ചരുവിലിന്റെ കുരു അദ്ദേഹംതന്നെ ചൊറിയട്ടെ, വിഷയം ഞാനല്ല, ആശാസമരമാണ്- പ്രതികരണവുമായി ജെ. ദേവിക

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായ എം.സ്വരാജിനെ പിന്തുണച്ച എഴുത്തുകാര്‍ക്കെതിരെ പ്രതികരിച്ച ജെ. ദേവികയെ പരിഹസിച്ച് അശോകന്‍ ചരുവില്‍ എഴുതിയ ഫേസ്ബുക് പോസ്റ്റ് വാര്‍ത്തയായതിനുപിന്നാലെ അശോകന്‍ ചരുവിലിന് മറുപടിയുമായി ജെ. ദേവിക രംഗത്തെത്തി. ഇപ്പോഴത്തെ വിഷയം താനല്ലെന്നും ആശാവര്‍ക്കര്‍മാരുടെ സമരമാണെന്നും ദേവിക പറയുന്നു. തങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തെളിവുകളെ അവഗണിക്കുന്ന ശീലം പണ്ടേ മാര്‍ക്‌സിറ്റുകള്‍ക്ക് ഉള്ളതാണെന്നും അവരുതെ അപചയകാലത്ത് അത് തീവ്രമായിരിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ദേവിക പറയുന്നു. ജെ. ദേവികയുടെ പ്രതികരണത്തിലേക്ക്...
അശോകന്‍ ചരുവില്‍ എഴുതിയ പ്രതികരണം പലരും എനിക്ക് അയച്ചുതന്നു. തങ്ങള്‍ മാത്രമാണ് ഇടതുപക്ഷമെന്ന് സ്വയം അവകാശപ്പെടുകയും പറഞ്ഞുതീരുംമുമ്പേ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കു നേരെ പരസ്യമായി കാര്‍ക്കിച്ചുതുപ്പുകയും ചെയ്യുന്ന കക്ഷിയെ അതിനോടു ചേര്‍ന്നുനില്‍ക്കുന്ന സാംസ്‌കാരികപ്രവര്‍ത്തകര്‍ തിരുത്താന്‍ ശ്രമിക്കണം, അല്ലാതെ വെറും വാഴ്ത്തുപാട്ടുകാരാകരുത്, ആ ഉത്തരവാദിത്വം ഏല്‍ക്കാതിരിക്കുന്നത് മഹാവൃത്തികേടാണ് -ഇത്രയും ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കുന്നു.
സാംസ്‌കാരികപ്രവര്‍ത്തകരുടെ സ്തുതിപാഠകനില സോഷ്യലിസ്റ്റ് മൂല്യങ്ങളെ തളര്‍ത്തുകയേ ഉള്ളൂ എന്നതിന് എത്രയോ തെളിവുകളുണ്ട്, സോഷ്യലിസത്തിന്റെ ലോകചരിത്രത്തില്‍. തങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തെളിവുകളെ അവഗണിക്കുന്ന ശീലം പണ്ടേ മാര്‍ക്‌സിസ്റ്റുകള്‍ക്കുള്ളതാണ്. അവരുടെ അപചയകാലത്ത് അത് തീവ്രമായിരിക്കുന്നു.
ശ്രീ ചരുവിലിന്റെ വലിയ വെറുപ്പ് പാണ്ഡിത്യത്തോടാണെന്ന് വ്യക്തം. എന്നെ അദ്ദേഹം 'പണ്ഡിതരത്‌നം' എന്നാണ് പുച്ഛിച്ചിരിക്കുന്നത്. പക്ഷേ ഇതുകണ്ടപ്പോള്‍ ചെറിയൊരു കുളിര് തോന്നാതിരുന്നില്ല.
