അന്നെഴുതിയാല്‍ പതിനഞ്ചോ ഇരുപതോ രൂപ കിട്ടും, ഒരുമാസം ജീവിക്കാന്‍ അത് മതിയായിരുന്നു- സി. രാധാകൃഷ്ണന്‍

മാതൃഭൂമിയെന്നൊരു സ്ഥാപനം ഇല്ലായിരുന്നെങ്കില്‍ ഇന്ന് താനെന്നൊരു എഴുത്തുകാരനോ കോളേജ് വിദ്യാര്‍ഥിയോ പോലും ഉണ്ടാകില്ലായിരുന്നുവെന്ന് സി. രാധാകൃഷ്ണന്‍. മാതൃഭൂമി തന്റെ രണ്ടാമത്തെ വീടാണെന്നും തനിക്ക് എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാവുന്ന ഇടമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വിളംബരമായി നടത്തിയ പ്രതിഭാ പ്രണാമത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡിസര്‍ക്കിളിലെ വിദ്യാര്‍ഥികളും മാതൃഭൂമിയും ചേര്‍ന്നാണ് ആദരം അര്‍പ്പിച്ചത്.
'മാതൃഭൂമിയാണ് എന്റെ രണ്ടാമത്തെ വീട്. മാതൃഭൂമിയെന്നൊരു സ്ഥാപനം ഇല്ലായിരുന്നെങ്കില്‍ ഞാനെന്നൊരു എഴുത്തുകാരനോ കോളേജ് വിദ്യാര്‍ഥിയോ പോലും ഉണ്ടാകില്ലായിരുന്നു. 1957 കാലഘട്ടത്തില്‍ മാതൃഭൂമി സണ്‍ഡേയില്‍ രണ്ടരയോ മൂന്നോ സെന്റീമീറ്റര്‍ വലിപ്പത്തിൽ എഴുതുമായിരുന്നു. അന്ന് പതിനഞ്ചോ ഇരുപതോ രൂപ കിട്ടും. അന്ന് ഒരുമാസം ജീവിക്കാന്‍ അത് മതിയായിരുന്നു. മാതൃഭൂമി നടത്തിയ നോവല്‍ മത്സരത്തില്‍ ഞാന്‍ വിജയിച്ചു. അന്ന് സമ്മാനം കിട്ടി. അങ്ങനെയാണ് ഞാനൊരു എഴുത്തുകാരനാകുന്നത്', പ്രതിഭാ പ്രണാമത്തില്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെ സി. രാധാകൃഷ്ണന്‍ പറഞ്ഞു.
അക്ഷരങ്ങളും ആശയങ്ങളും കലകളും മേളിക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വിളംബരം ചെയ്തിരിക്കുന്നത് മലയാള സര്‍ഗാത്മകതയുടെ ഏഴു പ്രതിഭകളെ പ്രണമിച്ചുകൊണ്ടാണ്. മാതൃഭൂമിയും പുതിയ തലമുറയിലെ കുട്ടികളും ചേര്‍ന്ന് ഡോ. എം. ലീലാവതി, ടി. പത്മനാഭന്‍, നിലമ്പൂര്‍ ആയിഷ, കലാമണ്ഡലം ഗോപി, സി. രാധാകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി, സേതു എന്നീ പ്രതിഭകളെ അവരുടെ വീടുകളില്‍ ചെന്നാണ് പ്രണമിച്ചത്. കുട്ടികള്‍ എഴുത്തുകാരുമായി സംവാദവും നടത്തി.
അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഏഴാമത് എഡിഷന്‍ 2026 ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നുവരെ കനകക്കുന്നിലാണ് അരങ്ങേറുക. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി 400-ൽ അധികം പ്രതിഭകള്‍ സംഗമിക്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവാണ് അക്ഷരോത്സവത്തിന്റെ ഇത്തവണത്തെ ക്യുറേറ്റര്‍.