കേരളപ്പിറവിദിനത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവിളംബരം; പ്രതിഭകള്‍ക്ക് പ്രണാമമര്‍പ്പിച്ച് വിദ്യാര്‍ഥികള്‍

അക്ഷരങ്ങളും ആശയങ്ങളും കലയും മേളിക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഏഴാമത് പതിപ്പിന് കേരളപ്പിറവിദിനമായ ശനിയാഴ്ച തുടക്കമായി. മലയാള സര്‍ഗാത്മകതയുടെ ഏഴു പ്രതിഭകളെ പ്രണമിച്ചുകൊണ്ടാണ് അക്ഷരോത്സവത്തിന് വിളംബരം കുറിച്ചത്.
മാതൃഭൂമിയും പുതിയ തലമുറയിലെ കുട്ടികളുംചേര്‍ന്ന് ഏഴു പ്രതിഭകളെ അവരുടെ വീടുകളില്‍ച്ചെന്നാണ് പ്രണമിച്ചത്. കുട്ടികള്‍ എഴുത്തുകാരുമായി സാഹിത്യസംവാദവും നടത്തി.
മലയാളസാഹിത്യ നിരൂപണത്തിലെ ഗുരുഭൂതയായ ഡോ. എം. ലീലാവതി, ചെറുകഥയിലെ കുലപതി ടി. പത്മനാഭന്‍, ഒരു വലിയ നാടകക്കാലമായി നമുക്കിടയിലുള്ള നടി നിലമ്പൂര്‍ ആയിഷ, കഥകളിയിലെ ഹരിതകാന്തിയായ കലാമണ്ഡലം ഗോപി, ബൃഹദ് നോവലുകളിലേക്ക് മലയാളിയെ വഴിനടത്തിയ സി. രാധാകൃഷ്ണന്‍, പാട്ടിന്റെ ഹൃദയസരസ്സുകള്‍തീര്‍ത്ത ശ്രീകുമാരന്‍ തമ്പി, ഭ്രമാത്മകഭാവനയിലൂടെ മലയാളിയുടെ ഭാവുകത്വത്തെ മാറ്റിമറിച്ച സേതു എന്നീ പ്രതിഭകളാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ പ്രണാമമേറ്റുവാങ്ങിയത്.
അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഏഴാമത് എഡിഷന്‍ 2026 ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നുവരെ കനകക്കുന്നിലാണ് അരങ്ങേറുക. വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നായി 400-ലധികം പ്രതിഭകള്‍ സംഗമിക്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവാണ് അക്ഷരോത്സവത്തിന്റെ ഇത്തവണത്തെ ക്യുറേറ്റര്‍.