ഇത് കൃതിയെക്കുറിച്ചുള്ള ആസ്വാദനമോ വിമര്‍ശനമോ പഠനമോ അല്ല; ഖസാക്കുമായി പ്രണയത്തിലായ കഥ!

കോഴിക്കോട്: തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ സരളമായ എഴുത്തിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിച്ച് ജനപ്രീതിയാര്‍ജിച്ച മുഹമ്മദ് അബ്ബാസിന്റെ 'ഖസാക്ക് എന്നെ വായിച്ച കഥ' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഒ.വി. വിജയന്റെ നോവലായ ഖസാക്കിന്റെ ഇതിഹാസത്തെ പ്രേമിച്ച, ആ എഴുത്ത് ബാധിച്ച ഒരു മുഴുവായനക്കാരന്റെ ജീവിതമാണ് പുസ്തകത്തിലൂടെ വെളിവാകുന്നത്.
'ഇത് ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ചുള്ള ആസ്വാദനമോ നിരൂപണമോ വിമര്‍ശനമോ പഠനമോ ഒന്നുമല്ല. നിങ്ങള്‍ക്കും എനിക്കും മനസ്സിലാവുന്ന ഭാഷയില്‍, ഞാന്‍ ഖസാക്കുമായി പ്രണയത്തിലായതിന്റെയും, എത്രയെത്രയോ തവണ ഖസാക്കുമായി ഇണചേര്‍ന്നതിന്റെയും കഥയാണ്'- പുസ്തകത്തെക്കുറിച്ച് അബ്ബാസ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
എഴുതാന്‍ ഏറ്റവും ഇഷ്ടമുള്ളത് എന്തിനെ കുറിച്ചാണ് എന്ന് ചോദിച്ചാല്‍ അത് ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചാണെന്ന് ഏത് ഉറക്കത്തിലും താന്‍ പറയുമെന്ന് അദ്ദേഹം വിശദമാക്കുന്നു. ആ നോവലുണ്ടാക്കിയ സ്വാധീനമാണ് തന്നെ ഒരെഴുത്തുകാരനാക്കിയതെന്നും പുസ്തകം പ്രസിദ്ധീകരിച്ച വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ട് അബ്ബാസ് കുറിച്ചു.
അബ്ബാസിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്;
എഴുതുവാന്‍ ഏറ്റവും ഇഷ്ടമുള്ളത് എന്തിനെ കുറിച്ചാണ് എന്ന് നിങ്ങളെന്നോട് ചോദിച്ചാല്‍, അത് ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ചാണെന്ന് ഏത് ഉറക്കത്തിലും ഞാന്‍ പറഞ്ഞു പോവും. ഈ കുറിപ്പ് എഴുതുമ്പോള്‍ എന്റെ മുമ്പില്‍ മഴ പെയ്യുന്നുണ്ട്. ഖസാക്കില്‍ രവി മരണം കാത്തു കിടന്ന മഴയല്ല. പെരുവിരലോളം ചുരുങ്ങിയ കാലവര്‍ഷത്തിന്റെ കറുത്ത മഴയുമല്ല. പക്ഷേ, മഴയുടെ ഈ വെള്ള നൂലുകള്‍ നോക്കിയിരിക്കെ, ഖസാക്ക് എന്നെ വന്നുമൂടുന്നു.
നാട്ടു ദൈവങ്ങളുടെ നടപ്പാതകളായി...
കാലം തളം കെട്ടിക്കിടക്കുന്ന ഖസാക്കിലെ ചതുപ്പുകളായി...
നീല ഞരമ്പോടിയ പരന്ന തണലുകളായി...
മൈമൂനയുടെ ചുരുള്‍മുടിയായി...
പത്മയിലും മൈമൂനയിലും കോടച്ചിയിലും സ്വാമിനിയിലും രവി തേടിയ മൃതിയുടെ പൊരുളായി...
അപ്പുക്കിളിയുടെ
കണ്ണുകളിലെ ജന്മാന്തര സ്മൃതികളായി...
ആരുടെയൊക്കെയോ ദുഃഖ സഞ്ചാരങ്ങളുടെ തഴമ്പായി...
അള്ളാപ്പിച്ചാ മൊല്ലാക്കയുടെ കാല്‍വിരലിലെ വ്രണ നോവായി...
