സാഹിത്യനഗരപദവി: കോഴിക്കോടിന്റെ പേരില്‍ ഇനി പോസ്റ്റല്‍കവറും

കോഴിക്കോട് മിഠായിത്തെരുവിലെ എസ്.കെ.പൊറ്റക്കാടിന്റെ പ്രതിമ | ഫയല്‍ചിത്രം | ഫോട്ടോ: കെ.കെ.സന്തോഷ്/ മാതൃഭൂമി
കോഴിക്കോട് മിഠായിത്തെരുവിലെ എസ്.കെ.പൊറ്റക്കാടിന്റെ പ്രതിമ | ഫയല്‍ചിത്രം | ഫോട്ടോ: കെ.കെ.സന്തോഷ്/ മാതൃഭൂമി

കോഴിക്കോട്: രാജ്യത്താദ്യമായി യുനെസ്‌കോ സാഹിത്യനഗര പദവി നേടിയ കോഴിക്കോടിന്റെ പേരില്‍ ഇനി പോസ്റ്റല്‍കവറും. കോഴിക്കോടിനോടുള്ള ആദരസൂചകമായാണ് തപാല്‍വകുപ്പ് സ്‌പെഷ്യല്‍ കവര്‍ ഇറക്കുന്നത്.

മാര്‍ച്ച് മൂന്നിന് രാവിലെ പത്തിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഖിലേന്ത്യാ തപാല്‍ കലാമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സയ്യിദ് റഷീദ് പ്രകാശനംചെയ്യും.

റഫീഖ് അഹമ്മദ് ഏറ്റുവാങ്ങും. പ്രധാനപ്പെട്ട സംഭവങ്ങളെയും സ്ഥാപനങ്ങളെയും മണ്മറഞ്ഞുപോയ പ്രമുഖവ്യക്തികളെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ഭാരതസര്‍ക്കാരിന്റെ കീഴിലുള്ള തപാല്‍വകുപ്പ് ഇത്തരത്തിലുള്ള സ്‌പെഷ്യല്‍ കവര്‍ ഇറക്കുന്നത്. മാര്‍ച്ച് മൂന്ന്, നാല്, അഞ്ച്, ആറ്് തീയതികളില്‍ മൂന്നുവേദികളിലായാണ് അഖിലേന്ത്യാ തപാല്‍ കലാമേള നടക്കുന്നത്. കവി റഫീഖ് അഹമ്മദാണ് മേള ഉദ്ഘാടനംചെയ്യുക.

രാജ്യത്തെ 17 പോസ്റ്റല്‍ സര്‍ക്കിളുകളില്‍നിന്നായി ആറുപതിലേറെ ഇനങ്ങളില്‍ 300-ഓളം പേര്‍ മത്സരിക്കും. തപാല്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായിരിക്കും മത്സരാര്‍ഥികള്‍. ഏഴിന് രാവിലെ 10-ന് സമാപനസമ്മേളനത്തില്‍ കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ജെ.ടി. വെങ്കിടേശ്വരലു മുഖ്യാതിഥിയായിരിക്കും. 25 വര്‍ഷത്തിനു ശേഷമാണ് കോഴിക്കോട് അഖിലേന്ത്യാ തപാല്‍ കലാമേളയ്ക്ക് വേദിയാവുന്നത്.

Content Highlights: Kozhikode, India`s first UNESCO City of Literature, is honored with a special postal cover