ആർ. രാജശ്രീ സാഹിത്യലോകത്തെ ഒരു വിസ്മയം; പി.വി ചന്ദ്രൻ

കൽപറ്റ: ആർ.രാജശ്രീ എന്ന എഴുത്തുകാരി സാഹിത്യലോകത്ത് ഒരു വിസ്മയമാണ് എന്ന് താൻ കരുതുന്നുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ. പത്മപ്രഭാ സാഹിത്യപുരസ്‌കാരം ആർ. രാജശ്രീക്ക് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പരമ്പരാഗത എഴുത്തുരീതിയിൽ നിന്ന് മാറി തന്റേതായ ഒരു ശൈലിയും രീതിയും അവർ കണ്ടെത്തുകയായിരുന്നു. ആദ്യ നോവലിലൂടെ തന്നെ സാഹിത്യലോകത്ത് നല്ലൊരു സ്ഥാനം അവർ കരസ്ഥമാക്കി. ഇതിനോടകം നിരവധി പുരസ്‌ക്കാരങ്ങൾ വാങ്ങിയ രാജശ്രീയെത്തേടി ഇനിയും അംഗീകാരങ്ങൾ വരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. എഴുത്തും വായനയും പ്രസംഗവും കൊണ്ട്, മലയാള സാഹിത്യരംഗത്തും രാഷ്ട്രീയരംഗത്തും സജീവ സാന്നിധ്യമായിരുന്ന എം.പി. വീരേന്ദ്രകുമാർ, പുസ്തകപ്രേമിയായിരുന്ന തന്റെ പ്രിയപ്പെട്ട അച്ഛന്റെ സ്മരണയ്ക്ക് മുന്നിൽ പടുത്തുയർത്തിയ അനശ്വര സ്മാരകമാണ് പത്മപ്രഭാ പുരസ്‌കാരം.
പത്മപ്രഭയുടെ ഓർമ്മ പുതുക്കുന്നതിനോടൊപ്പം ഭാഷയെയും സാഹിത്യത്തെയും എഴുത്തുകാരെയും ആദരിക്കുക എന്ന മഹത്തായ ഒരു കാര്യം കൂടി ഇവിടെ നിർവഹിക്കുന്നുണ്ട്. കേരളത്തിലെ സാഹിത്യലോകം ശ്രദ്ധിക്കുന്ന ഒരു പുരസ്‌കാരമായി പത്മപ്രഭാ പുരസ്‌കാരം ഇതിനോടകം മാറിക്കഴിഞ്ഞിരിക്കുന്നു.
വീരേന്ദ്രകുമാറിന്റെ കുടുംബവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളിൽ എന്റെ സാന്നിധ്യം ഉണ്ടാവണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെ പാതയിലൂടെ തന്നെയാണ് അദ്ദേഹത്തിന്റെ പ്രിയപുത്രൻ എം.വി. ശ്രേയാംസ്‌കുമാറും സഞ്ചരിക്കുന്നത്. അതിലെനിക്ക് ഏറെ സന്തോഷമുണ്ട്. ആ സന്തോഷം പങ്കിട്ടുകൊണ്ട്, പുരസ്‌ക്കാരം ഏറ്റുവാങ്ങിയ രാജശ്രീയെ ഒരിക്കൽക്കൂടി അഭിനന്ദിക്കുന്നു.' - പി.വി ചന്ദ്രൻ പറഞ്ഞു.