മദ്രാസ് പത്രികയും പാരിജാതവും ഡിജിറ്റല്‍ 'ഗ്രന്ഥപ്പുര'യിലേക്ക്

മദ്രാസ് യൂണിവേഴ്സിറ്റി ആര്‍ക്കൈവ്‌
മദ്രാസ് യൂണിവേഴ്സിറ്റി ആര്‍ക്കൈവ്‌

ചെന്നൈ: മദ്രാസ് സര്‍വകലാശാലാ ലൈബ്രറിയിലെ കേരള ബന്ധമുള്ള രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്റെ ഗ്രന്ഥപ്പുര സംരംഭവും മദ്രാസ് സര്‍വകലാശാലാ മലയാളവിഭാഗവും ചേര്‍ന്ന് തുടക്കം കുറിച്ചു. 1945-ല്‍ പ്രസിദ്ധീകരിച്ചിരുന്ന മദ്രാസ് പത്രികയുടെയും 1949-ലെ പാരിജാതം മാസികയുടെയും ലക്കങ്ങളാണ് ആദ്യദിവസം ഡിജിറ്റല്‍ രൂപത്തിലേക്കുമാറ്റിയത്.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ രണ്ടുകെട്ടിടങ്ങളിലായി സൂക്ഷിച്ചിട്ടുള്ള അഞ്ചു ലക്ഷത്തോളം ഗ്രന്ഥങ്ങളില്‍നിന്ന് കേരളവുമായി ബന്ധപ്പെട്ട രേഖകള്‍ തിരഞ്ഞെടുത്താണ് ഡിജിറ്റൈസ് ചെയ്യുന്നത്. നിലവില്‍ ആര്‍ക്കും ഉപയോഗപ്പെടുത്താനാവാതെ കിടക്കുന്ന ഈ രേഖകള്‍ വൈകാതെ ഗ്രന്ഥപ്പുരയുടെ വെബ്‌സൈറ്റായ https://gpura.org കൂടി സൗജന്യമായി ലഭ്യമാകും.

മദ്രാസ് യൂണിവേഴ്സിറ്റി ആര്‍ക്കൈവില്‍ കേരളവുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു രേഖകളുടെ ശേഖരമുണ്ടെന്ന് ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഷിജു അലക്‌സ് പറഞ്ഞു. കേരള രൂപവത്കരണത്തിനുമുന്‍പ് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറുമായി ബന്ധപ്പെട്ട രേഖകളുടെ വലിയ ഒരു ശേഖരംതന്നെ ഇവിടുണ്ട്. ഷിജുവിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് രേഖകള്‍ തിരഞ്ഞെടുത്ത് ഡിജിറ്റൈസ് ചെയ്യുന്നത്. മദ്രാസ് സര്‍വകലാശാല മലയാളവിഭാഗം അധ്യക്ഷന്‍ പ്രൊഫ. പി.എം. ഗിരീഷ്, മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഒ.കെ. സന്തോഷ്, യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ വി.കെ. കാലൈയപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച ഡിജറ്റൈസേഷന്‍ പ്രവൃത്തി തുടങ്ങിയത്.

മദ്രാസ് യൂണിവേഴ്‌സിറ്റി ആര്‍ക്കൈവ്‌

കേരളവുമായി ബന്ധപ്പെട്ട എല്ലാത്തരം രേഖകളും ഡിജിറ്റൈസ് ചെയ്ത് ആര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ ഓണ്‍ലൈനില്‍ അടുക്കിവെച്ചു സംരക്ഷിക്കുക എന്നതാണ് ഗ്രന്ഥപ്പുര സംരംഭത്തിന്റെ പ്രവര്‍ത്തനോദ്ദേശ്യം. ഇതിനകം 5000- ഓളം കേരളരേഖകളുടെ നാലരലക്ഷത്തിലധികം താളുകള്‍ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു.

മദ്രാസ് യൂണിവേഴ്സിറ്റിക്കു പുറമേ, ചെന്നെയില്‍ വിവിധസ്ഥാപനങ്ങളിലും വ്യക്തികളുടെ അടുത്തും കേരളരേഖകളുടെ വിവിധ ശേഖരങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടപ്പുണ്ടെന്ന് ഷിജു അലക്‌സ് പറഞ്ഞു.

അവ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനും ഗ്രന്ഥപ്പുര സംരംഭം ഉദ്ദേശിക്കുന്നുണ്ട്. സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ഗ്രന്ഥപ്പുരയുടെ പ്രതിനിധിയെ 
8112110112 എന്ന നമ്പറില്‍ വിളിക്കുകയോ contact@indicarchive.org എന്ന വിലാസത്തില്‍ മെയിലയക്കുകയോ ചെയ്യാവുന്നതാണ്.
 

Content Highlights: madras patrika and parijatham digitised by madras university library