വയലാർ അവാർഡ് ആർ.രാജശ്രീയ്ക്ക്

ഫോട്ടോ: ഇ.വി. രാഗേഷ്‌
ഫോട്ടോ: ഇ.വി. രാഗേഷ്‌

തിരുവനന്തപുരം:അമ്പതാമത് വയലാർ അവാർഡ് ആർ.രാജശ്രീയ്ക്ക്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആത്രേയകം എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. 


കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനിച്ച ആർ. രാജശ്രീ 'കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിലൂടെയാണ് ശ്രദ്ധേയയായത്. ഈ നോവലിന് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.ആത്രേയകം രണ്ടാമത്തെ നോവലാണ്. നായികാ നിർമിതി, വഴിയും പൊരുളും, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങൾ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം ആൻഡ് ഗവേഷണ കേന്ദ്രത്തിൽ അധ്യാപികയായ രാജശ്രീയുടെ 'കമലാലക്ഷ്മണം' എന്ന നോവൽ ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.
ഒ. വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവരാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന മുഖ്യമന്ത്രി വി. ഡി സതീശൻ അവാർഡ് സമർപ്പിക്കും.
വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് അംഗങ്ങളായ പ്രഭാവർമ്മ, ഡോ. വി. രാമൻകുട്ടി, ബി. സതീശൻ, ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ ഒ. വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവർ പങ്കെടുത്തു.

Content Highlights: R. Rajasree won the 50th Vayalar Award for her novel 'Athreyakam'., The award includes a cash prize of one lakh rupees, a citation, and a memento., Athreyakam is published by Mathrubhumi Books., Rajasree previously won the 2021 Kerala Sahitya Akademi Award for her debut novel.