ജീവിതത്തിൽ മുടന്തിപ്പോവുന്നവർക്ക് വേണ്ടി ആരെങ്കിലുമൊക്കെ സംസാരിക്കേണ്ടതുണ്ട്, അതാണ് സാഹിത്യം- ആർ. രാജശ്രീ

പത്മപ്രഭാപുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുന്ന ആര്‍. രാജശ്രീ
പത്മപ്രഭാപുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുന്ന ആര്‍. രാജശ്രീ

കൽപറ്റ: ജീവിതത്തിൽ മുടന്തിപ്പോവുന്നവർക്ക് വേണ്ടി ആരെങ്കിലുമൊക്കെ സംസാരിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിലേക്ക് നമ്മളെക്കൊണ്ട് എത്തിക്കാനാവുമെങ്കിൽ അതാണ് സാഹിത്യത്തിന്റെ ധർമ്മം എന്നാണ് താൻ കരുതുന്നതെന്ന് ആർ. രാജശ്രീ പറഞ്ഞു. നിഷ്‌കാസിതരായവരെ കുറിച്ച് ചിന്തിക്കുക എന്നതാണ് ഏത് കാലത്തും ഏത് എഴുത്തുകാരും സാമൂഹിക പരിഷ്‌കർത്താവും ചെയ്യേണ്ടത് എന്നതാണ് തന്റെ പക്ഷമെന്ന് ആർ. രാജശ്രീ. പത്മപ്രഭാസ്മാരക സാഹിത്യപുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. 'പല ഉടയോർ ആയിരിക്കുക എന്നതാണ് സംസ്‌കാരത്തിന്റെ ഭംഗി. അങ്ങനെയാണെങ്കിൽ മാത്രമേ അത് മനുഷ്യരെ ഉൾക്കൊള്ളൽ ആവുകയുള്ളൂ. ഒരു നിമിഷം നിന്ന് പരസ്പരം സംസാരിക്കാൻ സമയമില്ലാത്ത കാലത്താണ് നമ്മൾ സാഹിത്യത്തെ സംസ്‌കാരത്തെക്കുറിച്ചും സംസാരിക്കുന്നത്. മനുഷ്യർ വിവരവും വിവേകവുമുള്ള യന്ത്രമനുഷ്യരായി മാറി. ഈ യന്ത്രമനുഷ്യരുള്ള കാലത്താണ് സാഹിത്യത്തെക്കുറിച്ച് സംസാരിക്കേണ്ടത് എന്നതാണ് ഏറ്റവും ബുദ്ധിമുട്ട്.'- മറുപടി പ്രസംഗത്തിൽ രാജശ്രീ പറഞ്ഞു.

