കെ.പി.എ.സി.യുടെ 67-ാം നാടകം; ഉറൂബിന്റെ 'ഉമ്മാച്ചു' അരങ്ങിലേക്ക്

വടകര: ഉറൂബിന്റെ തൂലികയില്‍പിറന്ന 'ഉമ്മാച്ചു' എഴുപതാം വര്‍ഷത്തില്‍ അരങ്ങിലേക്ക്. അതും മലയാളനാടകവേദിയില്‍ വിപ്ലവം തീര്‍ത്ത കെ.പി.എ.സി.യിലൂടെ. സെപ്റ്റംബര്‍ പത്തിന് വടകരയിലാണ് ആദ്യപ്രദര്‍ശനം.
രണ്ട് ചരിത്രമുഹൂര്‍ത്തങ്ങള്‍ സംഗമിക്കുന്ന വേളയിലാണ് കെ.പി.എ.സി. 67-ാമത് നാടകമായി 'ഉമ്മാച്ചു'വിനെ തിരഞ്ഞെടുത്തത്. കെ.പി.എ.സി.യുടെ പ്ലാറ്റിനംജൂബിലിവര്‍ഷം, തോപ്പില്‍ ഭാസിയുടെ ജന്മശതാബ്ദിയും.
എന്നും ഓര്‍ക്കുന്ന ഒരു സൃഷ്ടിതന്നെ ഈ വേളയില്‍ നാടകമാകണമെന്ന സംഘാടകരുടെ ആഗ്രഹത്തില്‍നിന്നാണ് 'ഉമ്മാച്ചു' നാടകമാകുന്നത്. സെപ്റ്റംബര്‍ പത്തിന് 10 മുതല്‍ വടകര ടൗണ്‍ഹാളില്‍ കെ.പി.എ.സി. പ്ലാറ്റിനംജൂബിലി, തോപ്പില്‍ഭാസി ജന്മശതാബ്ദി പരിപാടികള്‍ നടക്കും. വൈകീട്ടാണ് നാടകാവതരണം അരങ്ങേറുക.
'എല്ലാ കാലത്തും കെ.പി.എ.സി. ക്ലാസിക് നോവലുകളെ അടിസ്ഥാനമാക്കി നാടകം ചെയ്യാറുണ്ട്. പലപ്പോഴും തിരഞ്ഞെടുക്കുക കാലോചിതമായി അവതരിപ്പിക്കാന്‍ കഴിയുന്ന സൃഷ്ടികളായിരിക്കും. അത്തരത്തിലൊരു സൃഷ്ടിയാണ് 'ഉമ്മാച്ചു'- കെ.പി.എ.സി. സെക്രട്ടറി അഡ്വ. എ. ഷാജഹാന്‍ പറഞ്ഞു.
'ഉമ്മാച്ചു'വിന് നാടകാവിഷ്‌കാരം നല്‍കുന്നത് വടകരക്കാരനായ നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥയാണ്. സംവിധാനം മറ്റൊരു വടകരക്കാരന്‍ മനോജ് നാരായണന്‍. നാടകത്തില്‍ ബീരാനായി അഭിനയിക്കുന്നത് ഷിനില്‍ വടകര. അനിത ഷെല്‍വിയാണ് ഉമ്മാച്ചുവായി വേഷമിടുന്നത്. മായനായി കലേഷ് കെ.പി.എ.സി. വരുന്നു. ശ്രീകുമാരന്‍ തമ്പിയുടേതാണ് ഗാനങ്ങള്‍.
Content Highlights: KPAC plans to play Ummachu novel written by Uroob