'ഇത് എം.ടിയ്ക്കുള്ള എന്റെ എളിയ ആദരം'; നിഴലും വെളിച്ചവും ചാലിച്ച് ജീവിതം ചോരാതെ ഒരു ചിത്രപ്രദര്‍ശനം

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ 'നാലുകെട്ട്' നോവലിനെ ആസ്പദമാക്കി 'നാലുകെട്ട്: നിഴലും വെളിച്ചവും' ചിത്രപ്രദര്‍ശനത്തിന് ശനിയാഴ്ചയാണ് ലളിതകലാ അക്കാദമിയില്‍ തുടക്കമായത്. നോവലിലെ സുപ്രധാന സന്ദര്‍ഭങ്ങളില്‍ നിന്നും നാല്‍പത്തിനാല് ചിത്രങ്ങളാണ് റിട്ട. സബ് രജിസ്ട്രാര്‍ ആയ എന്‍.എം. ജയരാജ് ഒരുക്കിയ അക്രിലിക്ക് ചിത്രപ്രദര്‍ശനത്തിലുള്ളത്.
ശനിയാഴ്ച വൈകീട്ട് ആര്‍ട്ടിസ്റ്റ് മദനന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍ ആഘോഷിച്ച എം.ടിയ്ക്ക് സമര്‍പ്പിക്കുന്ന ആദരമാണ് ഈ പ്രദര്‍ശനമെന്ന് എന്‍.എം. ജയരാജ് പറഞ്ഞു.
"ഡിസംബറിലാണ് ഈ ചിത്രങ്ങള്‍ വരയ്ക്കാന്‍ ആരംഭിച്ചത്. അതിന് മുമ്പ് ഞാന്‍ ഒരു സ്‌കെച്ചുണ്ടാക്കി എം.ടി. സാറിന് കാണിച്ചുകൊടുത്തിരുന്നു. 'വരച്ചോളൂ'എന്നുപറഞ്ഞ് അദ്ദേഹം വര തുടങ്ങാനുള്ള അനുമതി തന്നു. അങ്ങനെ ഈ വര്‍ക്കില്‍ മുഴുകുകയായിരുന്നു", ചിത്രകാരന്‍ പറയുന്നു.
കഴിഞ്ഞവര്‍ഷമാണ് ജയരാജ് സര്‍വീസില്‍നിന്ന് വിരമിച്ചത്. വീട്ടിലിരുന്നുതന്നെയാണ് ചിത്രങ്ങള്‍ വരച്ചുതീര്‍ത്തത്. വരയ്ക്കാന്‍ ചെറുപ്പംമുതലേ ഇഷ്ടമായിരുന്നു. എന്നാല്‍ ആദ്യമായാണ് സ്വന്തം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ല. മൂത്ത സഹോദരന്‍ എന്‍.എം. മോഹനന്‍ അത്യാവശ്യം വരയ്ക്കും. ഒരിക്കല്‍ ജയരാജ് വരച്ച ചിത്രം കണ്ട് ഒരാള്‍ തെറ്റ് ചൂണ്ടിക്കാണിച്ച് കൊടുത്തപ്പോഴാണ് മ്യൂറല്‍ പെയിന്റിങ് പഠിക്കാന്‍ തീരുമാനിച്ചത്.
'ഏതെങ്കിലുമൊരു നോവല്‍ വരയ്ക്കാനെടുക്കാം എന്നാണ് ആദ്യം വിചാരിച്ചത്. ചെറുപ്പം മുതല്‍ക്കേ ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന നോവലാണ് എം.ടി. വാസുദേവന്‍ നായരുടെ 'നാലുകെട്ട്'. എന്റെ ജ്യേഷ്ഠന്‍ പ്രീ-ഡിഗ്രി പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ കൈയില്‍ ഈ പുസ്തകമുണ്ടായിരുന്നു. 1959-ലെ ആദ്യ എഡിഷനായിരുന്നു അത്. 12 ഉറുപ്പികയായിരുന്നു വില. ജീവിതത്തില്‍ എപ്പോഴും തഴയപ്പെട്ട് പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയായ അപ്പുണ്ണിയെ വായിച്ചപ്പോള്‍ എനിക്ക് വലിയ പ്രചോദനം തോന്നി. അന്ന് ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ്. 'നാലുകെട്ട്' വായിച്ചതിന് കണക്കില്ല. അത്രയേറെ ഇഷ്ടപ്പെട്ട പുസ്തകമാണത്. അതുകൊണ്ടുതന്നെ പുസ്തകത്തിലെ സന്ദര്‍ഭങ്ങള്‍ മനസ്സില്‍ കാണുമായിരുന്നു. നോവലിലെ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങള്‍ മാത്രമാണ് വരച്ചത്'- അദ്ദേഹം പറഞ്ഞു.
പ്രഭാ ഭരതന്റെ 'തീരം തേടുന്നവള്‍' എന്ന നോവലിനായും ജയരാജ് വരച്ചിട്ടുണ്ട്. അതുകണ്ട ശ്യാം കുമാര്‍ കക്കാട് വരയ്ക്കാന്‍ പ്രോത്സാഹിപ്പിച്ചു. ഏതെങ്കിലും നോവലിലെ സന്ദര്‍ഭങ്ങള്‍ വരയ്ക്കാം എന്ന ആലോചനയിലേക്കെത്തിയപ്പോഴാണ് 'നാലുകെട്ട്' തന്നെ വരയ്ക്കാം എന്ന് തീരുമാനിക്കുന്നത്.
എം.ടി.യുടെ രേഖാചിത്രം
എം.ടി. സാര്‍ വീട്ടില്‍ വിശ്രമത്തിലായതിനാല്‍ അദ്ദേഹത്തിന് ഈ പെയിന്റിങുകള്‍ കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. വൈകാതെ അതിന് സാധിക്കുമെന്ന് കരുതുന്നു - ജയരാജ് പറഞ്ഞു.
'നാലുകെട്ടി'ലെ സന്ദര്‍ഭങ്ങള്‍ വിവരിക്കുന്ന ചുരുക്കെഴുത്തുകളോടൊപ്പമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 16-വരെ നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
Content Highlights: Nalukettu novel painting exhibition at Kerala Lalitha kala Academy Art Gallery