ഒരു ലക്ഷം പുസ്തകങ്ങളെ ആക്രമിച്ച് വണ്ടുകള്‍; കണ്ടെയ്‌നറുകളില്‍ വെളിച്ചം കടക്കാതെ അമൂല്യഗ്രന്ഥങ്ങള്‍!

ബുഡാപെസ്റ്റ്: മധ്യകാലഘട്ടംമുതല്‍ക്കുള്ള ചരിത്രം അടയാളപ്പെടുത്തിയ അമൂല്യഗ്രന്ഥങ്ങളെയും രേഖകളെയും നാമാവശേഷമാക്കാന്‍പോന്ന ഇത്തിരിക്കുഞ്ഞന്‍മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഹംഗറിയിലെ പാനണ്‍ഹാല്‍മ ആര്‍ച്ചാബ്ബി ലൈബ്രറി. 1000 വര്‍ഷം പഴക്കമുള്ള ലൈബ്രറിയിലെ ഒരുലക്ഷത്തോളം പുസ്തകങ്ങളെ കുഞ്ഞന്‍ വണ്ടുകളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമമാരംഭിച്ചിരിക്കുകയാണ് അധികൃതര്‍. മുപ്ലിവണ്ടുകളോട് സാമ്യമുള്ള 'ഡ്രഗ്സ്റ്റോര്‍ ബീറ്റില്‍' എന്നയൊരിനം വണ്ടുകളാണ് പൊല്ലാപ്പുണ്ടാക്കുന്നത്.
ലൈബ്രറിയിലെ നാലുലക്ഷത്തോളം പുസ്തകങ്ങളില്‍ ഒരുലക്ഷത്തോളം എണ്ണമിരിക്കുന്ന ഷെല്‍ഫുകളാണ് ഇവയുടെ വിഹാരവേദി. ഷെല്‍ഫുകളില്‍നിന്ന് വായുകടക്കാത്ത കണ്ടെയ്നറുകളിലേക്കോ പ്ലാസ്റ്റിക് കൂടുകളിലേക്കോ ആണ് ഗ്രന്ഥങ്ങള്‍ മാറ്റുന്നത്. ആറാഴ്ച ശുദ്ധമായ നൈട്രജന്‍മാത്രമുള്ള പരിസ്ഥിതിയില്‍വെച്ചാല്‍ വണ്ടുകളത്രയും ചത്തൊടുങ്ങുമെന്നാണ് ലൈബ്രറിയധികൃതരുടെ പ്രതീക്ഷ. വണ്ടുനിര്‍മാര്‍ജനവും പുസ്തകങ്ങള്‍ വീണ്ടെടുക്കലും കഴിഞ്ഞ് അടുത്തവര്‍ഷം ആദ്യം ലൈബ്രറി വീണ്ടും തുറക്കും.
യുനെസ്‌കോയുടെ പൈതൃകപട്ടികയിലുള്‍പ്പെട്ടതാണ് ഹംഗറിയിലെ ഏറ്റവും പഴക്കംചെന്ന ഈ ലൈബ്രറി. ബെനഡിക്ടൈന്‍ സഭയുടെ ഉടമസ്ഥതയിലുള്ള ഈ പുസ്തകശാല മധ്യയൂറോപ്പിലെത്തന്നെ അതിപുരാതന പഠനകേന്ദ്രമാണ്.
നൂറ്റാണ്ടുകള്‍ക്കിടയിലുണ്ടായ യുദ്ധങ്ങളെയും ഓട്ടോമന്‍ തുര്‍ക്കികളുടെ അധിനിവേശത്തെയുമെല്ലാം അതിജീവിച്ചതാണീ പുസ്തകപ്പുര.
13-ാം നൂറ്റാണ്ടില്‍ രചിച്ച സമ്പൂര്‍ണബൈബിള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്. 15-ാം നൂറ്റാണ്ടില്‍ അച്ചടി കണ്ടെത്തുന്നതിനുമുന്‍പുള്ള പതിനായിരക്കണക്കിന് കൈയെഴുത്തുപ്രതികളുമുണ്ട്.
തുരത്താന്‍ ലൈബ്രറിയുടെമഹായത്‌നം
ഉണങ്ങിയ ധാന്യങ്ങള്‍, ധാന്യമാവ്, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയിലൊക്കെയാണ് ഡ്രഗ്‌സ്റ്റോര്‍ ബീറ്റിലുകളെ സാധാരണ കാണാറ്. എന്നാല്‍ കൈകൊണ്ട് ബൈന്‍ഡുചെയ്ത പുസ്തകങ്ങളിലെ ജെലാറ്റിന്റെയും അന്നജത്തിന്റെയും അംശമുള്ള പദാര്‍ഥങ്ങളാവും ഇവയെ ആകര്‍ഷിക്കുന്നതെന്നു കരുതുന്നു. കാലാവസ്ഥാവ്യതിയാനമാകാം ഇതിനുകാരണമെന്നാണ് പുസ്തകം വീണ്ടെടുക്കല്‍ യജ്ഞത്തിന് നേതൃത്വം നല്‍കുന്ന സോഫിയ എഡിത് ഹയ്ഡുവിന്‌ഡെറ നിഗമനം. ഹംഗറിയിലെ ശരാശരി താപനില അതിവേഗം കൂടുകയാണ്. ഇത്തരം ഷഡ്പദങ്ങള്‍ക്ക് അനുകൂലമാണ് ചൂടുകാലാവസ്ഥ എന്നതാണ് കാരണം.
Content Highlights: Hungarian Library books destroyed by drugstore Beetles