കുട്ടികൃഷ്ണമാരാര്‍; അക്ഷരസമ്പത്തിന്റെ ആശാന്‍

കോഴിക്കോട്: അക്ഷരസമ്പത്തുകൊണ്ട് മലയാളിയുടെ മനസ്സില്‍ ഇടംനേടിയ അതുല്യനിരൂപകനാണ് കുട്ടികൃഷ്ണമാരാര്‍. വിമര്‍ശനത്തെ സര്‍ഗാത്മകകലയാക്കി മാറ്റിയ സാഹിത്യസമ്രാട്ട്. ഭാരതപര്യടനം, കല ജീവിതംതന്നെ, സാഹിത്യഭൂഷണം, സാഹിത്യസല്ലാപം തുടങ്ങി ഒട്ടേറെ ചിന്തോദ്ദീപകകൃതികള്‍ മാരാരുടെ പേനയില്‍നിന്ന് പിറന്നു. മാതൃഭൂമിയുടെ ചീഫ് പ്രൂഫ് റീഡറായിരുന്നു. അദ്ദേഹത്തിന്റെ 50-ാം ചരമവാര്‍ഷികമായിരുന്നു വ്യാഴാഴ്ച.
ആശ്രമം സ്‌കൂളിനും കണ്ണഞ്ചേരിക്കുമിടയില്‍ റെയിലിന് പടിഞ്ഞാറുഭാഗത്തായിരുന്നു മാരാരുടെ ഋഷിപ്രസാദം എന്ന ഭവനം. വര്‍ഷങ്ങള്‍ക്കുമുമ്പേ വിറ്റുപോയ ആ വീടിന്റെ ഒരു ഭാഗംമാത്രമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂവെന്ന് പാസ്‌പോര്‍ട്ട് ഓഫീസില്‍ ഉദ്യോഗസ്ഥയായിരുന്ന ഇളയമകള്‍ ദുര്‍ഗ പറഞ്ഞു.
''മുറിയില്‍ എപ്പോഴും എഴുത്തും വായനയുമായിരിക്കുമായിരുന്നു അച്ഛന്‍. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ നാരായണികുട്ടിമാരസ്യാര്‍ ഞങ്ങളെ വിട്ടുപോയി. പിന്നെ തിരക്കിനിടയിലും ഞങ്ങളുടെ കാര്യങ്ങളെല്ലാം നോക്കിയത് അച്ഛന്‍തന്നെയായിരുന്നു'' -ദുര്‍ഗ പറഞ്ഞു.
നാലാമത്തെ മകള്‍, ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായിരുന്ന സുജാത കോഴിക്കോട് കണ്ണഞ്ചേരിക്കടുത്ത് താമസിക്കുന്നുണ്ട്. ഏഴുമക്കളില്‍ മറ്റാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മൂത്തമകന്‍ മുരളീധരന്‍ മാതൃഭൂമിയില്‍ സ്‌പെഷ്യല്‍ അക്കൗണ്ടന്റായിരുന്നു. അദ്ദേഹമാണ് 1977-ല്‍ മാരാര്‍ സാഹിത്യപ്രകാശം തുടങ്ങി കൂടുതല്‍ കൃതികള്‍ പുറത്തിറക്കിയത്. പേരക്കുട്ടിയായ എം.കെ. സത്യനാരായണനാണ് ഇതിന്റെ ചുമതല.
'ഭാരതപര്യടനം' എത്രയോ തലമുറയെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കൃതികളുടെ സമ്പൂര്‍ണസമാഹാരം പുറത്തിറക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കുട്ടികൃഷ്ണമാരാരെ അനുസ്മരിച്ചുകൊണ്ട് എഴുത്തുകാരന്‍ എം.എന്‍. കാരശ്ശേരി പറഞ്ഞു.
Content Highlights: Kuttikrishna Marar, 50th death anniversary, Mathrubhumi