അറിഞ്ഞോ അറിയാതെയോ ഇതു പണ്ട് ഇ.എം.എസ് കേസരിയെ വിളിച്ച തെറിയോട് സമാനമായിപ്പോയി. 'ബൂര്‍ഷ്വാ പണ്ഡിതമൂഢന്‍' എന്നായിരുന്നു ഇ.എം.എസ് കേസരി ബാലകൃഷ്ണപിള്ളയെ വിശേഷിപ്പിച്ചത്. അന്ന് 'ബൂര്‍ഷ്വാ' ആയിരുന്നു വെറും വിവരദോഷി മുതല്‍ വലിയ സൈദ്ധാന്തികപുലി വരെ (അതെന്താണെന്നുപോലും മനസ്സിലാക്കാതെ) ഇഷ്ടമില്ലാത്തവരെ വിളിച്ചിരുന്ന മുട്ടന്‍തെറിയെങ്കില്‍, ഈ അംബേദ്ക്കറൈറ്റ് യുഗത്തില്‍ അതിന്റെ സ്ഥാനം 'നവബ്രാഹ്‌മണിസ്റ്റ്' ഏറ്റെടുത്തിരിക്കുന്നു. എല്ലാം ഓരോരോ മായ, അല്ലാതെന്തു പറയാന്‍.
എന്റെ പാണ്ഡിത്യത്തിന്റെ അംഗീകാരം ശ്രീ ചെരുവിലില്‍ നിന്നോ അദ്ദേഹത്തിന്റെ കക്ഷിയില്‍ നിന്നോ അല്ല, എന്റെ സ്വക്ഷേത്രമായ ഗവേഷണലോകത്തില്‍ നിന്നും, ഇടയ്ക്ക് നില്‍ക്കാറുള്ള പരിഭാഷാലോകത്തില്‍ നിന്നുമാണ്. കണ്ടവന്റെ ബൗദ്ധികമുതല്‍ കട്ടെടുത്തുകൊണ്ടുവന്ന് മലയാളത്തിലേക്ക് (മോശമായി) മാറ്റിയുണ്ടാക്കിയ പാണ്ഡിത്യമല്ലാത്തതുകൊണ്ട് നിങ്ങളുടെ അംഗീകാരം വേണ്ടിവന്നില്ല, സോറി.
അതുതന്നെയാണ് എന്റെ ഫെമിനിസ്റ്റ് ക്രെഡന്‍ഷ്യലുകളുടെയും സ്ഥിതി. കേരളത്തില്‍ അതിന്റെ കുത്തക ഏറ്റിരിക്കുന്ന ഇടതുപക്ഷം എന്നെ എത്ര അവഗണിച്ചാലും അത് അവിടെത്തന്നെയുണ്ടാകും. കാരണം നിങ്ങളല്ല അവ എനിക്കു തന്നത്.
പില്‍ക്കാലത്ത് താന്‍ വിളിച്ച തെറിയെ തനിയെ വിഴുങ്ങേണ്ടിവന്നു, ഇ.എം.എസ്സിന്. അതുപോലെയാകാം എന്റെയും ഭാവി (ചാവടയന്തിരം കഴിയുമ്പോള്‍ മാത്രം). അതോര്‍ത്തപ്പോഴാണ് കുളിര് തോന്നിയത്.
പക്ഷെ ചരുവിലിന്റെ ഡാവടി അവിടെ നില്‍ക്കട്ടെ. ഇപ്പോഴത്തെ വിഷയം ഞാനല്ല, ആശാസമരമാണ്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നോക്കണ്ട.
