ഗൃഹലക്ഷ്മി കഥാപുരസ്‌കാര സമർപ്പണവും ഗൃഹലക്ഷ്മി കഥകളുടെ പ്രകാശനവും

കോഴിക്കോട്: 2025-ലെ ഗൃഹലക്ഷ്മി കഥാപുരസ്‌കാര സമർപ്പണം ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ജേതാക്കൾക്ക് പുരസ്‌കാരം സമ്മാനിക്കും.
മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ അനുഗ്രഹ ഭാഷണം നടത്തും. മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് വിജയികൾക്ക് പ്രശസ്തിപത്രം കൈമാറും. എം.ടി. വാസുദേവൻ നായർ പത്രാധിപരായിരുന്ന കാലത്താണ് ഗൃഹലക്ഷ്മി സ്ത്രീകൾക്കായി കഥാമത്സരത്തിന് തുടക്കമിട്ടത്. 2025-ൽ പുനരാരംഭിച്ച മത്സരത്തിൽ ആർദ്ര കെ.എസ്സാണ് ഒന്നാം സ്ഥാനത്തിന് അർഹയായത്.
നൂറ, ഐശ്വര്യ ജലജ പ്രദീപ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 50000, 25000, 10000 രൂപ വീതമാണ് വിജയികൾക്കുള്ള പുരസ്‌കാരത്തുക. കഥാമത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 കഥകൾ ഉൾക്കൊള്ളിച്ച 'ഗൃഹലക്ഷ്മി കഥകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരി ആർ. രാജശ്രീ നിർവഹിക്കും.
കഥാകൃത്ത് സിതാര എസ്., നിരൂപകൻ ഇ.പി. രാജഗോപാലൻ എന്നിവർ ആശംസകൾ അർപ്പിക്കും. മുഖ്യധാരാ എഴുത്തുകാരുൾപ്പെടെ എണ്ണൂറിലധികംപേർ പങ്കെടുത്ത മത്സരത്തിൽ ആർ. രാജശ്രീ, സിതാര എസ്., ഇ.പി. രാജഗോപാലൻ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
Content Highlights: Grihalakshmi Story Award 2025 ceremony scheduled at KP Kesava Menon Hall, Kozhikode., Aardra KS secured first place, followed by Noora and Aishwarya Jalaja Pradeep., Launch of the anthology 'Grihalakshmi Kathakal' featuring 20 selected stories., The jury panel included R. Rajasree, Sithara S., and E.P. Rajagopalan.