കവിതയെഴുതാന്‍ പുതിയ ഭാഷ കണ്ടെത്തണം-പി. രാമന്‍

തൃശ്ശൂര്‍: പറയാനുള്ളത് പൂര്‍ണമായും ആവിഷ്‌കരിക്കാന്‍ കഴിയുന്ന ഭാഷ പുതിയ തലമുറ കണ്ടെത്തണമെന്ന് കവി പി. രാമന്‍. മറ്റു ഭാഷകളില്‍ പുതിയ എഴുത്തുകാര്‍ അതിന് ശ്രമിക്കുന്നുണ്ട്. മലയാളത്തില്‍ വൈവിധ്യങ്ങള്‍ താരതമ്യേന കുറവാണ്. ഇവിടെ സാമൂഹികമാധ്യമങ്ങളുടെ ഭാഷ പരിമിതിയാകുന്നുണ്ട്. വൈവിധ്യങ്ങളില്ലെന്നതാണ് സാമൂഹികമാധ്യമങ്ങളിലെ എഴുത്തിന്റെ പരിമിതി.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ പ്രചാരണാര്‍ഥം മാതൃഭൂമി ബുക്‌സ് സെയ്ന്റ് മേരീസ് കോളേജില്‍ സംഘടിപ്പിച്ച സെയിംപേജ് പരിപാടിയില്‍ പോയിന്റ്‌സ് ആന്‍ഡ് പെര്‍സ്‌പെക്ടീവ് ഓണ്‍ പോയംസ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവിതകള്‍ മനസ്സിലാക്കുക എന്നതുപോലെത്തന്നെ പ്രധാനമാണ് മനസ്സിലാകാതിരിക്കലും. പഴയ കവികള്‍ ഇന്നു തിരിച്ചുവന്നാല്‍ ഇന്നത്തെ കവിതയുടെ ഭാഷ അവര്‍ക്കു മനസ്സിലാകില്ല. ഇതേത് ഭാഷ എന്നവര്‍ ചോദിച്ചുപോകും-അദ്ദേഹം അഭിപ്രായപ്പെട്ടു.
മാതൃഭൂമി റീജണല്‍ മാനേജര്‍ വിനോദ് പി. നാരായണ്‍, ഡോ. സിമ്പിള്‍ എ. ഇസഡ്. എന്നിവരും പങ്കെടുത്തു. ഫെബ്രുവരി ആറു മുതല്‍ തിരുവനന്തപുരം കനകക്കുന്നിലാണ് അക്ഷരോത്സവം.
Content Highlights: mbifl2025 Speech series Thrissur