വരച്ചുതീര്‍ന്നോയെന്ന് ഒരിക്കലും ചോദിക്കില്ലെന്ന് അദ്ദേഹിന് ഉറപ്പുകൊടുത്തു-മോഹന്‍ലാല്‍

കൊച്ചി: വരകളുടെ വിസ്മയമായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഓര്‍മകള്‍നിറഞ്ഞ സായാഹ്നത്തില്‍ അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം സമര്‍പ്പിച്ചു. ചിത്രകാരന്റെ എക്കാലത്തെയും വലിയ ആരാധകനായ നടന്‍ മോഹന്‍ലാല്‍ ഓര്‍മകളാല്‍ പ്രണമിച്ചു. നമ്പൂതിരിയുടെ പ്രശസ്തമായ സൗന്ദര്യലഹരി പെയിന്റിങ് ലഭിച്ചതിനെ കുറിച്ചുള്ള ഓര്‍മകള്‍ മോഹന്‍ലാല്‍ പങ്കുവെച്ചു.
''അഞ്ചുവര്‍ഷമെടുത്താണ് അദ്ദേഹം അത് പൂര്‍ത്തിയാക്കിയത്. അത് വരയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒന്നായി അദ്ദേഹം പറഞ്ഞു. അനവധി രൂപങ്ങളും കല്പനകളുമുള്ള ദേവീചിത്രമായിരുന്നു അത്. പിന്നെപ്പിന്നെ എന്നെ കാണാതെ മാറിനടക്കാന്‍ തുടങ്ങിയ അദ്ദേഹത്തോട്, തീര്‍ന്നോയെന്ന് ഒരിക്കലും ചോദിക്കില്ലെന്ന് ഞാന്‍ ഉറപ്പു പറഞ്ഞു. ഏതോ അജ്ഞാതശക്തി പ്രവര്‍ത്തിച്ചാലല്ലാതെ അത് സംഭവിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. ഒടുവിലാണ് അത് അദ്ദേഹം വരച്ചുതന്നത്. പിന്നീട് ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ ആ ചിത്രം ദീര്‍ഘനേരം നിന്നുകണ്ടു. ഇത് ഞാനാണോ വരച്ചത്! എനിക്ക് അതിന് കഴിഞ്ഞുവല്ലോ എന്നു പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഏറ്റവും വലിയ കലാകാരന്റെ മുഖം ഞാനവിടെ കണ്ടു.''- മോഹന്‍ലാല്‍ പറഞ്ഞു.
ചിത്രകാരന്‍ സി. ഭാഗ്യനാഥിന് മോഹന്‍ലാല്‍ പുരസ്‌കാരം സമര്‍പ്പിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.സി. നാരായണന്‍, കാര്‍ട്ടൂണിസ്റ്റ് രവിശങ്കര്‍ എട്ടേത്ത്, ട്രസ്റ്റ് ഭാരവാഹികളായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ കെ.എം. വാസുദേവന്‍, ബിനുരാജ് കലാപീഠം, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥ് എന്നിവര്‍ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് ലളിതകലാ അക്കാദമിയുടെയും എറണാകുളം കരയോഗത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയത്.