അന്ന് കഥകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രസാധകനെയും പത്രാധിപരെയും കിട്ടുകയെന്നത് എളുപ്പമല്ലായിരുന്നു- സേതു

മാതൃഭൂമിക്കൊപ്പം എഴുതി തുടങ്ങിയതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് എഴുത്തുകാരന്‍ സേതു മാതൃഭൂമി അക്ഷരോത്സവത്തിന് ആശംസകള്‍ നല്‍കിയത്. 'അക്ഷരോത്സവം' എന്ന പേര് പ്രശംസയര്‍ഹിക്കുന്നതാണെന്നും ഈ പേര് നല്‍കിയ ആളെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ വീട്ടില്‍ വന്ന് എനിക്ക് തന്നിട്ടുള്ള ഈ അനുമോദനം ഏറ്റവും വിലപ്പെട്ടതാണ്. എന്റെ ആദ്യത്തെ കഥ വന്നത് മാതൃഭൂമിയിലാണ്. അന്ന് രണ്ടോ മൂന്നോ പ്രസിദ്ധീകരണങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് ഞങ്ങളുടെയൊക്കെ കഥകള്‍ പ്രസിദ്ധീകരിക്കാനായി ഒരു പ്രസാധകനെ കിട്ടുക എന്നതും അത് തിരഞ്ഞെടുക്കുന്നതിനായി ഒരു പത്രാധിപരെ കിട്ടുക എന്നതും എളുപ്പമുള്ള ഒന്നല്ല. അതിന് നന്ദി പറയുന്നത് എം.ടിയോടാണ്.'
ആലുവ യുസി കോളേജിലെ വിദ്യാര്‍ഥികളും മാതൃഭൂമിയും ചേര്‍ന്നാണ് സേതുവിന് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഏഴാം എഡിഷന്റെ മുന്നോടിയായിട്ടുള്ള പ്രതിഭാപ്രണാമമര്‍പ്പിച്ചത്. തന്റെ എഴുത്തുകളിലെ സാഹിത്യവും രാഷ്ട്രീയവുമെല്ലാം പറഞ്ഞുകൊണ്ടായിരുന്നു വിദ്യാര്‍ഥികളുമായി സംവദിച്ചത്.
അക്ഷരങ്ങളും ആശയങ്ങളും കലകളും മേളിക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വിളംബരം ചെയ്തിരിക്കുന്നത് മലയാള സര്‍ഗാത്മകതയുടെ ഏഴുപ്രതിഭകളെ പ്രണമിച്ചുകൊണ്ടാണ്. മാതൃഭൂമിയും പുതിയ തലമുറയിലെ കുട്ടികളും ചേര്‍ന്ന് ഡോ. എം. ലീലാവതി, ടി. പത്മനാഭന്‍, നിലമ്പൂര്‍ ആയിഷ, കലാമണ്ഡലം ഗോപി, സി. രാധാകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി, സേതു എന്നീ പ്രതിഭകളെ അവരുടെ വീടുകളില്‍ ചെന്നാണ് പ്രണമിച്ചത്. കുട്ടികള്‍ എഴുത്തുകാരുമായി സംവാദവും നടത്തി.
അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഏഴാമത് എഡിഷന്‍ 2026 ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നുവരെ കനകക്കുന്നിലാണ് അരങ്ങേറുക. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി 400-ലധികം പ്രതിഭകള്‍ സംഗമിക്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവാണ് അക്ഷരോത്സവത്തിന്റെ ഇത്തവണത്തെ ക്യുറേറ്റര്‍.