാഴ്ചയെടുത്താണ് ഇതൊരുക്കിയതെന്ന് ആനിമേഷന്‍ ഡിസൈനറായ യുഹാബ് പറഞ്ഞു.
തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂര്‍ സുബൈദാമന്‍സിലില്‍ ഇസ്മയിലിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: ഷമില്‍.