'ഒരർഥത്തിൽ ഈ കുടുംബത്തിനകത്തുള്ള സാംസ്‌കാരിക മൂലധനം ചുറ്റുവട്ടത്ത് ജീവിക്കുന്ന മനുഷ്യർക്ക് ഉപകരിക്കുന്ന രീതിയിൽ ചെലവഴിക്കപ്പെടുന്നു എന്നുള്ളതും അവരുടെ അസാധാരണമായ ഊർജം ജീവിതത്തിൽ മറ്റു മനുഷ്യരെ കാത്തുനിൽക്കാത്തതരത്തിൽ പ്രവർത്തിക്കുന്നു എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. അങ്ങനെ വരുന്ന ഒരു അംഗീകാരത്തിന് അതിന്റെതായ മാറ്റുണ്ട്. പത്മപ്രഭാപുരസ്‌കാരത്തിന്റെ മേൽ പതിച്ചിരിക്കുന്ന രത്‌നത്തെയും അതിന്റെ പ്രഭയെയും അങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ പുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്തിട്ടുള്ള ജൂറിയോട് ഞാൻ നന്ദി അറിയിക്കുന്നു ഒപ്പം പത്മപ്രഭാട്രസ്റ്റിനോടുള്ള അകൈതവമായ നന്ദികൂടി ഈയവസരത്തിൽ പ്രകടിപ്പിക്കുന്നു. അങ്ങേയറ്റം അഭിമാനത്തോടെയും വിനയത്തോടെയും ഈ പുരസ്‌കാരം ഞാൻ ഏറ്റുവാങ്ങുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം എപ്പോഴാണ് സാഹിത്യം ഉണ്ടാവുന്നത് എന്നത് വലിയൊരു ചോദ്യമാണ്. സാഹിതീയതയെക്കുറിച്ചുള്ള എല്ലാ ചർച്ചകളിലും അത് കടന്നുവരാറുണ്ട്. ആദരണീയനായ എം.പി വീരേന്ദ്രകുമാർ ഓർത്തെടുക്കുന്നുണ്ട്: എങ്ങനെയാണ് സാഹിത്യം സാധാരണ പ്രസ്താവനയിൽ നിന്ന് വേറിട്ട് മറ്റൊന്നാകുന്നത് എന്നുപറയാൻ പലപ്പോഴും ഉപയോഗിക്കുന്ന ഒരു സന്ദർഭം കൂടിയാണത്. ഇന്ത്യാഗേറ്റിന്റെ നിർമാണവുമായി ബന്ധപ്പെട്ട അനുഭവം രേഖപ്പെടുത്തപ്പെട്ടതാണ്. എഞ്ചിനീയറായ എഡ്വിൻ ലൂട്ടിൻസ് തന്റെ മകൾക്ക് അയച്ച ഒരു കത്തിൽ താൻ കുതിരപ്പുറത്ത് സഞ്ചരിച്ച ഒരു അനുഭവം എഴുതുന്നുണ്ട്. കുതിരപ്പുറത്ത് സഞ്ചരിച്ചുകൊണ്ടിരിക്കേ ഒരു ആന എതിരേവന്നു തുമ്പിക്കൈകൊണ്ട് പിടിച്ചു. പക്ഷേ പിടി കിട്ടിയില്ല. ആനയുടെ പിടിയിൽ കുതിരയുടെ വാൽ പിഴുതുപോരുകയും താൻ രക്ഷപ്പെടുകയും ചെയ്തു എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അവിടംകൊണ്ട് അനുഭവം അവസാനിപ്പിക്കാം. പക്ഷേ എം.പി വീരേന്ദ്രകുമാർ ഒരുപടികൂടി കടന്നുകൊണ്ട് എഴുതുന്നു; വാലുപോയ ആ കുതിരയുടെ കഥ അറിയില്ല എന്നാണ് ആ വാക്യം. അവിടെയാണ് പാറക്കല്ലിൽ നീർച്ചാലുപോലെ സാഹിത്യം നാം കണ്ടെത്തുക. ഒരു മനുഷ്യൻ വെറുമൊരു സഞ്ചാരിയല്ല, ജ്ഞാനിയായ സഞ്ചാരിയാവുന്നതെങ്ങനെയാണോ അങ്ങനെയാണ് സാഹിത്യത്തിന്റെ വിവിധ സഞ്ചാരത്തിനദ്ദേഹം പ്രാപ്തനാവുന്നത് എന്ന് നമുക്ക് തിരിച്ചറിവു നൽകുന്ന ഒരൊറ്റ വാക്യമാണത്. വാലുപോയ ആ കുതിരയുടെ പിന്നാലെ പോകുക എന്നതാണ് ഒരാളുടെ എഴുത്തിന് അധികാരിയാക്കുന്നത്. അത്തരത്തിൽ നിഷ്‌കാസിതരായവരെക്കുറിച്ച് ചിന്തിക്കുക എന്നതാണ് ഏതുകാലത്തും ഏതുസാമൂഹ്യപരിഷ്‌കർത്താവും ഏത് എഴുത്തുകാരും ചിന്തിച്ചിട്ടുള്ളത്.' - ആർ. രാജശ്രീ പറഞ്ഞു.