ഭാഷയുടെമേല്‍ ആധിപത്യം നേടണം -ടി. പത്മനാഭന്‍

കോഴിക്കോട്: ഭാഷയുടെമേല്‍ ആധിപത്യം നേടണമെന്ന് പുതിയ എഴുത്തുകാരോട് ടി. പത്മനാഭന്‍. മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കഥാമത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കിക്കൊണ്ട് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭക്തനല്ലെങ്കിലും എല്ലാ കര്‍ക്കടകമാസത്തിലും രാമായണം വായിക്കുന്ന ശീലം ഇപ്പോഴുമുണ്ട്. ഭാഷ എങ്ങനെ ഉപയോഗിക്കണമെന്ന് നിശ്ചയമുണ്ടാവുന്നത് വായനയിലൂടെയാണ്. എഴുത്തച്ഛനെ അറിയാതെയും രാമായണം വായിക്കാതെയും ഒരുകുന്തവുമാവില്ലെന്നും പത്മനാഭന്‍ പുതിയ എഴുത്തുകാരോട് പറഞ്ഞു.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എന്‍.വി. കൃഷ്ണവാരിയര്‍ നല്‍കിയ അറിവിന്റെ പിന്തുണ പത്മനാഭന്‍ കൃതജ്ഞതയോടെ സ്മരിച്ചു. കെ.പി. കേശവമേനോനുമായി നേരിട്ടുബന്ധമില്ലെങ്കിലും മാതൃഭൂമിയുടെ സാരഥിയായിരുന്ന കെ. കേളപ്പനുമായി നല്ലബന്ധമായിരുന്നു. ഏഴര ഉറുപ്പിക ആദ്യപ്രതിഫലം വാങ്ങിയ തന്നെ, ഒരുപക്ഷേ ഇന്ത്യയില്‍ ഒരുകഥയ്ക്ക് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കഥാകൃത്താക്കിമാറ്റിയതില്‍ എം.പി. വീരേന്ദ്രകുമാര്‍ നല്‍കിയ പിന്തുണയും പത്മനാഭന്‍ സ്‌നേഹപൂര്‍വം ഓര്‍ത്തു.
Content Highlights: mathrubhumi vishuppathippu, award distribution, writer t padmanabhan, mathrubhumi weekly, kozhikode