മലയാളഭാഷയ്ക്ക് കാവലാളായി 'ഗ്രന്ഥപ്പുര'; ഡിജിറ്റൈസ് ചെയ്തത് പത്തുലക്ഷം പുസ്തക താളുകൾ

മലയാള ഭാഷയുടെ അമൂല്യമായ പുരാരേഖകളും സാഹിത്യ പൈതൃകവും ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുന്ന 'ഗ്രന്ഥപ്പുര' (gpura.org) ചരിത്രനേട്ടത്തിൽ. വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കിയ പുസ്തകങ്ങളുടെയും രേഖകളുടെയും ആകെ താളുകളുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു. മദ്രാസ് യൂണിവേഴ്‌സിറ്റി ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായി ലഭിച്ച, കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചിച്ച 'തുഞ്ചത്തെഴുത്തച്ഛൻ' എന്ന അപൂർവ്വ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പുറത്തുവിട്ടതോടെയാണ് ഈ സുപ്രധാന നാഴികക്കല്ല് ഗ്രന്ഥപ്പുര മറികടന്നത്.
ഷിജു അലക്‌സിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ ഉദ്യമം, കൈലാഷ് നാഥ്, ജിസോ ജോസ് എന്നിവരുടെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് വൻ മുന്നേറ്റം നടത്തിയത്. എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകുമായിരുന്ന നൂറുകണക്കിന് അച്ചടിപ്പുസ്തകങ്ങൾ, പഴയകാല മാസികകൾ, അപൂർവ കൈയെഴുത്തുപ്രതികൾ, ചിത്രങ്ങൾ, ചരിത്രരേഖകൾ എന്നിവയാണ് ഗ്രന്ഥപ്പുരയിലൂടെ വായനക്കാർക്കും ഗവേഷകർക്കും വിരൽത്തുമ്പിൽ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്.
കേരളത്തിന്റെ സാംസ്‌കാരിക സ്മൃതികളെ വരുംതലമുറയ്ക്കായി ഒരു രൂപ പോലും ഈടാക്കാതെ കരുതിവെക്കുന്ന ഗ്രന്ഥപ്പുരയുടെ ഈ കൂട്ടായ പരിശ്രമം, ഡിജിറ്റൽ ഹ്യുമാനിറ്റീസ് രംഗത്ത് കേരളത്തിൽ നിന്നുള്ള മികച്ച മാതൃകയായി മാറിക്കഴിഞ്ഞു. വിവരസാങ്കേതികവിദ്യയെ ഭാഷാ സംരക്ഷണത്തിനായി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പത്തുലക്ഷം താളുകൾ പിന്നിട്ട ഈ സേവനയാത്ര.
നിലവിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, ബാംഗ്ലൂർ, ചെന്നൈ എന്നീ ആറു കേന്ദ്രങ്ങളിലായി പതിനഞ്ചോളം മുഴുവൻ സമയ പ്രവർത്തകരാണ് ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സി-ഡിറ്റ് (C-DIT), കേരള ഫാബ്ലാബ്, സമാഗത ഫൗണ്ടേഷൻ എന്നിവ ഗ്രന്ഥപ്പുര പദ്ധതിയുമായി സഹകരിക്കുന്നു.
Content Highlights: Granthapura has successfully digitized over 1 million pages of Malayalam literature and historical documents., The project provides free public access to rare manuscripts, magazines, and printed books., Led by Shiju Alex, the initiative operates across six major centers including Trivandrum and Chennai., Collaborates with C-DIT and other organizations to preserve Kerala's cultural heritage for future generations.