പുനത്തില്‍ ഓര്‍മയായിട്ട് നാളെ ആറുവര്‍ഷം; സ്മാരകം അനിശ്ചിതാവസ്ഥയില്‍ത്തന്നെ!

വടകര: മലയാളത്തിന്റെ പ്രിയകഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഓര്‍മയായിട്ട് വെള്ളിയാഴ്ച ആറുവര്‍ഷം തികയുമ്പോഴും സാംസ്‌കാരികവകുപ്പ് പ്രഖ്യാപിച്ച സ്മാരകം കടലാസില്‍ ഉറങ്ങുന്നു.
സ്മാരകത്തിനായി പുനത്തില്‍ സ്മാരക ട്രസ്റ്റ് വടകര പാക്കയില്‍ രണ്ടേക്കര്‍ സ്ഥലംവാങ്ങാന്‍ 25 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു. ബാക്കിത്തുക നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഈ തുക ഉടമകള്‍ ട്രസ്റ്റിന് തിരിച്ചുനല്‍കി. ഇനി പുതിയസ്ഥലം കണ്ടെത്തിയാലേ സര്‍ക്കാര്‍ ഫണ്ട് കിട്ടൂ. ഒരുകോടി രൂപ സ്മാരകത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
2017 ഒക്ടോബര്‍ 27-നാണ് പുനത്തില്‍ മരിച്ചത്. 29-നുതന്നെ അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രി എ.കെ. ബാലന്‍, ഒരുകോടിരൂപ ചെലവില്‍ സ്മാരകം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. ഡിസംബറില്‍ 18 അംഗ ട്രസ്റ്റ് രൂപവത്കരിച്ചു. പാക്കയില്‍ രണ്ടേക്കര്‍സ്ഥലം കണ്ടെത്തുകയും 2018-ല്‍ മന്ത്രി എ.കെ. ബാലന്‍ സ്ഥലം സന്ദര്‍ശിക്കുകയുംചെയ്തു. ഇത് വാങ്ങാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. സ്ഥലംവാങ്ങാന്‍ രണ്ടുകോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്.
2020-ല്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍നിന്നും സഹകരണസ്ഥാപനങ്ങളില്‍നിന്നും ഫണ്ട് സമാഹരിക്കാന്‍ ട്രസ്റ്റ് ശ്രമംതുടങ്ങി. ഈ ആവശ്യത്തിന് ഫണ്ട് നല്‍കാമെന്ന് സര്‍ക്കാരും ഉത്തരവിറക്കി.
എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ട്രസ്റ്റ് കത്തയക്കുകയും ഏപ്രില്‍, മേയ് മാസങ്ങളില്‍ ഫണ്ട് സമാഹരിക്കാന്‍ തീരുമാനിക്കുകയുംചെയ്തു. അപ്പോഴേക്കും കോവിഡ് വ്യാപനവും ലോക്ഡൗണും വന്നതോടെ പദ്ധതികളെല്ലാം താളംതെറ്റി.
രണ്ടുവര്‍ഷത്തോളം അങ്ങനെ നഷ്ടമായി. പറഞ്ഞസമയത്ത് മുഴുവന്‍ തുകയും കൊടുക്കാന്‍ കഴിയാതെവന്നതോടെ സ്ഥലമുടമകള്‍ ഇടപാടില്‍നിന്ന് പിന്മാറി. ഇനി എല്ലാം ഒന്നില്‍നിന്ന് തുടങ്ങേണ്ട സ്ഥിതിയാണ്.
രാജ്യമറിഞ്ഞ കഥാകാരന് ജന്മനാട്ടില്‍ സ്മാരകം ഉയരാത്തത് ആറാംചരമവാര്‍ഷികത്തില്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. കോവിഡ് വ്യാപിച്ചതോടെയാണ് സ്മാരകപദ്ധതി നിലച്ചതെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും ട്രസ്റ്റ് പ്രസിഡന്റ് കെ. ശ്രീധരന്‍, സെക്രട്ടറി ടി. രാജന്‍ എന്നിവര്‍ പറഞ്ഞു.
Content Highlights: Punathil Kunjabdulla, Monument, Mathrubhumi