കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് ജീവിതാനുഭവങ്ങളില്‍നിന്ന് ലഭിക്കുന്ന തിരിച്ചറിവുകള്‍ -ഗണേഷ്‌കുമാര്‍

മണ്ണാര്‍ക്കാട്: ജീവിതാനുഭവങ്ങളിലൂടെ ലഭിക്കുന്ന തിരിച്ചറിവുകളെക്കുറിച്ചാണ് കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഗതാഗതവകുപ്പില്‍നിന്ന് നല്‍കിയ ഉപയോഗശൂന്യമായ ബസിനെ നവീകരിച്ച് വായനമുറിയാക്കിയ ഭീമനാട് ഗവ. യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പല സ്‌കൂളുകളിലുമുള്ള പത്താംക്ലാസ് വിദ്യാര്‍ഥികളില്‍പ്പോലും മലയാളം ശരിയായി എഴുതാനറിയാത്തവരുണ്ടെന്നത് സത്യമാണ്. വായനശീലം വര്‍ധിപ്പിക്കണം. സത്യത്തിന്റെയും സ്നേഹത്തിന്റെയും കഥകളും ചരിത്രവും അധ്യാപകര്‍ പറഞ്ഞുകൊടുക്കണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ അധികൃതരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. തുടര്‍ന്ന്, ബസിനകത്ത് കയറിയ മന്ത്രി സീറ്റിലിരുന്ന് ആകര്‍ഷകമായ ലൈബ്രറി വീക്ഷിച്ചു. പ്രധാനാധ്യാപകന്‍ മുഹമ്മദലി ചാലിയാന്‍ ലൈബ്രറിയുടെ വിവരങ്ങള്‍ വിശദീകരിച്ചു. കുട്ടികളോട് തമാശകള്‍ പറഞ്ഞും വിശേഷങ്ങള്‍ പങ്കിട്ടും അവരോടൊപ്പം നിന്ന് ഫോട്ടോയെടുത്തും ഗണേഷ് കുമാര്‍ ഏറെസമയം ചെലവഴിച്ചു.
എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. കെ.ടി.ഡി.സി. ചെയര്‍മാന്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍.എസ്.എസ്., യു.എസ്.എസ്. ജേതാക്കളായ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് അബൂബക്കര്‍ നാലകത്ത്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ്. പയ്യനെടം, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ജില്ലാ പഞ്ചായത്തംഗം മെഹര്‍ബാന്‍, പഞ്ചായത്തംഗം റഫീന മുത്തനില്‍, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് അജ്്‌സല്‍ എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ ലൈബ്രറിക്കായി ബസ് അനുവദിക്കണമെന്ന ആവശ്യവുമായി ആദ്യം കത്തെഴുതിയ പൂര്‍വവിദ്യാര്‍ഥിയും 'മാതൃഭൂമി സീഡ്' റിപ്പോര്‍ട്ടറുമായിരുന്ന അംന വലീദിനെയും മന്ത്രി അഭിനന്ദിച്ചു.
Content Highlights: K.B. Ganesh kumar at Beemanad school