എഴുത്തുകാരന്റെയല്ല, കഥാപാത്രങ്ങളുടെ ജന്മദിനാഘോഷം

#അഖിൽ കൃഷ്ണൻ
ഫ്രോഡോ ബാഗിൻസ് എന്ന കഥാപാത്രമായി ഏലിയാ വുഡ്
ഫ്രോഡോ ബാഗിൻസ് എന്ന കഥാപാത്രമായി ഏലിയാ വുഡ്

എഴുത്തുകാരുടെ ജന്മദിനങ്ങൾ, പ്രസിദ്ധമായ കൃതികൾ പുറത്തിറങ്ങിയതിന്റെ വാർഷികങ്ങൾ ഒക്കെ ആഘോഷിക്കുന്നത് സാധാരണമാണ്. എന്നാൽ സെപ്റ്റംബർ 22 ന് അസാധാരണമായ ഒരു ജന്മദിനാഘോഷമുണ്ട്. അത് രണ്ട് കഥാപാത്രങ്ങളുടേതാണ്.ജെ. ആർ. ആർ. ടോകീന്റെ The Hobbit, The Lord of the Rings എന്നീ കൃതികളിലൂടെ ലോകം പരിചയപ്പെട്ട ബിൽബോ ബാഗിൻസിന്റെയും ഫ്രോഡോ ബാഗിൻസിന്റെയും ജന്മദിനമാണ് ഈ ദിവസം. ബിൽബോയും ഫ്രോഡോയും ഹോബിറ്റ്‌സുകളായതിനാൽ ഇന്നത്തെ ദിവസം ഹോബിറ്റ്സ് ഡേ ആയി വായനക്കാർ ആഘോഷിക്കുന്നു. ജെ ആർ ആർ ടോക്കീന്റെ സങ്കൽപ്പത്തിൽ പിറവിയെടുത്ത ചെറിയ ശരീരപ്രകൃതിയുള്ള ശാന്തരായ മനുഷ്യസമാനരായ ജീവികളാണ് ഹോബിറ്റുകൾ. ഇവരുടെ ജീവിത രീതിയും ഭക്ഷണക്രമങ്ങളും എല്ലാം വ്യത്യസ്തമാണ്.

1937-ൽ പുറത്തിറങ്ങിയ The Hobbit ആണ് ഈ ലോകത്തേക്കുള്ള ടോകീന്റെ ആദ്യ വലിയ ക്ഷണം. “ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു സാഹസം കടന്നുവന്നാൽ എന്ത് സംഭവിക്കും?” എന്ന ചോദ്യത്തിന് ബിൽബോയുടെ കഥയിലൂടെ ടോകീൻ നൽകിയ മറുപടിയാണ് ഈ പുസ്തകം.

പിന്നീട് The Lord of the Rings എത്തിയപ്പോൾ ആ ലോകം കൂടുതൽ വലുതായി. ഫ്രോഡോയുടെ യാത്രയും ‘വൺ റിംഗ്’ നശിപ്പിക്കാനുള്ള ദൗത്യവും ലോകസാഹിത്യത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന സാഹസിക കഥകളിലൊന്നായി.

ഹോബിറ്റ് ഡേയുടെ ഏറ്റവും രസകരമായ കാര്യം മറ്റൊന്നാണ്. ഇത് വെറുമൊരു കഥാപാത്രത്തിന്റെ ജന്മദിനാഘോഷമല്ല; വായനയുടെ ആഘോഷം കൂടിയാണ്. ടോകീൻ ആരാധകർ ഈ ദിവസം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വീണ്ടും വായിക്കുകയും സിനിമകൾ കാണുകയും ക്വിസുകളും കോസ്റ്റ്യൂം പാർട്ടികളും സംഘടിപ്പിക്കുകയും ഹോബിറ്റ് പ്രമേയത്തിലുള്ള ഭക്ഷണങ്ങളൊരുക്കുകയും ചെയ്യാറുണ്ട്.

അമേരിക്കൻ ടോകീൻ സൊസൈറ്റിയുടെ ആഹ്വാനങ്ങളിലൂടെ 1970-കളുടെ അവസാനം ഹോബിറ്റ് ഡേയും ടോകീൻ വീക്കും വ്യാപകമായി പ്രചാരം നേടി. സെപ്റ്റംബർ 22-ന് ഹോബിറ്റ് ഡേയും, സെപ്റ്റംബർ 22-ന് തുടങ്ങുന്ന ആഴ്ചയെ ടോകീൻ വീക്കുമായി ബന്ധിപ്പിച്ചുമാണ് ആരാധകർ ആഘോഷിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലുമുള്ള ടോക്കീൻ ആരാധകരെപ്പോലും കൂട്ടായ്മകൾ ഉണ്ടായിട്ടില്ലെങ്കിലും ഇന്ത്യയിലെ ടോക്കീൻ ആരാധകരും ഓൺലൈനായി ഹോബിറ്റ് ഡേ ആഘോഷിച്ചിട്ടുണ്ട്. മറ്റൊരു കൗതുകം പുസ്തകത്തിനായി ടോക്കീൻ തയ്യാറാക്കിയ ഷയർ റെക്കണിങ് എന്ന കലണ്ടറും നമ്മൾ ഉപയോഗിക്കുന്ന കലണ്ടറും തമ്മിൽ തീയതികളിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നുള്ളതാണ്.അതിനാൽ ബിൽബോയുടെയും ഫ്രോഡോയുടെയും കൃത്യം ജന്മദിനം ഇന്നാണെന്ന് ഉറപ്പിക്കുക വയ്യ.