ചരുവിലിന്റെ പിച്ച്-പെയ്പറച്ചിലിനെക്കാള്‍ വൃത്തികേട് സത്യത്തില്‍ സി.പി.എം അനുസരണക്കാര്‍ സാമൂഹികമാധ്യമങ്ങളില്‍ വളരെ വസ്തുതാപരമെന്ന മട്ടില്‍ നടത്തുന്ന പ്രചരണമാണ്. തൊഴിലാളിവിരുദ്ധത എത്രത്തോളം അവര്‍ക്ക് സാധാരണമായിരിക്കുന്നുവെന്നതിന് തെളിവാണ് ഈ ക്യാപ്‌സ്യൂളുകള്‍. നഴ്‌സുമാര്‍ക്ക് 9000-13000 വരെയെ ശമ്പളമുള്ളൂ, അതുകൊണ്ട് അതിലധികം ആശാത്തൊഴിലാളികള്‍ ചോദിക്കണ്ടെന്നു പറയാന്‍, അതിലെ വമ്പന്‍ അനീതിയെ ന്യായപൂര്‍ണമെന്നോണം ആനയിക്കാന്‍, അവര്‍ക്കു പ്രയാസമേയില്ല. കേരളത്തിലെ നഴ്‌സുമാരുടെ ദയനീയസ്ഥിതിയെ അവര്‍ കാണുന്നതേയില്ല - അവര്‍ക്കത് സഹിക്കാമെങ്കില്‍ ആശമാര്‍ എന്തുകൊണ്ട് സഹിക്കുന്നില്ലെന്ന ചോദ്യത്തിലെ ധാര്‍ഷ്ട്യവും വരേണ്യതയും അവര്‍ക്കു തിരിയുന്നതേയില്ല. ഭൂരിപക്ഷം ആശമാര്‍ക്കും 7000-ത്തിനു മുകളില്‍ ശമ്പളം കിട്ടിയെന്നും മറ്റും തട്ടിവിടുമ്പോള്‍, അത് ഏപ്രില്‍മാസത്തിലെ വേതനമാണെന്ന വസ്തുത മറച്ചുവയ്ക്കാന്‍ മടിയില്ല. ഇപ്പോള്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ അവരുടെ വേതനത്തെ മോശമായി ബാധിക്കുമെന്നത് പകല്‍ പോലെ വ്യക്തമാണെങ്കിലും ഇക്കൂട്ടര്‍ അത് കണ്ടില്ലെന്നു നടിക്കും. മാത്രമല്ല, ഇവരുടെ കൂട്ടരായ ആശമാര്‍ തന്നെ തങ്ങള്‍ക്ക് 13,000 കിട്ടിയാലും അതു തീരെ മതിയാവുന്നില്ലെന്നും ദിവസം 500 രൂപയെങ്കിലും ആക്കണമെന്നും ആവശ്യപ്പെടുന്നത് അവര്‍ കേള്‍ക്കുന്നുമില്ല (ന്യൂസ് മിനിറ്റില്‍ ഈയടുത്തിടെ വന്ന ലേഖനത്തില്‍). അല്ല, ഇത്ര സംതൃപ്തരാണ് ആശമാരെങ്കില്‍, അവരുടെ ഓണറേറിയം തികച്ചും മതിയാകുംവിധമാണെങ്കില്‍, പിന്നെ തെരെഞ്ഞെടുപ്പു മാനിഫെസ്റ്റോയില്‍ സി.പി.എം എന്തിനാണ് അവര്‍ക്ക് മിനിമം കൂലി വാഗ്ദാനം ചെയ്തത്? കൃത്യമായി ചെയ്താല്‍ ഒരു ടാസ്‌കിന് മാസം 700 രൂപാ വീതം കേരളസര്‍ക്കാര്‍ കൊടുക്കുന്ന ആ ടാസ്‌കുകള്‍ ഏറ്റെടുക്കാന്‍ വേറെ ആളെ കിട്ടാതെ പോയത് എന്തുകൊണ്ടാണ്. മുമ്പൊരു ആശാവര്‍ക്കര്‍ ചോദിച്ചതുപോലെ, ഈ ജോലികള്‍ ഇത്ര എളുപ്പമാണെങ്കില്‍ മന്ത്രിമാരുടെ ഭാര്യമാരും സി.പി.എം വനിതാനേതാക്കളും അതങ്ങു ചെയ്യട്ടെ...
അതുകൊണ്ട് ഇത്തരം കുപ്രചരണത്തെയാണ്, അതിന്റെ അടിയില്‍ കിടക്കുന്ന തികഞ്ഞ മൂല്യവിഹീനതയെയാണ്, നാം നിരന്തരം എതിര്‍ക്കേണ്ടത്. ചരുവിലിന്റെ കുരു അദ്ദേഹം തന്നെ ചൊറിയട്ടെ.
Content Highlights: j devika reacts against asokan charuvil criticism