നാടകകൃത്ത് ഹുസൈൻ കാരാടി അന്തരിച്ചു

താമരശ്ശേരി: റേഡിയോ നാടകരചനാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈൻ കാരാടി (72) ഇനി ഓർമ്മ. കരളിൽ അർബുദബാധിതനായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അന്തരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടേകാൽവരെ താമരശ്ശേരി വെഴുപ്പൂരിലെ പുതുക്കുടി വീട്ടിലും ഒമ്പതേകാൽ വരെ താമരശ്ശേരി ഗവ. യു.പി. സ്കൂളിലും പൊതുദർശനത്തിനുവെക്കും. തുടർന്ന് 9.30 ന് കെടവൂർ ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും.
ഇരുപതാംവയസ്സിൽ ആകാശവാണിയുടെ യുവശക്തി പരിപാടിയിൽ സംപ്രേഷണംചെയ്ത ‘സ്പന്ദന’ത്തിലൂടെയാണ് നാടകരചനയ്ക്ക് തുടക്കമിടുന്നത്. സ്വതന്ത്രരചനകൾക്ക് പുറമേ പ്രശസ്തരായ എഴുത്തുകാരുടെ കൃതികൾക്ക് റേഡിയോ നാടകാവിഷ്കാരമൊരുക്കി. ഒട്ടേറെ സ്റ്റേജ് നാടകങ്ങളും രചിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിൽനിന്ന് ഹെഡ്ക്ലാർക്കായി വിരമിച്ച ശേഷവും നാടകരചനയിലും എഴുത്തിന്റെ വഴിയിലും വ്യാപൃതനായി. ‘നക്ഷത്രങ്ങളുടെ പ്രണാമം’, കാസിമിന്റെ ചെരിപ്പ്, കരിമുകിലിന്റെ സംഗീതം, അടയാളശില, മുസാഫിർ, വിദൂഷകനെ കാണാനില്ല, നാല് പട്ടിക്കുട്ടികൾ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ നോവലുകളും മുച്ചക്രവണ്ടി (അനുഭവക്കുറിപ്പ്), അതിനുമപ്പുറം (നാടകം), അലാവുദ്ദീനും അദ്‌ഭുതവിളക്കും, കാസിമിന്റെ ചെരിപ്പ്, ആലിബാബയും നാല്പത് കള്ളൻമാരും (ബാലസാഹിത്യം) എന്നീ കൃതികളും അൻപതിലധികം ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവയുഗ ആർട്‌സിന്റെ സ്ഥാപക സെക്രട്ടറിയും താമരശ്ശേരി പബ്ലിക് ലൈബ്രറി ഭരണസമിതിയംഗവുമായിരുന്നു.
കാരാടിയിലെ ആദ്യകാല ഹോട്ടലുടമയായിരുന്ന പരേതനായ ആലിയാണ് പിതാവ്. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ആമിന. മക്കൾ: മുനീർ അലി (തിരക്കഥാകൃത്ത്), ഹസീന. മരുമക്കൾ: സുമയ്യ (ഐ.സി.ഡി.എസ്. സൂപ്പർവൈസർ), എം. ഷിയാസ് (സോഫ്റ്റ് വേർ എൻജിനിയർ, ബെംഗളൂരു).
ഓര്‍മ്മയായത് സാഹിത്യകൃതികള്‍ക്ക് ശ്രാവ്യഭാഷ ചമച്ചപ്രതിഭ
അജയ് ശ്രീശാന്ത്
താമരശ്ശേരി: ടെലിവിഷൻ പ്രചുരപ്രചാരം നേടുന്നതിനുമുമ്പ് നഗര, ഗ്രാമഭേദമെന്യെ റേഡിയോ അരങ്ങുവാണിരുന്ന ദശകങ്ങളിൽ ശ്രോതാക്കളുടെ മനംകവർന്നിരുന്ന നാടകകൃത്ത്. എം.ടിയുടെ ‘കാല’വും ‘രണ്ടാമൂഴ’വും കോവിലന്റെ ‘തട്ടക’വും യു.എ. ഖാദറിന്റെ ‘ഖുറൈഷിക്കൂട്ട’വുമുൾപ്പെടെ ഒട്ടേറെ പ്രശസ്തകൃതികൾക്ക് ശ്രാവ്യഭാഷയൊരുക്കിയ സർഗപ്രതിഭ, ഇതിനെല്ലാംപുറമേ ഒട്ടേറെ ചെറുകഥകളും സ്റ്റേജ് നാടകങ്ങളും നോവലുകളും ബാലസാഹിത്യവുമെല്ലാം രചിച്ച എഴുത്തുകാരൻ... ഇങ്ങനെ വിശേഷണങ്ങൾ ഒട്ടേറെയാണ് കഴിഞ്ഞദിവസം ഓർമ്മയായ താമരശ്ശേരി വെഴുപ്പൂർ പുതുക്കുടിവീട്ടിൽ ഹുസൈൻ കാരാടിക്ക്.
