'ഒറ്റ മണിയിൽ വിരലമർത്തി കാലം പേരുകൾ വിളിച്ചുപറയുന്നു'; മേതിൽ

#വിനോദ് മങ്കര
മേതില്‍: ഫോട്ടോ: പി.പി ബിനോജ്‌
മേതില്‍: ഫോട്ടോ: പി.പി ബിനോജ്‌

എഴുത്തച്ഛൻ പുരസ്‌കാരത്തെക്കുറിച്ച് അറിഞ്ഞ വേളയിൽ മേതിൽ രാധാകൃഷ്ണൻ എഴുത്തുകാരനും സംവിധായകനുമായ വിനോദ് മങ്കരയോട് നടത്തിയ പ്രതികരണം.

അവ്യത്യസ്ത സ്ഥലകാലങ്ങളിൽ ഒറ്റയ്ക്ക് സംഭവിച്ച ചില കാര്യങ്ങൾ ചിലപ്പോൾ എങ്ങനെയോ അന്യോന്യം വരയിട്ട് ഒരു തുടർച്ചയാകുന്നു. ഒടുവിൽ ഈ തുടർച്ച നമ്മിൽ ഒരു സമാപനമാകുമ്പോൾ മാത്രമാണ് അതൊരു തുടർച്ചയായിരുന്നെന്നു പോലും നാം തിരിച്ചറിയുന്നത്. യാദൃച്ഛികങ്ങളുടെ വിളയാട്ടം. എന്റെ എഴുത്തിലും ജീവിതത്തിലും ഇത് സാധാരണം. ഇതൊരു ആഘോഷമാകാം, ജീവപര്യന്ത ഏകാന്തത്തടവുമാകാം. രണ്ടും ഞാൻ സമീപഭൂതത്തിൽ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

കല്പറ്റ നാരായണനും ഞാനും നാലു തവണ കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ ഒരൊറ്റ കൂടിക്കാഴ്ചയ്ക്ക് ശേഷവും ഞങ്ങൾക്കിടയിൽ കത്തിടപാട് ഉണ്ടായിട്ടില്ല, ഫോൺ വിളികൾ ഉണ്ടായിട്ടില്ല, വാട്‌സ്ആപ് വിനിമയങ്ങൾ ഉണ്ടായിട്ടില്ല. ഞങ്ങൾക്കിടയിലെ ആ വിനിമയം ഏതോ ഒരു തുടർച്ചയെ മറച്ചു പിടിക്കുകയായിരുന്നോ? ഏറ്റവും ഒടുവിൽ, പോയ മാർച്ചിൽ, മാതൃഭൂമി പുരസ്‌കാരവുമായി ബന്ധപ്പെട്ട് ഞങ്ങൾ തമ്മിൽ കാണുമ്പോൾ, കൽപ്പറ്റ എന്നെങ്കിലും സാഹിത്യ അക്കാദമിയിൽ എത്തുമെന്ന് അദ്ദേഹമുൾപ്പെടെ ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല.

ഒരിക്കൽ അവാർഡുകളുമായൊന്നും ബന്ധപ്പെടാതെ കല്പറ്റയുടെ മനസ്സിൽ സ്വച്ഛന്ദമായൊരു പട്ടികയുണ്ടായി. ഒരു വരി. ഏതോ ലേഖനത്തിന്റെ ഉപസംഹാരത്തിലെ അത്യുക്തിയിൽ ഒരു ഹൈപ്പർബോൾ. ആ വരി ഇങ്ങനെയായിരുന്നു: 'തുഞ്ചൻ, കുഞ്ചൻ, വി.കെ.എൻ, മേതിൽ... പര പര പര പരമ പാഹിമാം.'

നോക്കൂ, തുഞ്ചനും കുഞ്ചനും ജീവിച്ചിരുന്ന കാലത്ത് കല്പറ്റ ഉണ്ടായിരുന്നില്ല. വി.കെ.എൻ ജീവിച്ചിരുന്ന കാലത്ത്, എനിക്ക് അറിയാവുന്നേടത്തോളം, പുരസ്‌കാര നിശ്ചയങ്ങളൊന്നിലും കല്പറ്റ ഉണ്ടായിരുന്നില്ല. പക്ഷെ, ഒറ്റ മണിയിൽ വിരലമർത്തി കാലം പേരുകൾ വിളിച്ചുപറയുന്നു. സാഹിത്യ അക്കാദമിയുടെ തലപ്പത്തെ ജോലിയിൽ പ്രവേശിച്ച അതേ ദിവസം തന്നെ കല്പറ്റ തന്റെ പട്ടികയിലെ നാലാമത്തെ പേര് വിളിച്ചെന്നാണ് ഞാൻ അറിഞ്ഞത്.

ഇവിടെയൊരു കൂട്ടിച്ചേർക്കലുണ്ട്. രണ്ട് വർഷം മുൻപ് ഒരു വായനക്കാരൻ വളരെ ജിജ്ഞാസയോടെ ചോദിച്ചിരുന്നു: 'എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചാൽ മേതിൽ അതു സ്വീകരിക്കുമോ?' അല്പം നർമ്മവിചാരത്തിലൂടെ ഞാൻ സന്ദർഭോചിതമാക്കിയ മറുപടി കുഞ്ചൻ നമ്പ്യാരുടെ പ്രശസ്തമായ രണ്ടു വരികളുടെ പാരഡിയായിരുന്നു: 'എഴുത്തച്ഛൻ മഹാശ്ചര്യം/എല്ലാർക്കും കിട്ടണം പണം.' ഈ സംഭാഷണം ഞാൻ കല്പറ്റയെ അറിയിച്ചിട്ടില്ല. സംഭവം നടക്കുമ്പോൾ കല്പറ്റയുടെ മനസ്സിലൊരു പട്ടികയുണ്ടായത് ഞാൻ അറിഞ്ഞിട്ടുമില്ല. പിന്നെങ്ങനെയാണ് ഇങ്ങനെയൊരു ഏകോപനം ഉണ്ടായത്! യാദൃച്ഛികങ്ങളുടെ വിളയാട്ടം. രണ്ട് ദിവസം മുൻപ് ഈ വിവരം ഞാൻ അറിയിച്ചപ്പോൾ കല്പറ്റ പറഞ്ഞു, 'മേതിലിന്റെ മാധ്യമം തന്നെ യാദൃച്ഛികങ്ങളാണ്. പ്രകൃതിയുടെയോ ദൈവത്തിന്റെയോ പോലെ.'