നൈജാമാലിയുടെ വിപ്ലവവും പ്രണയവുമായി...
കരിമ്പനകളിലെ പതിഞ്ഞ കാറ്റായി...
ഈരച്ചൂട്ടിന്റെ കനല്‍ തുമ്പായി...
ഖസാക്ക് എനിക്ക് ചുറ്റും പെയ്യുകയാണ്.
എന്തെങ്കിലുമൊക്കെ എഴുതുന്ന ഒരാളായിട്ട് നിങ്ങളെന്നെ ഇന്ന് അറിയുന്നുവെങ്കില്‍, അത് ഖസാക്കിന്റെ ഇതിഹാസം എന്നിലുണ്ടാക്കിയ സ്വാധീനമാണ്. 'ഖസാക്ക് എന്നെ വായിച്ച കഥ' എന്ന ഈ പുസ്തകത്തില്‍ ഖസാക്കുണ്ട്. ഞാനുണ്ട്. എന്റെ സഹജീവികളുണ്ട്. നീണ്ട നാല്‍പ്പത്തിയാറ് വര്‍ഷത്തെ എന്റെ മുഴുജീവിതവുമുണ്ട്. പ്രണയത്തിലും, വിരഹത്തിലും, വിശപ്പിലും, ദുഃഖത്തിലും, ഉറ്റവരുടെ മരണത്തിലും, പ്രണയ നഷ്ടങ്ങളിലും, ഉന്മാദത്തിന്റെ പായല്‍ പരപ്പുകളിലും, എനിക്ക് കൂട്ടായിരിക്കുന്ന ഖസാക്കിനെ കുറിച്ച് ഇങ്ങനെയൊരു പുസ്തകം എഴുതാന്‍ കഴിഞ്ഞതില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സന്തോഷമുണ്ട്.
ഇത് ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ചുള്ള ആസ്വാദനമോ നിരൂപണമോ വിമര്‍ശനമോ പഠനമോ ഒന്നുമല്ല. നിങ്ങള്‍ക്കും എനിക്കും മനസ്സിലാവുന്ന ഭാഷയില്‍, ഞാന്‍ ഖസാക്കുമായി പ്രണയത്തിലായതിന്റെയും, എത്രയെത്രയോ തവണ ഖസാക്കുമായി ഇണചേര്‍ന്നതിന്റെയും കഥയാണ്.
ആത്മകഥയുടെ ഒന്നാം ഭാഗം(വെറും മനുഷ്യര്‍) ഇറങ്ങിയിട്ട് ഒന്നര മാസം പോലും ആയിട്ടില്ല. ആദ്യത്തെ നോവലായ 'അബുവിന്റെ ജാലകങ്ങള്‍ ' ഇറങ്ങിയിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ല. ഇപ്പോഴിതാ 'ഖസാക്ക് എന്നെ വായിച്ച കഥ' യും വരുന്നു. ഇനി രണ്ടാമത്തെ നോവലായ 'അനസ് അഹമ്മദിന്റെ കുമ്പസാരവും' ഈ മാസം വരുന്നുണ്ട്.
രണ്ടുമൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മലയാളത്തിലെ എണ്ണം പറഞ്ഞ പ്രസാധകരിലൂടെ നാലു പുസ്തകങ്ങള്‍ വരിക എന്നത് ഏത് എഴുത്തുകാരിക്കും എഴുത്തുകാരനും സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. പക്ഷേ ഈ നാല് പുസ്തകങ്ങള്‍ ഇങ്ങനെ ഒന്നിനു പിന്നാലെ മറ്റൊന്നായി വരുന്നതിനെ വായനക്കാരായ നിങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്ന പേടിയും ബേജാറും, അതിന്റേതായ സമ്മര്‍ദങ്ങളും, അതിനുള്ള മരുന്നു കുടിയും എനിക്കുണ്ട്. എങ്കിലും പ്രിയപ്പെട്ട വായനക്കാരില്‍ എനിക്ക് വിശ്വാസമുണ്ട്. എന്റെ കുറ്റങ്ങളും കുറവുകളും അറിഞ്ഞുകൊണ്ട്, മറ്റെല്ലാ പുസ്തകങ്ങളും നിങ്ങള്‍ സ്വീകരിച്ച പോലെ ഇതും സ്വീകരിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.
Content Highlights: Mohammed Abbas's new book Khasakk enne vayicha katha published