നന്നെ ചെറുപ്പത്തിൽത്തന്നെ പോളിയോ ബാധിച്ച് അംഗപരിമിതനായെങ്കിലും തന്റെ സർഗാത്മകതകൊണ്ടാണ് ആ പരിമിതിയെ മായ്ച്ചുകളഞ്ഞത്. എട്ടാംക്ലാസിൽ പഠിക്കവേ ‘ചന്തയുടെ ചന്തം’ എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റ ബാലപംക്തിയിലെഴുതിയ കുറിപ്പിലൂടെയാണ് എഴുത്തിൽ സാന്നിധ്യമറിയിച്ചത്. നാടകമെന്ന തലത്തിലേക്ക് ചിന്തയെത്തിച്ചത് കാരാടി നഴ്‌സറി സ്കൂളിലെ ആയിഷ ടീച്ചറാണ്. അരനൂറ്റാണ്ടോളം നീണ്ട രചനാകാലയളവിന് അതൊരു നിമിത്തമായിരുന്നു. ‘നാടകരചന: ഹുസൈൻ കാരാടി’ എന്ന വിവരണം റേഡിയോ ശ്രോതാക്കൾക്ക് നൂറിലധികം തവണ കേൾക്കാനുള്ള അവസരത്തിന് നാന്ദികുറിക്കൽ.
Read more: നാടകരചന; ഹുസൈന്‍ കാരാടി'; തോല്‍ക്കാന്‍ മനസ്സില്ലാതെ, ഒരു നാടകജീവിതം
‘സ്പന്ദന’ത്തിൽ തുടങ്ങിയ നാടകസപര്യ
മിശ്രവിവാഹം പ്രമേയമാക്കി രചനയും സംവിധാനവും നിർവഹിച്ച ‘സ്പന്ദനം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ റേഡിയോ നാടകം. ‘നിശ്വാസങ്ങൾ’ എന്ന നാടകമാണ് ആകാശവാണിയുടെ ജനറൽ പ്രോഗ്രാം വിഭാഗത്തിൽ ഹുസൈന്റേതായി പുറത്തുവന്ന ആദ്യ രചന. എസ്.കെ.യുടെ ‘പ്രേതഭൂമി’യിൽ തുടങ്ങി ഏറ്റവുമൊടുവിൽ യു.കെ. കുമാരന്റെ ‘തക്ഷൻകുന്ന് സ്വരൂപം’ വരെ നീളുന്ന ഒട്ടേറെ രചനകൾക്ക് അദ്ദേഹം റേഡിയോ നാടകാവിഷ്കാരം നൽകി. സ്റ്റേജ് നാടകങ്ങൾക്കും അദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്. ‘മുക്കുപണ്ടം’ എന്ന നാടകം ബഹ്‌റൈൻ ആർട്‌സ് സെന്റർ പുരസ്‌കാരത്തിന് അർഹമായി.
കത്തുകളിൽ തെളിയുന്ന ആത്മബന്ധം
രചനകൾക്ക് നാടകവിഷ്കാരമൊരുക്കാനുള്ള അനുമതി നൽകിയും നിഷേധിച്ചും സൗഹൃദം പുതുക്കിയുമെല്ലാം സാഹിത്യകാരൻമാർ അയയ്ക്കുന്ന കത്തുകൾ ഹുസൈൻ കാരാടി ഭദ്രമായി സൂക്ഷിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ. പൊറ്റെക്കാട്ട്, ഒ.വി. വിജയൻ, ഉറൂബ്, അക്കിത്തം, എം.ടി. തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ കത്തുകളുണ്ട് ആ ശേഖരത്തിൽ. അതോടൊപ്പം സാഹിത്യപ്രതിഭകൾ കൈയൊപ്പുചാർത്തിയ പുസ്തകങ്ങളും പഴയ റെക്കോഡിങ്ങുകളുമെല്ലാം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
Read more : സ്‌ക്രിപ്റ്റ് വായിച്ച എം.ടി. ചോദിച്ചു; 'ഇത് ആരുടെ രണ്ടാമൂഴമാണ്?'
നാടകത്തിലൊതുങ്ങാത്ത രചനാപ്രയാണം
ഹ്രസ്വമായ കാലയളവിൽ ചന്ദ്രിക ദിനപത്രത്തിൽ സബ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു. എം. മുകുന്ദന്റെ നിർദേശപ്രകാരമാണ് സാഹിത്യരചനയിലും ഒരുകൈ നോക്കുന്നത്. ‘നക്ഷത്രങ്ങളുടെ പ്രണാമം’ ആയിരുന്നു ആദ്യ നോവൽ. അമ്പതിലേറെ ചെറുകഥകളും ഒമ്പതു നോവലുകളും രചിച്ച ഹുസൈൻ കാരാടിയുടെതായി മൂന്നു ബാലസാഹിത്യകൃതികളും ഒരു നാടകഗ്രന്ഥവും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Radio play writer Hussain Karadi passed away